ഫ്ലോറിഡ : വെസ്റ്റ് ഇന്‍ഡീസും ഇന്ത്യയും തമ്മിലുള്ള ടി20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം ഇന്ന് നടക്കും. ഫ്ലോറിഡയിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം. ഇന്ത്യന്‍ സമയം രാത്രി എട്ട് മണിക്കാണ് കളി തുടങ്ങുക.
കഴിഞ്ഞ നാല് മത്സരങ്ങളില്‍ രണ്ട് വീതം വിജയം നേടിയ വിന്‍ഡീസും ഇന്ത്യയും നിലവില്‍ 2-2ന് ഒപ്പത്തിനൊപ്പമാണ്. ഇതോടെ ഇന്ന് ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാമെന്നിരിക്കെ ഫ്ലോറിഡയിലെ ഇന്നത്തെ മത്സരം അക്ഷരാര്‍ഥത്തില്‍ ഫൈനലാണ്. ആദ്യ രണ്ട് മത്സരങ്ങളും വെസ്റ്റ് ഇന്‍ഡീസ് വിജയിച്ചപ്പോള്‍ തുടര്‍ന്നുള്ള രണ്ട് ടി20കളും പിടിച്ചാണ് ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയത്.
ഫ്ലോറിഡയിലെ ഇന്നത്തെ മത്സരം കൂടി വിജയിക്കാന്‍ കഴിഞ്ഞാല്‍ അഞ്ച് മത്സര പരമ്പരയില്‍ ആദ്യ രണ്ട് കളിയും തോറ്റതിന് ശേഷം പിന്നീട് പരമ്പര സ്വന്തമാക്കുന്ന ആദ്യ ടീമാവാന്‍ ഇന്ത്യയ്‌ക്ക് കഴിയും. മറുവശത്ത് വിന്‍ഡീസിനാവട്ടെ 2017-ന് ശേഷം ആദ്യമായി തുടര്‍ച്ചയായി രണ്ടാം ടി20 പരമ്പര വിജയമെന്ന നേട്ടം സ്വന്തമാക്കാം. ഇതിന് മുന്‍പ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിച്ച ടി20 പരമ്പര 2-1ന് വിന്‍ഡീസ് സ്വന്തമാക്കിയിരുന്നു.
ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട ബാറ്റിങ് നിര മികവിനൊത്ത് ഉയര്‍ന്നതാണ് ഇന്ത്യയെ പരമ്പരയിലേക്ക് തിരിച്ചെത്തിച്ചത്. അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ വിജയം നേടിയ ആത്മവിശ്വാസം ടീമിനുണ്ട്. ഫ്ലോറിഡയില്‍ തന്നെ നടന്ന നാലാം ടി20യില്‍ ഒമ്പത് വിക്കറ്റിന്‍റെ ആധികാരിക വിജയമായിരുന്നു ഇന്ത്യ നേടിയിരുന്നത്.
ഫോമിലേക്ക് മടങ്ങിയെത്തിയ ശുഭ്‌മാന്‍ ഗില്ലിന്‍റെയും വരവറിയിച്ച യശസ്വി ജയ്‌സ്വാളിന്‍റേയും പ്രകടനമായിരുന്നു ടീമിനെ അനായാസ വിജയത്തിലേക്ക് നയിച്ചത്. ഇന്ത്യയുടെ പ്ലെയിങ് ഇലവനില്‍ കാര്യമായ മാറ്റത്തിന് സാധ്യതയില്ല. ഇതോടെ ഇഷാന്‍ കിഷന്‍ പുറത്തിരിക്കുകയും മലയാളി താരം സഞ്‌ജു സാംസണ്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി തുടരുകയും ചെയ്‌തേക്കും.
ആദ്യ രണ്ട് ടി20കളിലും ബാറ്റിങ്ങിന് അവസരം ലഭിച്ച സഞ്‌ജു നിരാശപ്പെടുത്തിയിരുന്നു. ഇതോടെ ലഭിച്ച അവസരം മുതലാക്കാന്‍ കഴിയാത്ത താരമെന്ന കടുത്ത വിമര്‍ശനത്തിന് നടുവിലാണ് താരമുള്ളത്. മൂന്നും നാലും ടി20കളില്‍ അവസരം ലഭിക്കാതിരുന്ന സഞ്‌ജു ഇന്ന് പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നാല്‍ മാത്രമേ വിമര്‍ശകരുടെ വായടപ്പിക്കാന്‍ കഴിയൂ.
ALSO READ: 'ഇന്ത്യയുടെ പദ്ധതികളില്‍ ഇപ്പോഴുമുണ്ട്...'; സെഞ്ചുറി അടിച്ചതിന് പിന്നാലെ പ്രതീക്ഷ പങ്കുവച്ച് ചേതേശ്വര്‍ പുജാര
മത്സരം ലൈവായി കാണാന്‍ : വെസ്റ്റ് ഇന്‍ഡീസ് vs ഇന്ത്യ അഞ്ചാം ടി20, ടിവിയില്‍ ഡിഡി സ്‌പോര്‍ട്‌സ് ചാനലിലൂടെയാണ് ടെലിവിഷനില്‍ തത്സമയ സംപ്രേഷണം ചെയ്യുന്നത്. ഫാന്‍കോഡ് (FanCode), ജിയോ സിനിമ (JioCinema) എന്നിവയുടെ ആപ്ലിക്കേഷനുകളിലൂടെ വെബ്‌സൈറ്റിലൂടെയും മത്സരത്തിന്‍റെ തത്സമയ സ്‌ട്രീമിങ്ങുണ്ട്.
ഇന്ത്യന്‍ സ്‌ക്വാഡ് : ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റന്‍), തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, രവി ബിഷ്‌ണോയ്, ഉമ്രാന്‍ മാലിക്, യുസ്‌വേന്ദ്ര ചഹല്‍.
വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : ബ്രാന്‍ഡന്‍ കിങ്, ജോണ്‍സണ്‍ ചാള്‍സ്, റോവ്‌മാന്‍ പവല്‍ (ക്യാപ്‌റ്റന്‍), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കെയ്‌ല്‍ മെയേഴ്‌സ്, നിക്കോളസ് പുരാന്‍, ഷായ് ഹോപ്, ജേസണ്‍ ഹോള്‍ഡര്‍, ഒഡെയ്ന്‍ സ്‌മിത്ത്, റൊമാരിയോ ഷെഫേര്‍ഡ്, റോസ്റ്റേന്‍ ചേസ്, അകീല്‍ ഹൊസെന്‍, ഒബെഡ് മക്കോയ്, ഒഷെയ്‌ന്‍ തോമസ്, അല്‍സാരി ജോസഫ്.