മുംബൈ: സാമ്പ്രദായിക രീതികളില്‍ നിന്നും മാറി തന്‍റേതായ ശൈലിയില്‍ ഇന്ത്യയ്‌ക്കായി ബാറ്റുകൊണ്ട് ഇതിഹാസം രചിച്ച താരമാണ് വിരേന്ദർ സേവാഗ്. നേരിടുന്ന ആദ്യ പന്ത് തന്നെ ബൗണ്ടറിക്കപ്പുറത്തേക്ക് പറത്തി ബോളര്‍മാരുടെ ചങ്കില്‍ തീ കോരിയിടുന്ന സെവാഗിന്‍റെ ആക്രമണ ബാറ്റിങ് ആരാധകരെ ത്രസിപ്പിക്കുന്നതായിരുന്നു. ആത്മവിശ്വാസവും ചങ്കുറപ്പുമായിരുന്നു സെവാഗിന്‍റെ പ്രകടനത്തിന് പിന്നില്‍.
മറ്റേതൊരു ബാറ്ററില്‍ നിന്നും വ്യത്യസ്‌തമായി വ്യക്തിഗത റെക്കോഡുകള്‍ക്ക് വലിയ വില കല്‍പ്പിക്കാത്തതായിരുന്നു താരത്തിന്‍റ കരിയര്‍. സെഞ്ചുറിക്ക് അടുത്ത് നില്‍ക്കെ പോലും വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കുന്നതായിരുന്നു സെവാഗിന്‍റെ സ്വഭാവം. പലപ്പോഴും നേരെ വിപരീത ഫലത്തിലായിരുന്നു ഇതവസാനിച്ചിരുന്നത്.
തന്‍റെ ഈ ശൈലി മാറ്റാന്‍ ഒരിക്കല്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നോട് നിര്‍ദേശിച്ചപ്പോഴുള്ള രസകരമായ ഒരു സംഭാഷണം ഓര്‍ത്തെടുത്തിരിക്കുകയാണിപ്പോള്‍ താരം. നിര്‍ണായ നാഴികകല്ലുകള്‍ക്ക് അരികെ നില്‍ക്കെ വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിക്കരുതെന്ന് സച്ചിന്‍ ഒരിക്കല്‍ തന്നെ 'ഭീഷണി'പ്പെടുത്തിയെന്നാണ് വിരേന്ദർ സെവാഗ് പറയുന്നത്.
"ടെന്നിസ് ബോൾ ക്രിക്കറ്റ് കളിച്ച് വളര്‍ന്ന എന്‍റെ മനസില്‍ ബൗണ്ടറികളിലൂടെ കൂടുതൽ റൺസ് അടിച്ചെടുക്കണമെന്നാണ് ഉണ്ടായിരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലും ഇതേ ചിന്താഗതിയാണ് ഞാന്‍ പുലര്‍ത്തിയത്. ഒരു സെഞ്ചുറി സ്കോർ ചെയ്യാൻ എത്ര ബൗണ്ടറികൾ വേണമെന്ന് ഞാൻ കണക്കാക്കാറുണ്ടായിരുന്നു.
ഞാന്‍ 90 റണ്‍സില്‍ കളിക്കുമ്പോള്‍ സെഞ്ചുറിയിലേക്ക് എത്താന്‍ 10 പന്തുകള്‍ എടുത്താല്‍, എതിരാളികള്‍ക്ക് എന്നെ പുറത്താക്കാന്‍ 10 പന്തുകൾ ലഭിക്കും. അതുകൊണ്ടാണ് ഞാൻ ബൗണ്ടറികൾക്ക് പോകാറുണ്ടായിരുന്നത്. ഇങ്ങനെയാണെങ്കില്‍ ഞാന്‍ മൂന്നക്കം തൊടും മുമ്പ് എന്നെ തടയണമെങ്കില്‍ അവര്‍ക്ക് രണ്ട് പന്തുകള്‍ മാത്രമേ ലഭിക്കു. ഇതുവഴി അപകടസാധ്യത 100ൽ നിന്ന് 20 ശതമാനം ആയി കുറയുകയാണ്", സെവാഗ് പറഞ്ഞു.
സച്ചിനുമായുള്ള രസകരമായ സംഭാഷണം: "ഞങ്ങൾ ഓസ്‌ട്രേലിയയില്‍ കളിക്കുമ്പോഴുള്ള ആ സംഭവം എനിക്ക് ഓര്‍മയുണ്ട്. 195ലേക്ക് എത്താന്‍ സൈമൺ കാറ്റിച്ചിനെതിരെ ഞാന്‍ രണ്ട് സിക്‌സറുകൾ അടിച്ചിരുന്നു. 200-ൽ എത്താൻ മറ്റൊരു സിക്‌സിനായി ശ്രമിച്ചു. പക്ഷേ ഞാൻ പുറത്തായി.
നിർഭാഗ്യവശാൽ, ആ ടെസ്റ്റ് മത്സരം ഞങ്ങൾ തോല്‍ക്കുകയും ചെയ്‌തു. പിന്നീട് മുള്‍ട്ടാന്‍ ടെസ്റ്റിനിടെ പാകിസ്ഥാനെതിരെ 100 റൺസ് കടക്കുന്നതിനിടെ ഞാൻ 6-7 സിക്‌സറുകൾ അടിച്ചിരുന്നു. ഇതിന് ശേഷം എന്‍റെ അടുത്ത് എത്തിയ സച്ചിന്‍, 'ഇനിയൊരു സിക്‌സ് കൂടി അടിച്ചാല്‍ ഞാന്‍ നിന്നെ ബാറ്റുകൊണ്ട് അടിക്കുമെന്നാണ് പറഞ്ഞത്'..." സെവാഗ് ഓര്‍ത്തെടുത്തു.
സിക്‌സറിടിച്ച് ട്രിപ്പിള്‍ തികയ്‌ക്കും: "എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. നീ സിക്‌സിന് ശ്രമിച്ച് പുറത്തായതോടെയാണ് നമ്മള്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് തോറ്റത് എന്നായിരുന്നു മറുപടി ലഭിച്ചത്. 120 റണ്‍സില്‍ നിന്നും 295 റൺസ് വരെ ഒരു സിക്‌സ് പോലും അടിച്ചിരുന്നില്ലെന്നും, സിക്‌സ് അടിച്ചാവും ട്രിപ്പിൾ പൂർത്തിയാക്കുകയെന്നും ഞാന്‍ അദ്ദേഹത്തോട് പറയുകയും ചെയ്‌തു.
ഇതു കേട്ടപ്പോള്‍ 'നിനക്ക് ഭ്രാന്താണോ?, ഇന്ത്യക്ക് വേണ്ടി ഇതുവരെ ആരും ട്രിപ്പിൾ സെഞ്ചുറി അടിച്ചിട്ടില്ല' എന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ആരും 295 റൺസ് നേടിയിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന് ഞാന്‍ മറുപടി നല്‍കിയത്. ഒടുവില്‍ ക്രീസിന് പുറത്തിറങ്ങി സഖ്‌ലെയ്ൻ മുഷ്‌താഖിനെ ഒരു സിക്‌സറിന് പറത്തിയാണ് ഞാന്‍ 300-ൽ എത്തിച്ചേര്‍ന്നത്. അതിനുശേഷം എന്നെക്കാൾ സന്തോഷിച്ചത് സച്ചിൻ ടെണ്ടുൽക്കറാണ്", സെവാഗ് പറഞ്ഞു നിര്‍ത്തി.
ALSO READ: 'അയാളെ നേരിടുന്ന താരങ്ങളുടെ ഗതി ചിലപ്പോള്‍ ഇതു തന്നെ'; സൂര്യയെ പിന്തുണച്ച് ദിനേശ് കാര്‍ത്തിക്