സൂറിച്ച്: ഫുട്‌ബോള്‍ ലോകകപ്പ് രണ്ട് വർഷത്തിലൊരിക്കൽ നടത്തുന്നതിലൂടെ ഫിഫയ്‌ക്ക് 4.4 ബില്യൺ ഡോളർ അധിക വരുമാനം സൃഷ്ടിക്കുമെന്ന് പ്രസിഡന്‍റ് ജിയാനി ഇൻഫാന്‍റിനോ. തിങ്കളാഴ്ച വീഡിയോ കോൺഫറൻസിലൂടെ ചേര്‍ന്ന ഫിഫ കൗൺസിൽ യോഗത്തിലാണ് ഇൻഫാന്‍റിനോ ഇക്കാര്യം പറഞ്ഞത്.
വിഷയത്തിൽ നടന്നുകൊണ്ടിരിക്കുന്ന കൺസൾട്ടേഷൻ പ്രക്രിയയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം പദ്ധതിയുടെ ഭാവി ചർച്ച ചെയ്യുന്നതിനായി ആഗോള ഉച്ചകോടി നടത്താനും ഫിഫ കൗൺസിൽ യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.
അതേസമയം തുടക്കത്തില്‍ തന്നെ വിവാദമായ പദ്ധതിക്ക് യൂറോപ്പിൽ നിന്നും തെക്കേ അമേരിക്കയിൽ നിന്നും എതിർപ്പുണ്ട്. യുവേഫയോടൊപ്പം യൂറോപ്യൻ ക്ലബ്ബുകളും ലീഗുകളും ദ്വിവത്സര ലോകകപ്പിനെ ഒറ്റക്കെട്ടായാണ് എതിര്‍ക്കുന്നത്.
also read: ISL 2021 : നോർത്ത് ഈസ്റ്റിനെതിരെ മോഹൻ ബഗാന് തകർപ്പൻ ജയം
തെക്കേ അമേരിക്കയിൽ, നിര്‍ദേശത്തെ എതിര്‍ത്ത കോൺമെബോള്‍ യുവേഫയുമായി അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്തു. ഇതിന്‍റെ ഭാഗമായി 2024ന് ശേഷം തെക്കേ അമേരിക്കയിലെ 10 രാജ്യങ്ങൾ യുവേഫ നേഷൻസ് ലീഗിൽ ചേരുമെന്ന് വിവരങ്ങള്‍ കഴിഞ്ഞ ആഴ്‌ച പുറത്ത് വന്നിരുന്നു.