സിൽഹെറ്റ്: വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ vs പാകിസ്ഥാന്‍ പോരാട്ടം. സിൽഹെറ്റ് ഔട്ടര്‍ സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് ഒരു മണിക്കാണ് കളി ആരംഭിക്കുന്നത്. ടൂര്‍ണമെന്‍റില്‍ തങ്ങളുടെ നാലാം മത്സരത്തിനാണ് ഇരു സംഘവും ഇറങ്ങുന്നത്.
ടൂര്‍ണമെന്‍റില്‍ തോല്‍വി അറിയാതെയാണ് ഹര്‍മന്‍പ്രീത് കൗറിന്‍റെ നേതൃത്വത്തിലുള്ള ഇന്ത്യയുടെ കുതിപ്പ്. കളിച്ച മൂന്ന് മത്സരങ്ങളും ജയിച്ച സംഘം പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഈ ആത്മവിശ്വാസം ഇന്ത്യയ്‌ക്ക് മുതല്‍ക്കൂട്ടാണ്.
മറുവശത്ത് അവസാന മത്സരത്തില്‍ തോല്‍വി വഴങ്ങിയാണ് ബിസ്‌മ മറൂഫ് നയിക്കുന്ന പാകിസ്ഥാനെത്തുന്നത്. തങ്ങളുടെ മൂന്നാം മത്സരത്തില്‍ തായ്‌ലന്‍ഡ് വനിതകളോടാണ് പാക് പട കീഴടങ്ങിയത്. അന്താരാഷ്‌ട്ര ടി20യിലെ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് വ്യക്തമായ ആധിപത്യമുണ്ട്.
നേരത്തെ 12 തവണയാണ് ഇരു സംഘവും മുഖാമുഖമെത്തിയത്. ഇതില്‍ 10 തവണയും ഇന്ത്യ ജയിച്ചു. രണ്ട് മത്സരങ്ങള്‍ മാത്രമാണ് പാകിസ്ഥാനൊപ്പം നിന്നത്.
പരസ്‌പരം കളിച്ച അവസാന അഞ്ച് മത്സരങ്ങളിലും പാക് പട ഇന്ത്യയ്‌ക്ക് മുന്നില്‍ വീണിരുന്നു. കഴിഞ്ഞ കോമണ്‍വെല്‍ത്ത് ഗെയിംസിലാണ് ഏറ്റവും ഒടുവില്‍ ഇരുസംഘവും നേര്‍ക്കുനേരെത്തിയത്. അന്ന് എട്ട് വിക്കറ്റിനാണ് ഇന്ത്യ ചിരവൈരികളെ തകര്‍ത്തത്.
ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമുറപ്പാണ്. യുഎഇയ്‌ക്കെതിരായ മൂന്നാം മത്സരത്തില്‍ വിശ്രമം അനുവദിച്ച ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തിരിച്ചെത്തും. സ്‌മൃതി മന്ദാന, സബിനേനി മേഘ്‌ന, ജെമീമ റോഡ്രിഗസ്, റിച്ച ഘോഷ്, ദയാലൻ ഹേമലത, ദീപ്‌തി ശര്‍മ, രേണുക സിങ് തുടങ്ങിയവരുടെ പ്രകടനം ഇന്ത്യയ്‌ക്ക് നിര്‍ണായകമാവും. പാകിസ്ഥാനെയും തോല്‍പ്പിച്ചാല്‍ പോയിന്‍റ് ടേബിളില്‍ ഇന്ത്യയ്‌ക്ക് ഏറെ മുന്നിലെത്താം.
ഇന്ത്യ സാധ്യത ഇലവന്‍: ഷഫാലി വർമ, സ്‌മൃതി മന്ദാന, ജെമീമ റോഡ്രിഗസ്, ഹർമൻപ്രീത് കൗർ(സി), ദയാലൻ ഹേമലത, ദീപ്തി ശർമ, സ്‌നേഹ റാണ, റിച്ച ഘോഷ്(വിക്കറ്റ് കീപ്പര്‍), പൂജ വസ്ത്രകർ, രാധാ യാദവ്, രേണുക സിങ്.