സിൽഹെറ്റ് : വനിത ഏഷ്യ കപ്പ് ടി20 ക്രിക്കറ്റിന്‍റെ ഫൈനലില്‍ ഇന്ന് ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും. ഉച്ചയ്ക്ക് ഒരു മണിക്ക് സിൽഹെറ്റ് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ തവണ റണ്ണറപ്പായ ഇന്ത്യ ഏഴാം കിരീടം ലക്ഷ്യം വയ്‌ക്കുമ്പോള്‍ പ്രഥമ കിരീടമാണ് ശ്രീലങ്കയുടെ ഉന്നം.
നേരത്തെ നാല് തവണ ഫൈനല്‍ കളിച്ചുവെങ്കിലും ഇന്ത്യയോട് കീഴടങ്ങാനായിരുന്നു ശ്രീലങ്കയുടെ വിധി. ടൂര്‍ണമെന്‍റില്‍ 14 വര്‍ഷത്തിന് ശേഷമാണ് ലങ്ക ഫൈനലിനിറങ്ങുന്നത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി സെമിയിലെത്തിയ ഇന്ത്യ തായ്‌ലന്‍ഡിനെ 74 റണ്‍സിന് തോല്‍പ്പിച്ചാണ് ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്.
മറുവശത്ത് രണ്ടാം സെമിയില്‍ പാകിസ്ഥാനെ ഒരു റണ്‍സിന് കീഴടക്കിയാണ് ലങ്കന്‍ വനിതകളുടെ മുന്നേറ്റം. മുന്‍ മത്സരങ്ങളില്‍ ലങ്കയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് വ്യക്തമായ അധിപത്യമുണ്ട്. നേരത്തെ 21 തവണ പരസ്‌പരം ഏറ്റുമുട്ടിയപ്പോഴും 17 തവണയും ജയിച്ചത് ഇന്ത്യയാണ്. നാല് മത്സരങ്ങള്‍ മാത്രമാണ് ലങ്കയ്‌ക്കൊപ്പം നിന്നത്.
ഇത്തവണ ടൂര്‍ണമെന്‍റിന്‍റെ ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേരെത്തിയപ്പോഴും ലങ്ക ഇന്ത്യയോട് തോറ്റിരുന്നു. ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യയ്‌ക്ക് ഷഫാലി വർമ, സ്‌മൃതി മന്ദാന, ദീപ്‌തി ശർമ, ജെമീമ റോഡ്രിഗസ്, രാധ യാദവ്, രേണുക സിങ് തുടങ്ങിയവരുടെ പ്രകടനം നിര്‍ണായകമാവും.
ചമാരി അട്ടപ്പട്ടുവിന് കീഴിലാണ് ലങ്കന്‍ വനിതകള്‍ ഇറങ്ങുന്നത്. ഹർഷിത മാധവി, അനുഷ്‌ക സഞ്ജീവനി, നിലാക്ഷി ഡി സിൽവ, ഇനോക രണവീര, ഒഷാദി രണസിന്‍ഹേ എന്നിവരിലാണ് ലങ്കയുടെ പ്രതീക്ഷ. അതേസമയം പുരുഷന്മാരുടെ ഏഷ്യ കപ്പില്‍ ഇന്ത്യന്‍ ടീം തോറ്റ് മടങ്ങിയപ്പോള്‍ ശ്രീലങ്കയാണ് കിരീടം ഉയര്‍ത്തിയത്.
ഇന്ന് കിരീടം മാത്രം ലക്ഷ്യമിട്ട് ഹര്‍മന്‍പ്രീതും സംഘവുമിറങ്ങുമ്പോള്‍ പുരുഷ ടീമിന്‍റെ പാത പിന്തുടരാന്‍ ലങ്കന്‍ വനിതകള്‍ക്ക് കഴിയുമോയെന്ന് കാത്തിരുന്ന് കാണാം. കടലാസില്‍ ഇന്ത്യ കരുത്തരാണെങ്കിലും കളിക്കളത്തില്‍ ലങ്ക വെല്ലുവിളിയാവുമെന്നുറപ്പ്.