ന്യൂഡൽഹി : ഇന്ത്യൻ മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയും വിരാട് കോലിയും തമ്മിലുള്ള ആത്‌മബന്ധം ക്രിക്കറ്റ് ലോകത്തിന് സുപരിചിതമാണ്. ധോണിയുമായുള്ള ബന്ധത്തെപ്പറ്റി കോലി തന്നെ പലതവണ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. ഇപ്പോൾ കരിയറിലെ ഏറ്റവും മോശം അവസ്ഥയിലൂടെ കടന്നുപോയപ്പോൾ ക്രിക്കറ്റ് മേഖലയിൽ നിന്ന് തന്നോടൊപ്പം നിന്ന ഏക വ്യക്‌തി ധോണിയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് വിരാട് കോലി.
'മോശം കാലത്ത് അനുഷ്‌ക ശർമയായിരുന്നു എന്‍റെ ശക്‌തിയുടെ ഏറ്റവും വലിയ സ്രോതസ്. കാരണം ആ സമയത്തെല്ലാം അവൾ എന്നോടൊപ്പമുണ്ടായിരുന്നു. ഞാൻ കടന്നുപോയ സാഹചര്യങ്ങളിൽ എന്നെ ഏറ്റവുമധികം അടുത്ത് കണ്ടതും അവളായിരുന്നു. അതേസമയം എന്‍റെ കുടുംബത്തേയും ബാല്യകാല പരിശീലകനെയും മാറ്റി നിർത്തിയാൽ അക്കാലയളവിൽ എന്നെ ആത്മാർഥമായി സമീപിച്ച ഒരേയൊരു വ്യക്‌തി എം എസ് ധോണിയാണ്.
സാധാരണ അദ്ദേഹവുമായി അപൂർവമായി മാത്രമേ ബന്ധപ്പെടാൻ സാധിക്കുകയുള്ളൂ. എന്നാൽ അത്തവണ അദ്ദേഹം എന്നെ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. സാധാരണ ഏതെങ്കിലും ഒരു ദിവസം ഞാൻ വിളിച്ചാൽ 99 ശതമാനവും അദ്ദേഹം ഫോണ്‍ എടുക്കാറില്ല. കാരണം അദ്ദേഹം ഫോണിൽ നോക്കാറില്ല. എന്നാൽ ആ അവസ്ഥയിൽ അദ്ദേഹം രണ്ട് തവണ എന്നെ ഫോണിലൂടെ ബന്ധപ്പെട്ടു.
ഒരിക്കൽ അദ്ദേഹം എനിക്കൊരു സന്ദേശം അയച്ചു. 'നിങ്ങൾ ശക്‌തനാവുകയും കരുത്തുറ്റ വ്യക്‌തിയായി മറ്റുള്ളവർ കാണുകയും ചെയ്യുമ്പോൾ സുഖവിവരങ്ങൾ തിരക്കാൻ ആളുകൾ മറക്കും' എന്നതായിരുന്നു സന്ദേശം. ധോണിയുടെ ആ വാക്കുകൾ എന്‍റെ മനസിനെ സ്‌പർശിച്ചു.
അത് എന്നെ കൂടുതൽ ശക്‌തനാക്കി. കാരണം എപ്പോഴും വളരെ ആത്മവിശ്വാസമുള്ള, മാനസികമായി വളരെ കരുത്തുള്ള ഏത് സാഹചര്യവും അതിജീവിച്ച് ഒരു വഴി കണ്ടെത്താനും ഞങ്ങൾക്ക് വഴി കാണിക്കാനും കഴിയുന്ന ഒരാളായാണ് ഞാൻ ധോണിയെ കാണുന്നത്. ഒരു മനുഷ്യനെന്ന നിലയിൽ ജീവിതത്തിലെ ഏത് സമയത്തും നിങ്ങൾ രണ്ട് ചുവടുകൾ പിന്നോട്ടുപോകേണ്ടതുണ്ട്.
ഇതിലൂടെ നിങ്ങൾ എന്താണ് ചെയ്യുന്നതെന്നും, നമ്മുടെ സന്തോഷം എങ്ങനെയാണെന്ന് മനസിലാക്കാനും സാധിക്കുന്നു. വളരെക്കാലമായി ഗെയിം കളിച്ച ശക്‌തരായ വ്യക്‌തികൾക്ക് മറ്റുള്ളവർക്ക് മനസിലാകുന്ന രീതിയിൽ കാര്യങ്ങൾ പറഞ്ഞ് മനസിലാക്കിത്തരാൻ കഴിയും. എന്താണ് സംഭവിക്കുന്നതെന്ന് ധോണിക്ക് കൃത്യമായി അറിയാം. അതിനാലാണ് ഈ പ്രത്യേക സംഭവം ഞാൻ സൂചിപ്പിച്ചത്' - കോലി കൂട്ടിച്ചേർത്തു.
വിശ്വസ്‌തനായ ഡെപ്യൂട്ടി : നേരത്തെ ടെസ്റ്റ് ക്യാപ്‌റ്റൻ സ്ഥാനം വിരമിച്ചതിന് പിന്നാലെ ഇന്ത്യൻ ടീമിൽ നിന്ന് ധോണി മാത്രമാണ് തന്നെ വിളിച്ചതെന്ന കോലിയുടെ തുറന്ന് പറച്ചിൽ ഏറെ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. ടെസ്റ്റ് ക്യാപ്‌റ്റൻസി ഒഴിഞ്ഞപ്പോള്‍ ഒരാളിൽ നിന്ന് മാത്രമാണ് സന്ദേശം ലഭിച്ചതെന്നും ആ വ്യക്‌തി എംഎസ് ധോണി ആയിരുന്നു എന്നുമായിരുന്നു കോലി അന്ന് വെളിപ്പെടുത്തിയത്.
എന്‍റെ നമ്പര്‍ പലരുടേയും കയ്യിലുണ്ടായിരുന്നു. ഏറെപ്പേര്‍ ടെലിവിഷന്‍ ചാനലുകളിലൂടെ നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അവരാരും എനിക്ക് ഒരു സന്ദേശം അയച്ചില്ല. നിങ്ങൾക്ക് ആരോടെങ്കിലും ആത്മാർഥമായ ബഹുമാനവും സ്‌നേഹവും ഉണ്ടെങ്കിൽ നിങ്ങൾക്ക് അത് കാണാൻ കഴിയും.
എനിക്ക് ധോണിയില്‍ നിന്നോ, ധോണിക്ക് എന്നില്‍ നിന്നോ ഒന്നും തന്നെ വേണ്ട. എനിക്ക് ആരോടെങ്കിലും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ വ്യക്തിപരമായി തന്നെ അവരെ സമീപിച്ച് ഞാനത് പറയും. അതാണ് മറ്റുള്ളവരില്‍ നിന്ന് പ്രതീക്ഷിക്കുന്നത് - കോലിയുടെ ഇത്തരം പരാമർശങ്ങളാണ് വിവാദങ്ങള്‍ക്ക് കാരണമായത്.
ഇതിന് മുൻപ് ധോണിയോടൊപ്പമുള്ള ഒരു ചിത്രം തന്‍റെ സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവച്ചുകൊണ്ട് അദ്ദേഹത്തിന്‍റെ വിശ്വസ്തനായ ഡെപ്യൂട്ടി ആയിരിക്കുക എന്നത് കരിയറിലെ ഏറ്റവും ആസ്വാദ്യകരവും ആവേശകരവുമായ കാലഘട്ടമായിരുന്നുവെന്ന് കോലി കുറിച്ചിരുന്നു.