മാന്‍ഡ്രിഡ്: ലയണൽ മെസിയെ മറ്റൊരു ടീമിന്‍റെ ജഴ്സിയിൽ കാണുന്നത് വേദനിപ്പിക്കുന്ന കാര്യമാണെന്ന് ബാഴ്‌സലോണയുടെ മുൻ മിഡ്‌ഫീല്‍ഡറും മെസിയുടെ സഹതാരവുമായിരുന്ന ആന്ദ്രേ ഇനിയെസ്റ്റ. ഫ്രഞ്ച് ക്ലബ് പിഎസ്‌ജിയുമായി മെസി കരാറിലെത്തിയതിന് പിന്നാലെയാണ് ബാര്‍സയുടെ മുന്‍ ക്യാപ്റ്റന്‍ കൂടിയായിരുന്ന ഇനിയെസ്റ്റയുടെ പ്രതികരണം.
“ലിയോ വളരെ വർഷങ്ങളായി ബാർസയെ പ്രതിനിധീകരിക്കുന്നു. ക്ലബിനകത്ത് എന്താണ് സംഭവിച്ചതെന്നും എത്തരത്തിലാണ് കാര്യങ്ങള്‍ ഇങ്ങനെയായതെന്നും എനിക്കറിയില്ല. എന്നാല്‍ ക്ലബിന് ഈ ട്രാൻസ്‌ഫറിൽ നിന്നും തിരികെ വരേണ്ടതുണ്ട്.
അവനെ മറ്റൊരു ടീമിന്‍റെ ജഴ്സിയിൽ കാണുന്നത് എന്നെ വേദനിപ്പിക്കും. ബാര്‍സയെ ഉത്തേജിപ്പിച്ചു കൊണ്ടിരുന്നത് മെസിയായിരുന്നു. അവനായിരുന്നു ക്ലബിന്‍റെ എല്ലാം. അവനാണ് ബാഴ്സയെ വിശിഷ്ടമാക്കിയത്. അവനെപ്പോലെ ഒരു താരത്തെ ഞാൻ ഇതുവരെ കണ്ടിട്ടില്ല, ഇനി കാണുകയുമില്ല.” ഇനിയെസ്റ്റ പറഞ്ഞു.
also read: പാരീസ് നിറയെ മിശിഹ, ഇനി പിഎസ്‌ജിയുടെ സ്വന്തം മെസി
അതേസമയം ബാഴ്‌സലോണ വിട്ടതില്‍ ദുഃഖമുണ്ടെന്നും പാരീസ് സെന്‍റ് ജെർമെയ്നിൽ (പിഎസ്‌ജി) ചേരുന്നതിൽ സന്തോഷമുണ്ടെന്നും സൂപ്പര്‍ താരം ലയണല്‍ മെസി ഇന്ന് പ്രതികരിച്ചിരുന്നു. താരത്തെ ക്ലബ് പാർക് ഡി പ്രിൻസസിൽ അവതരിച്ചതിനു പിന്നാലെ നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് മെസി ഇക്കാര്യം പറഞ്ഞത്.