ദുബൈ: ടി20 ലോക കപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ പേസര്‍ ജസ്പ്രിത് ബുംറയെ ഉപയോഗിക്കുന്നതില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് വീഴ്‌ച്ച പറ്റിയതായി മുന്‍ താരം സഹീര്‍ ഖാന്‍. മത്സരത്തിന്‍റെ ആദ്യ ഓവര്‍ ബുംറയ്‌ക്ക് നല്‍കിയിരുന്നെങ്കില്‍ പാക് താരങ്ങള്‍ക്ക് വേഗത്തില്‍ നിലയുറപ്പിക്കാനാവുമായിരുന്നില്ലെന്നാണ് സഹീര്‍ ഒരു സ്‌പോര്‍ട് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
“ മത്സരത്തിന് മുമ്പ് നിങ്ങളുടേതായ വിവിധ പദ്ധതികളുണ്ടായിരിക്കാം. പക്ഷെ മത്സരത്തിലായിരിക്കുമ്പോള്‍ സാഹചര്യത്തിന് അനുസരിച്ച് പോകേണ്ടതുണ്ട്. പല പദ്ധതികളും മാറ്റേണ്ടതായി വന്നേക്കാം. ബുംറയെ മറ്റൊരു രീതിയില്‍ ഉപയോഗിക്കാമായിരുന്നു.
മത്സരം തീരുമ്പോള്‍ ടീമിലെ ഏറ്റവും മികച്ച ബോളറായ ബുംറയ്ക്ക് ഓവറുകള്‍ ബാക്കിയുണ്ടായിരുന്നു. തുറപ്പു ചീട്ടായ ബുംറയ്‌ക്ക് ആദ്യ ഓവര്‍ നല്‍കിയിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊരു തരത്തിലായേനെ. ഇതെല്ലാം ചിന്തിക്കേണ്ട ഒന്നാണ്. ഇതെല്ലാം കഴിഞ്ഞ കാര്യങ്ങളാണ്. രണ്ട് ഓപ്പണര്‍മാര്‍ ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകുമെന്ന് ആരാണ് കരുതിയത് ” സഹീര്‍ പറഞ്ഞു.
പാക്കിസ്ഥാന് ജയിക്കാന്‍ 17 റണ്‍സ് മാത്രം ബാക്കിയുള്ളപ്പോള്‍ 18-ാം ഓവര്‍ ബുംറയ്ക്ക് നല്‍കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ അവസാന നിമിഷമാണ് കോലി ഷമിക്ക് പന്ത് നല്‍കിയത്. ഷമിയുടെ ആദ്യ നാല് പന്തില്‍ തന്നെ പാക് ടീം ലക്ഷ്യം മറികടന്നു.
തന്‍റെ ക്വാട്ട പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്ന ബുംറ മൂന്ന് ഓവറില്‍ 22 റണ്‍സാണ് വഴങ്ങിയത്. അതേസമയം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലുയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ജയം പിടിക്കുകയായിരുന്നു.