ന്യൂഡൽഹി : ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി പരാജയപ്പെടുന്ന ഇന്ത്യന്‍ ക്യപ്റ്റന്‍ വിരാട് കോലിക്ക് ഉപദേശവുമായി സുനിൽ ഗവാസ്കർ.
ഇംഗ്ലണ്ടിനെതിരെ ഹെഡിങ്‌ലേയില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ചെറിയ സ്കോറിന് പുറത്തായതിന് പിന്നാലെയാണ് ഗവാസ്കറുടെ ഉപദേശം.
ടെസ്റ്റ് ക്രിക്കറ്റിൽ വലിയ സ്കോർ നേടുന്നതിനെ കുറിച്ച് കോലി സച്ചിന്‍ ടെണ്ടുല്‍ക്കറുമായി ചർച്ച നടത്തണമെന്നാണ് ഗവാസ്കർ ആവശ്യപ്പെട്ടിരിക്കുന്നത്.
‘കോലി എത്രയും പെട്ടെന്ന് സച്ചിനെ വിളിച്ച് എന്താണ് താന്‍ ചെയ്യേണ്ടതെന്ന് ചോദിക്കണം. സച്ചിൻ പണ്ട് സിഡ്‌നിയില്‍ ചെയ്‌തത് തന്നെയാണ് കോലിയും ചെയ്യേണ്ടത്. ഞാൻ ഇനി കവർ ഡ്രൈവ് കളിക്കില്ലെന്ന് കോലി സ്വയം പറയേണ്ടതുണ്ട്.
ഇത്തരത്തിൽ കോലി പുറത്താകുന്നത് എന്നെ സങ്കടപ്പെടുത്തുന്നുണ്ട്. കാരണം ഓഫ്സ്റ്റമ്പില്‍ നിന്നും അകലെയുള്ള പന്തുകളിലാണ് പല തവണയായി കോലി പുറത്താവുന്നത്.
2014ൽ ഓഫ്സ്റ്റമ്പിന് അടുത്തുകൂടി പോകുന്ന പന്തുകളിലാണ് കോലി പുറത്തായിരുന്നത്’ ഗാവസ്കര്‍ പറഞ്ഞു.
2014ല്‍ ഫോം നഷ്ടപ്പട്ടതിനെ തുടര്‍ന്ന് താന്‍ സച്ചിന്‍റെ ഉപദേശം തേടിയിരുന്നതായി കോലി വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് നടന്ന ഓസ്ട്രേലിയന്‍ പരമ്പരയില്‍ നാല് സെഞ്ച്വറികള്‍ നേടിയാണ് കോലി ശക്തമായി തിരിച്ചുവന്നത്.
അതേസമയം ഹെഡിങ്‌ലേയില്‍ ഏഴ് റണ്‍സിനാണ് കോലി തിരിച്ചുകയറിയത്. ഓഫ്സ്റ്റമ്പിന് പുറത്ത് പിച്ച്ചെയ്ത ജെയിംസ് ആൻഡേഴ്‌സണിന്‍റെ പന്തിൽ കവർ ഡ്രൈവിന് ശ്രമിച്ച താരം ജോസ് ബട്‌ലറുടെ കയ്യില്‍ അവസാനിക്കുകയായിരുന്നു.
ലോഡ്‌സിലെ രണ്ടാം ടെസ്റ്റിലും സമാന രീതിയിലാണ് കോലി വിക്കറ്റ് കളഞ്ഞത്.