ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ബാറ്റിങ് തകര്‍ച്ചയെ നേരിടുകയാണ് ഇന്ത്യ. രണ്ടാം ദിനത്തില്‍ കളി അവസാനിച്ചപ്പോള്‍ 151-5 എന്ന നിലയിലാണ് രോഹിതും സംഘവും. 29 റണ്‍സുമായി അജിങ്ക്യ രഹാനെയും അഞ്ച് റണ്‍സുമായി കെഎസ് ഭരതുമാണ് ക്രീസില്‍.
ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറിന് ഇപ്പോഴും 318 റണ്‍സ് പിന്നിലാണ് ഇന്ത്യ. ഓസ്‌ട്രേലിയയെ 469 റണ്‍സില്‍ ഓള്‍ ഔട്ട് ആക്കിയ ഇന്ത്യ രണ്ടാം ദിനത്തില്‍ തരക്കേടില്ലാതെ ആയിരുന്നു ഇന്നിങ്‌സ് തുടങ്ങിയത്. ഓപ്പണര്‍മാരായ ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലും ചേര്‍ന്ന് ആദ്യ മൂന്നോവറില്‍ തന്നെ 22 റണ്‍സ് നേടി.
പിന്നീടായിരുന്നു സ്‌കോറിങ് വേഗത കുറഞ്ഞത്. ആറാം ഓവറില്‍ പാറ്റ് കമ്മിന്‍സാണ് ഓസീസിന് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചത്. 26 പന്തില്‍ 15 റണ്‍സടിച്ച രോഹിതിന്‍റെ വിക്കറ്റാണ് ആദ്യം ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടത്.
തൊട്ടടുത്ത ഓവറില്‍ ശുഭ്‌മാന്‍ ഗില്ലും വീണു. 15 പന്ത് നേരിട്ട ഗില്‍ 13 റണ്‍സായിരുന്നു നേടിയത്. സ്‌കോട്ട് ബോളണ്ടാണ് ഗില്ലിനെ വീഴ്‌ത്തിയത്.
ഇതോടെ 30-2 എന്ന നിലയിലേക്ക് ഇന്ത്യ വീണു. പിന്നാലെ ക്രീസിലൊന്നിച്ച പുജാര-വിരാട് സഖ്യത്തിലായിരുന്നു ഇന്ത്യയുടെ പ്രതീക്ഷ. എന്നാല്‍ അധികനേരം ഇവര്‍ക്കും ക്രീസില്‍ പിടിച്ചുനില്‍ക്കാനായില്ല.
13-ാം ഓവറില്‍ പുജാരയെ (14) ഗ്രീനും 19-ാം ഓവറില്‍ വിരാട് കോലിയെ (14) മിച്ചല്‍ സ്റ്റാര്‍ക്കും തിരികെ പവലിയനിലെത്തിച്ചു. ഇതോടെ 71-4 എന്ന നിലയിലേക്ക് ഇന്ത്യ വീണു. അജിങ്ക്യ രഹാനെയും, രവീന്ദ്ര ജഡേജയും ചേര്‍ന്നാണ് പിന്നീട് ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്.
ഇതിനിടെ, ഒരു പുറത്താകലില്‍ നിന്നും രഹാനെ രക്ഷപ്പെട്ടിരുന്നു. മത്സരത്തിന്‍റെ 22-ാം ഓവറിലായിരുന്നു ഈ സംഭവം. ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സാണ് ഈ ഓവര്‍ എറിഞ്ഞത്.
പന്തെറിയാനെത്തിയ പാറ്റ് കമ്മിന്‍സിന് അജിങ്ക്യ രഹാനെയെ വിക്കറ്റിന് മുന്നില്‍ കുടുക്കാന്‍ സാധിച്ചു. രഹാനെയുടെ പാഡില്‍ പന്ത് ഇടിച്ചതോടെ ഓസീസ് താരങ്ങള്‍ ഒന്നടങ്കം വിക്കറ്റിനായി അപ്പീല്‍ ചെയ്‌തു.
പിന്നാലെ, അമ്പയര്‍ ഓസീസിന് അനുകൂലമായി വിധിയെഴുതി. ഇതിന് പിന്നാലെ തന്നെ രഹാനെ അമ്പയറുടെ തീരുമാനം പുനഃപരിശോധിക്കാന്‍ പ്ലെയര്‍ റിവ്യു നല്‍കി. ഈ സമയം 17 റണ്‍സായിരുന്നു അജിങ്ക്യ രഹാനെയുടെ അക്കൗണ്ടിലുണ്ടായിരുന്നത്.
ആദ്യം, പന്ത് ബാറ്റില്‍ തട്ടിയിട്ടുണ്ടോ എന്നായിരുന്നു തേര്‍ഡ് അമ്പയര്‍ പരിശോധിച്ചത്. പിന്നാലെ കാണിച്ച റീപ്ലേകളില്‍ പന്തെറിയുന്നതിനിടെ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സിന്‍റെ കാല്‍ ക്രീസിന് പുറത്തേക്ക് പോയതായി വ്യക്തമായി. ഇതോടെ ആ പന്ത് നോ ബോള്‍ ആണെന്ന് തേര്‍ഡ് അമ്പയര്‍ ഫീല്‍ഡ് അമ്പയറെ അറിയിക്കുകയും പിന്നാലെ രഹാനെയുടെ വിക്കറ്റ് പിന്‍വലിക്കുകയും ചെയ്‌തിരുന്നു.
ഇതിന് ശേഷം ബോള്‍ ട്രാക്കിങ് പരിശോധന നടത്തിയപ്പോള്‍ പന്ത് കൃത്യമായി വിക്കറ്റിലേക്കെത്തുമെന്നും റീപ്ലേകളില്‍ വ്യക്തമായിരുന്നു. നോ ബോള്‍ അല്ലായിരുന്നെങ്കില്‍ രഹാനെയേയും ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെടേണ്ട സാഹചര്യമായിരുന്നു ഇത്. ഈ പുറത്താകലില്‍ നിന്നും രക്ഷപ്പെട്ട രഹാനെ പിന്നീട് 11 റണ്‍സ് കൂടിയാണ് കൂട്ടിച്ചേര്‍ത്തത്.