സിൽഹെറ്റ്: വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്ക് തുടര്‍ച്ചയായ രണ്ടാം വിജയം. മലേഷ്യയ്‌ക്കെതിരെ മഴയും കളിക്കാനിറങ്ങിയപ്പോള്‍ 30 റൺസിനാണ് ഇന്ത്യ ജയം പിടിച്ചത്. മഴ നിയമത്തിലാണ് ഇന്ത്യയെ വിജയിയായി പ്രഖ്യാപിച്ചത്.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 182 റൺസിന്‍റെ വിജയ ലക്ഷ്യാണ് ഉയര്‍ത്തിയത്. മറുപടിക്കിറങ്ങിയ മലേഷ്യ 5.2 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 16 റണ്‍സ് എന്ന നിലയില്‍ പതറുമ്പോഴാണ് മഴയെത്തിയത്. മഴ നിയമ പ്രകാരം ലക്ഷ്യം 47 റണ്‍സായി നിശ്ചിച്ചപ്പോള്‍ മലേഷ്യ 30 റണ്‍സിന് പുറകിലാവുകയായിരുന്നു.
ക്യാപ്റ്റന്‍ വിനിഫ്രഡ് ദുരൈസിംഗം, വാന്‍ ജൂലിയ എന്നിവരുടെ വിക്കറ്റുകളാണ് മലേഷ്യക്ക് നഷ്ടമായത്. ആദ്യ ഓവറിന്‍റെ നാലാം പന്തില്‍ വിനിഫ്രഡിനെ ദീപ്‌തി ശര്‍മ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ജൂലിയയുടെ കുറ്റി തെറിപ്പാണ് രാജേശ്വരി ഗെയ്‌ക്‌വാദ് തിരിച്ചയച്ചത്.
വിനിഫ്രഡിന് അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിരുന്നില്ല. ആറ് പന്തില്‍ ഒരു റണ്‍സ് മാത്രമായിരുന്നു ജൂലിയയുടെ സമ്പാദ്യം. മാസ് എലിസ (14), എല്‍സ ഹണ്ടര്‍ (1) എന്നിവര്‍ ക്രീസില്‍ നില്‍ക്കുമ്പോഴായിരുന്നു മഴപ്പെയ്‌ത്ത്.
തിളങ്ങി സബിനേനി മേഘ്‌ന: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് 181 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറിയുമായി മികച്ച പ്രകടനം നടത്തിയ സബിനേനി മേഘ്‌നയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 53 പന്തില്‍ 69 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്.
ഇന്ത്യയ്‌ക്ക് മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ സബിനേനി മേഘ്‌നയും ഷഫാലി വര്‍മയും നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 116 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ഉയര്‍ത്തിയത്. 13ാം ഓവറിന്‍റെ അഞ്ചാം പന്തില്‍ മേഘ്‌നയെ പുറത്താക്കി മലേഷ്യന്‍ ക്യാപ്റ്റന്‍ വിനിഫ്രെഡ് ദുരൈസിങ്കമാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
11 ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു സബിനേനി മേഘ്‌നയുടെ ഇന്നിങ്‌സ്. തുടര്‍ന്നെത്തിയ റിച്ച ഘോഷുമൊത്ത് സ്‌കോര്‍ ഉയര്‍ത്തുന്നതിനെ ഷഫാലി പുറത്തായി. 19ാം ഓവറിലെ ആദ്യ പന്തില്‍ നൂർ ദാനിയ സ്യുഹാദ താരത്തെ ബൗള്‍ഡാക്കുകയായിരുന്നു. 39 പന്തില്‍ 46 റണ്‍സായിരുന്നു ഷഫാലിയുടെ സമ്പാദ്യം.
തുടര്‍ന്നെത്തിയ കെപി നവ്‌ഗിരെ (0), രാധ യാദവ് (8) എന്നിവര്‍ വേഗം തിരിച്ച് കയറി. 19 പന്തില്‍ 33 റണ്‍സുമായി റിച്ച ഘോഷും 4 പന്തില്‍ 12 റണ്‍സുമായി ദയാലന്‍ ഹേമലതയും പുറത്താവാതെ നിന്നു. മലേഷ്യയ്‌ക്കായി വിനിഫ്രെഡ് ദുരൈസിങ്കം മൂന്ന് ഓവറില്‍ 38 റണ്‍സ് വഴങ്ങിയും നൂർ ദാനിയ ഒരു ഓവറില്‍ ഒമ്പത് റണ്‍സ് വിട്ടുകൊടുത്തും രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി. സബിനേനി മേഘ്‌നയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
ആദ്യ മത്സരത്തില്‍ ശ്രീലങ്കന്‍ വനിതകളെ ഇന്ത്യ 41 റണ്‍സിന് തോല്‍പ്പിച്ചിരുന്നു. മറുവശത്ത് മലേഷ്യയുടെ രണ്ടാം തോല്‍വിയാണിത്. ആദ്യ കളിയില്‍ പാകിസ്ഥാനോടാണ് മലേഷ്യ കീഴടങ്ങിയത്.