അഖബ(ജോര്‍ദാന്‍): എഎഫ്‌സി ക്ലബ് വനിത ചാമ്പ്യന്‍ഷിപ്പില്‍ ഗോകുലം കേരളക്ക് ജയത്തോടെ മടക്കം. മൂന്നാമത്തേയും അവസാനത്തേയും മത്സരത്തില്‍ ഉസ്‌ബെകിസ്ഥാന്‍ ക്ലബായ ബുണ്യോദ്‌കറിനെയാണ് ഗോകുലം തകര്‍ത്തത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ടീമിന്‍റെ വിജയം.
ടൂര്‍ണമെന്‍റില്‍ നിന്നും നേരത്തെ തന്നെ പുറത്തായ ഇരു സംഘവും അഭിമാനപ്പോരാട്ടത്തിനായാണ് കളത്തിലിറങ്ങിയിരുന്നത്. മത്സരത്തിന്‍റെ 33ാം മിനിട്ടില്‍ തന്നെ ഗാനിയൻ സ്ട്രൈക്കര്‍ എല്‍ഷാദായിയിലൂടെ ലീഡെടുക്കാന്‍ മലബാറിയന്‍സിന് കഴിഞ്ഞിരുന്നു. തുടര്‍ന്ന് 62ാം മിനിട്ടില്‍ മനീഷ കല്യാണ്‍ ലീഡ് വര്‍ധിപ്പിച്ചു.
ഇതിനിടെ ഉമിദ സോയ്റോവയിലൂടെ ഉസ്‌ബെകിസ്ഥാന്‍ സംഘം ഒരു ഗോള്‍ തിരിച്ചടിച്ചു. തുടര്‍ന്ന് 68ാം മിനിട്ടില്‍ പകരക്കാരിയായെത്തിയ കരേന്‍ സ്റ്റഫാനിയാണ് ഗോകുലത്തിന്‍റെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.
also read: ഖത്തര്‍ ലോകകപ്പ്: ടിക്കറ്റുറപ്പിച്ച് ഫ്രാൻസും ബെൽജിയവും; നെതർലൻഡ്‌സിന് കാത്തിരിക്കണം
ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഗോകുലം തോല്‍വി വഴങ്ങിയിരുന്നു. അമ്മാൻ എസ്‌സി, ഷഹർദാരി സിർജന്‍ ക്ലബുകളോടാണ് സംഘം തോറ്റത്. അതേസമയം ഏഷ്യന്‍ തലത്തില്‍ ഒരു ഇന്ത്യന്‍ വനിത ക്ലബിന്‍റെ ആദ്യ വിജയമാണിത്.