കൊളംബോ: ക്രുനാൽ പാണ്ഡ്യക്ക് പിന്നാലെ ഇന്ത്യൻ താരങ്ങളായ യുസ്‌വേന്ദ്ര ചാഹലിനും, കൃഷ്ണപ്പ ഗൗതമിനും കൊവിഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്‌ച നടത്തിയ ആദ്യത്തെ പരിശോധനയിൽ ഇവർ നെഗറ്റീവായിരുന്നെങ്കിലും ഇന്ന് നടത്തിയ പരിശോധനയിലാണ് ഇരുവർക്കും രോഗം സ്ഥിരീകരിച്ചത്.
ഇരുവരും ക്രുനാലിനോട് സമ്പർക്കം പുലർത്തിയ എട്ട് താരങ്ങളിൽ ഉൾപ്പെട്ടിരുന്നു. ഇവർ ശ്രീലങ്കൻ സർക്കാരിന്‍റെ കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് പത്ത് ദിവസം ക്വാറന്‍റൈനിൽ കഴിയും. തുടർന്ന് കൊവിഡ് നെഗറ്റീവായ ശേഷം ഇന്ത്യയിലേക്ക് തിരിക്കും.
ക്രുനാൽ പാണ്ഡ്യക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് യുസ്‌വേന്ദ്ര ചാഹൽ, കൃഷ്ണപ്പ ഗൗതം, ഹാർദിക് പാണ്ഡ്യ, പൃഥ്വി ഷാ, സൂര്യകുമാർ യാദവ്, മനീഷ് പാണ്ഡെ, ദീപക് ചഹാർ, ഇഷാൻ കിഷൻ തുടങ്ങിയ താരങ്ങൾ ഐസൊലേഷനിലായിരുന്നു. ഇവർക്ക് ശ്രീലങ്കക്കെതിരായ അവസാന രണ്ട് ടി20 മത്സരങ്ങൾ കളിക്കാൻ സാധിച്ചിരുന്നില്ല.
ALSO READ: വമ്പൻ അട്ടിമറി; ഒളിമ്പിക്‌സ് ടെന്നീസിൽ നൊവാക് ദ്യോകോവിച്ച് പുറത്ത്
അതേസമയം കൊവിഡ് നെഗറ്റീവായ ഇന്ത്യൻ താരങ്ങൾ നാട്ടിലേക്ക് യാത്ര തിരിച്ചു. ടെസ്റ്റ് പരമ്പരക്കായി ഇംഗ്ലണ്ടിലേക്ക് പോകാനുള്ള സൂര്യകുമാർ യാദവും, പൃഥ്വി ഷായും ഐസൊലേഷൻ കഴിഞ്ഞ് ശ്രീലങ്കയിൽ നിന്ന് നേരിട്ട് ഇംഗ്ലണ്ടിലേക്ക് പോകും.
മൂന്ന് മത്സരം വീതമുള്ള ഏകദിന, ടി20 പരമ്പരക്കായാണ് ഇന്ത്യ ശ്രീലങ്കയിലേക്കെത്തിയത്. ഏകദിന പരമ്പര 2-1 ഇന്ത്യ സ്വന്തമാക്കിയെങ്കിലും ടി20 പരമ്പര ഇന്ത്യൻ ടീമിൽ കൊവിഡ് പിടിമുറുക്കിയതിനാൽ 2-1 ശ്രീലങ്ക സ്വന്തമാക്കുകയായിരുന്നു.