ഫ്ലോറിഡ : വെസ്റ്റ് ഇന്‍ഡീസിനെതിരായ നാലാം ടി20യില്‍ മിന്നും പ്രകടനമാണ് യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ നടത്തിയത്. 51 പന്തില്‍ 84 റണ്‍സടിച്ച് പുറത്താവാതെ നിന്ന താരം അരങ്ങേറ്റ മത്സരത്തില്‍ തിളങ്ങാന്‍ കഴിയാതിരുന്നതിന്‍റെ ക്ഷീണം തീര്‍ക്കുകയായിരുന്നു. 11 ബൗണ്ടറികളും മൂന്ന് സിക്‌സുകളും ജയ്‌സ്വാളിന്‍റെ ഇന്നിങ്‌സിന് അഴക് ചാര്‍ത്തി.
ഇന്ത്യ ഒമ്പത് വിക്കറ്റിന് വിജയിച്ച മത്സരത്തിലെ താരമായും യശസ്വി ജയ്‌സ്വാള്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇതിനൊപ്പം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ ഒരു വമ്പൻ റെക്കോർഡ് സ്വന്തം പേരില്‍ ചേര്‍ക്കാനും ഇരുപത്തിയൊന്നുകാരന് കഴിഞ്ഞിരുന്നു. ഒരു അന്താരാഷ്‌ട്ര ടി20 മത്സരത്തില്‍ 75-ലധികം റൺസ് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരമായാണ് ജയ്‌സ്വാൾ മാറിയത്.
വിന്‍ഡീസിനെതിരായ നാലാം ടി20യില്‍ കളിക്കാന്‍ ഇറങ്ങുമ്പോള്‍ 21 വയസും 227 ദിവസവുമായിരുന്നു ജയ്‌സ്വാളിന്‍റെ പ്രായം. ഇതോടെ 13 വര്‍ഷങ്ങള്‍ക്ക് മുമ്പ് രോഹിത് സ്ഥാപിച്ച റെക്കോഡാണ് പഴങ്കഥയായത്. 23 വയസും ഏഴ് ദിവസവും പ്രായമുള്ളപ്പോള്‍ പുറത്താവാതെ 79 റണ്‍സ് നേടിയതായിരുന്നു രോഹിത്തിന്‍റെ റെക്കോഡ്.
ശുഭ്‌മാന്‍ ഗില്‍ (23 വയസും 146 ദിവസവും പ്രായമുള്ളപ്പോള്‍ പുറത്താവാതെ 129 റണ്‍സ്), സുരേഷ് റെയ്‌ന (23 വയസും 156 ദിവസവും പ്രായമുള്ളപ്പോള്‍ 101 റണ്‍സ്), ഇഷാന്‍ കിഷന്‍ (23 വയസും 221 ദിവസവും പ്രായമുള്ളപ്പോള്‍ 89 റണ്‍സ്) എന്നിവരാണ് യഥാക്രമം തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍.
അതേസമയം മത്സരത്തില്‍ അദ്യ വിക്കറ്റില്‍ 165 റണ്‍സാണ് യശസ്വി ജയ്‌സ്വാള്‍-ശുഭ്‌മാന്‍ ഗില്‍ സഖ്യം ചേര്‍ത്തത്. ഇതോടെ ടി20യില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ട് എന്ന രോഹിത് ശര്‍മ- കെഎല്‍ രാഹുല്‍ സഖ്യത്തിന്‍റെ റെക്കോഡിന് ഒപ്പമെത്താനും ഇരുവര്‍ക്കും കഴിഞ്ഞു. 2017 ഡിസംബറില്‍ ശ്രീലങ്കയ്‌ക്ക് എതിരെ ഇന്‍ഡോറിലായിരുന്നു രോഹിത്തും രാഹുലും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 165 റണ്‍സ് അടിച്ചത്.
മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞതോടെ അഞ്ച് മത്സര പരമ്പരയില്‍ 2-2ന് വെസ്റ്റ് ഇന്‍ഡീസിന് ഒപ്പമെത്താന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ആദ്യ രണ്ട് ടി20കളും വിന്‍ഡീസ് പിടിച്ചപ്പോള്‍ തുടര്‍ന്ന് നടന്ന രണ്ട് മത്സരങ്ങളിലും തിരിച്ചടിച്ചാണ് ഇന്ത്യ ഒപ്പമെത്തിയത്. ഇതോടെ ഇന്ന് നടക്കുന്ന അഞ്ചാം ടി20യിലെ വിജയികള്‍ക്ക് പരമ്പര സ്വന്തമാക്കാം.
നാലാം ടി20യില്‍ ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തിലാണ് 178 റണ്‍സ് നേടിയത്. ഷിമ്രോണ്‍ ഹെറ്റ്‌മെയറും ( 39 പന്തുകളില്‍ 61 റണ്‍സ്) ഷായ് ഹോപ്പും (29 പന്തുകളില്‍ 45 റണ്‍സ്) മാത്രമാണ് ടീമിനായി തിളങ്ങിയത്. മറുപടിക്ക് ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 17-ാം ഓവറില്‍ കളി തീര്‍ത്തു. 47 പന്തുകളില്‍ 77 റണ്‍സ് നേടിയ ശുഭ്‌മാന്‍ ഗില്ലിന്‍റെ വിക്കറ്റാണ് ടീമിന് നഷ്‌ടമായത്. ജയ്‌സ്വാളിനൊപ്പം തിലക് വര്‍മ ( പന്തില്‍ 7) പുറത്താവാതെ നിന്നു.