ബുലവായോ: അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ രണ്ട് രാജ്യങ്ങള്‍ക്ക് വേണ്ടി സെഞ്ച്വറി നേടുന്ന രണ്ടാമത്തെ മാത്രം താരമായി ഗാരി ബാലന്‍സ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ സിംബാബ്‌വെക്കായുള്ള ടെസ്റ്റ് അരങ്ങേറ്റം തന്നെ സെഞ്ച്വറി നേടിയാണ് ഇംഗ്ലണ്ടിന്‍റെ മുന്‍ താരമായ ഗാരി റെക്കോഡിട്ടത്.
ക്വീൻസ് സ്‌പോർട്‌സ് ക്ലബ്ബിൽ സിംബാബ്‌വെയ്‌ക്കായി അഞ്ചാം നമ്പറില്‍ ഒന്നാം ഇന്നിങ്‌സില്‍ കളിക്കാനിറങ്ങിയ 33കാരന്‍ പുറത്താവാതെ 137 റണ്‍സാണ് നേടിയത്. സിംബാബ്‌വെയിലെ ഹരാരെയില്‍ ജനിച്ച ഗാരി നേരത്തെ ഇംഗ്ലണ്ടിനായി നാല് സെഞ്ച്വറികളാണ് അടിച്ചിട്ടുള്ളത്.
ഇംഗ്ലണ്ടിനായി മൂന്ന് ഫോർമാറ്റുകളിലുമായി 2014 നും 2017 നും ഇടയിൽ 42 മത്സരങ്ങളിലാണ് ഇടങ്കയ്യന്‍ ബാറ്റര്‍ കളിച്ചത്. ഏറ്റവും വേഗത്തിൽ 1000 ടെസ്റ്റ് റൺസ് തികച്ച മൂന്നാമത്തെ ഇംഗ്ലണ്ട് പുരുഷ താരമെന്ന റെക്കോഡുണ്ടെങ്കിലും മോശം ഫോം താരത്തിന് പുറത്തേക്കുള്ള വഴി തുറക്കുകയായിരുന്നു. തുടര്‍ന്നാണ് താരം സ്വന്തം രാജ്യത്തിനായി കളിക്കാനിറങ്ങിയത്
ഓസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും വേണ്ടി സെഞ്ച്വറി നേടിയ കെപ്ലർ വെസൽസാണ് ഈ നേട്ടം സ്വന്തമാക്കിയ ആദ്യ ക്രിക്കറ്റര്‍. ദക്ഷിണാഫ്രിക്കയിൽ ജനിച്ച കെപ്ലർ വെസൽസ് ഓസ്‌ട്രേലിയയ്‌ക്കായി നാല് സെഞ്ച്വറികൾ നേടിയതിന് ശേഷം പ്രോട്ടീസിനായി രണ്ട് സെഞ്ച്വറികളും സ്വന്തമാക്കിയിരുന്നു.
ALSO READ: 'ഇതൊക്കെ കുറേ കേട്ടതാണ്,... പാകിസ്ഥാന്‍റെ ഒരു ഭീഷണിയും വിലപ്പോകില്ല': ആര്‍ അശ്വിന്‍