ന്യൂഡല്‍ഹി: ബംഗാളിന്‍റെ വെറ്ററന്‍ വിക്കറ്റ് കീപ്പർ ബാറ്റർ വൃദ്ധിമാൻ സാഹ അടുത്ത സീസണുകളിൽ ത്രിപുരയ്ക്ക് വേണ്ടി കളിച്ചേക്കുമെന്ന് സൂചന. ബംഗാൾ ക്രിക്കറ്റ് അസോസിയേഷനുമായുള്ള തര്‍ക്കങ്ങളെ തുടർന്നാണ് സാഹ ടീം മാറാനൊരുങ്ങുന്നത്. ത്രിപുരയുടെ പ്ലെയർ-കം-മെന്‍റർ റോളാണ് സാഹയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ട്.
"ത്രിപുരയുടെ പ്ലെയർ-കം-മെന്‍റർ എന്ന റോൾ അദ്ദേഹം ആഗ്രഹിക്കുന്നു. ത്രിപുരയിലെ ചില അപെക്‌സ് കൗൺസിൽ അംഗങ്ങളുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നുവെങ്കിലും ഇതുവരെ ഒന്നും അന്തിമമായിട്ടില്ല. ബംഗാൾ ക്രിക്കറ്റ് ബോർഡും ബിസിസിഐയും സാഹയ്ക്ക് നോ ഒബ്‌ജക്ഷൻ സർട്ടിഫിക്കറ്റ് നൽകേണ്ടതുണ്ട്." ഒരു ഉദ്യോഗസ്ഥൻ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു.
ശ്രീലങ്കയ്‌ക്കായുള്ള ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ ബംഗാളിനായുള്ള മത്സരങ്ങളില്‍ നിന്നും 37കാരനായ സാഹ പിന്മാറിയിരുന്നു. തുടര്‍ന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറി ദേബബ്രത ദാസ് നടത്തിയ പരാമര്‍ശമാണ് സാഹയെ അലോസരപ്പെടുത്തിയത്.
താരത്തിന്‍റെ പ്രതിബദ്ധതയെ ചോദ്യം ചെയ്‌തായിരുന്നു ദേബബ്രത ദാസ് മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന് പിന്നാലെ ദേബബ്രത ദാസ് മാപ്പ് പറയണമെന്നാവശ്യപ്പെട്ട താരം ബംഗാളിനായി ഇനി കളിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു.
also read: ഈ യുവതാരം സെലക്‌ടര്‍മാര്‍ക്ക് നല്‍കുന്നത് വലിയ സമ്മര്‍ദം : ഗ്രെയിം സ്‌മിത്ത്
ഐപിഎല്ലിന് പിന്നാലെ ജാർഖണ്ഡിനെതിരായ ബംഗാളിന്‍റെ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ മത്സര ടീമിലും താരത്തെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് താരം സമ്മതം അറിയിച്ചിരുന്നില്ല. 2007ൽ ബംഗാളിനായി അരങ്ങേറ്റം കുറിച്ച സാഹ 122 ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്.