ബംഗളൂരു: ബ്രസീലിയന്‍ മുന്നേറ്റ താരം ക്ലിറ്റണ്‍ സില്‍വയെ സ്വന്തമാക്കി മുന്‍ ഐഎസ്എല്‍ ചാമ്പ്യന്‍മാരായ ബംഗളൂരു എഫ്‌സി. നിലവില്‍ ഒരു വര്‍ഷത്തേക്കാണ് കരാര്‍. ഇത് പിന്നീട് രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടിയേക്കും. ബ്രസീലിയന്‍ ക്ലബ് മദുരെയ്‌റക്ക് വേണ്ടിയാണ് സില്‍വ പന്ത് തട്ടി തുടങ്ങിയത്. പിന്നീട് തായ്‌ലാന്‍ഡിലേക്ക് നീങ്ങിയ സില്‍വയ ഒരു പതിറ്റാണ്ടോളം അവിടെ വിവിധ ക്ലബുകള്‍ക്ക് വേണ്ടി കളിച്ചു. ചാമ്പ്യനാവുകയെന്ന ലക്ഷ്യത്തോടെയാണ് ബംഗളൂരു എഫ്‌സിക്ക് ഒപ്പം ചേരുന്നതെന്ന് 33 വയസുള്ള സില്‍വ പറഞ്ഞു. എപ്പോഴും കിരീടം ലക്ഷ്യമിട്ട് മുന്നോട്ട് പോകുന്ന ബംഗളൂരു എഫ്‌സിയെയും ആരാധകരെയും സന്തോഷിപ്പിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിയെന്നും അദ്ദേഹം പറഞ്ഞു. ഈ സീസണില്‍ ബംഗളൂരു എഫ്‌സിയുമായി കരാറില്‍ ഏര്‍പ്പെടുന്ന ആദ്യ വിദേശ താരമാണ് സില്‍വ. അതേസമയം എത്രരൂപക്കാണ് കരാറെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ക്ലബ് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.
കഴിഞ്ഞ രണ്ട് സീസണുകളിലായി തായ് ഫുട്‌ബോള്‍ ലീഗിലെ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനാണ് ക്ലിറ്റണ്‍ സില്‍വ. ലീഗില്‍ 100 ഗോള്‍ തികക്കുന്ന ആദ്യതാരമെന്ന റെക്കോഡും സില്‍വ ഇതിനകം സ്വന്തമാക്കിയിരുന്നു.