ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരിന് മുന്‍പ് മനസുതുറന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ വിരാട് കോലി. മത്സരബുദ്ധി ഏറെയുള്ള ഒരു ടീമാണ് ഓസ്‌ട്രേലിയ. അത്രത്തോളം കരുത്തരായ അവര്‍ക്കെതിരെ കളിക്കുന്നതത് തന്‍റെ പ്രകടനം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്നും സ്റ്റാര്‍സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ വിരാട് കോലി പറഞ്ഞു.
ഓസ്‌ട്രേലിയക്കെതിരെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ കരിയറിലുടനീളം നടത്തിയിട്ടുള്ള ഒരു താരമാണ് വിരാട് കോലി. 24 മത്സരം അവര്‍ക്കെതിരെ കളിച്ചിട്ടുള്ള കോലി 48.27 ശരാശരിയില്‍ 1979 റണ്‍സാണ് നേടിയിട്ടുള്ളത്. എട്ട് സെഞ്ച്വറികളും സ്വന്തമാക്കാന്‍ വിരാട് കോലിക്കായിട്ടുണ്ട്.
'വളരെയേറെ മത്സരബുദ്ധിയുള്ള ടീമാണ് ഓസ്‌ട്രേലിയ. ചെറിയ ഒരു അവസരം കിട്ടിയാല്‍പ്പോലും അവര്‍ കടുത്തപോരാട്ടം കാഴ്‌ചവെക്കും. അവരുടെ സ്കില്‍ സെറ്റ് എപ്പോഴും ഉയര്‍ന്ന നിലയിലാണ്.
അതുകൊണ്ടാണ് അവര്‍ക്കെതിരെ കളിക്കുമ്പോള്‍ എന്‍റെ പ്രകടനവും അത്രത്തോളം മെച്ചപ്പെടുന്നത്. ഓസീസിനെതിരെ കളിക്കാന്‍ ഇറങ്ങുമ്പോള്‍ അവരെ തോല്‍പ്പിക്കാനുള്ള ലെവലിലേക്ക് എന്‍റെ ഗെയിമിനെയും ഞാന്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്.
ഓവലില്‍ ബാറ്റര്‍മാരെ സഹായിക്കുന്ന ഫ്ളാറ്റ് വിക്കറ്റുകള്‍ ലഭിക്കില്ല. അതുകൊണ്ട് തന്നെ നമ്മള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്. കൂടുതല്‍ ശ്രദ്ധയും ഏകാഗ്രതയും പാലിച്ചുവേണം സാഹചര്യത്തിന് അനുസരിച്ച് ബാറ്റ് ചെയ്യേണ്ടത്.
ഇംഗ്ലണ്ടിലെ പേസും സ്വിങ്ങും നിറഞ്ഞ സാഹചര്യങ്ങളില്‍ ഏറ്റവും കഠിനമായ കാര്യങ്ങളിലൊന്നാണ് കളിക്കാനുദ്ദേശിക്കുന്ന പന്ത് തെരഞ്ഞെടുക്കുക എന്നുള്ളത്. സ്ഥായിയായ ടെക്‌നിക്കുകള്‍ ഉപയോഗിച്ച് ബാറ്റ് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അതുപോലെ തന്നെയാണ് ബാലന്‍സ് നിലനിര്‍ത്തേണ്ടതും'- വിരാട് കോലി പറഞ്ഞു.
തുടര്‍ച്ചയായി രണ്ട് പ്രാവശ്യം അവരുടെ നാട്ടില്‍ പരമ്പര ജയങ്ങള്‍ നേടിയതോടെ ഓസ്‌ട്രേലിയയ്‌ക്ക് ഇന്ത്യയോടുള്ള ബഹുമാനം കൂടിയെന്നും വിരാട് കോലി അഭിപ്രായപ്പെട്ടു. 2018-19 ല്‍ നടന്ന പര്യടനത്തിലായിരുന്നു ഇന്ത്യ ആദ്യം ഓസീസിനെ അവരുടെ നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരിയില്‍ തറപറ്റിച്ചത്. അന്ന് വിരാട് കോലിക്ക് കീഴിലായിരുന്നു ഇന്ത്യ കളിക്കാന്‍ ഇറങ്ങിയത്.
പിന്നീട് 2020-21 ലുമായിരുന്നു ഇന്ത്യയുടെ രണ്ടാമത്തെ പരമ്പര ജയം. അന്ന് വിരാട് കോലി ഒരു മത്സരത്തില്‍ മാത്രമായിരുന്നു ഇന്ത്യയെ നയിച്ചത്. ശേഷിക്കുന്ന മത്സരങ്ങില്‍ അജിങ്ക്യ രഹാനെയ്‌ക്ക് കീഴിലായിരുന്നു ഇന്ത്യന്‍ സംഘം കളിച്ചത്.
'ആദ്യ കാലങ്ങളില്‍ ഇന്ത്യ- ഓസ്‌ട്രേലിയ ടീമുകള്‍ തമ്മിലുള്ള മത്സരങ്ങള്‍ ഏറെ ശത്രുത നിറഞ്ഞതായിരുന്നു. ഞങ്ങള്‍ തുടര്‍ച്ചയായ് രണ്ട് പരമ്പരകള്‍ അവരുടെ നാട്ടില്‍പ്പോയി ജയിച്ചതിന് പിന്നാലെ ആ ശത്രുത ബഹുമാനമായി മാറി. ഇപ്പോള്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ പോരടിക്കുന്ന മത്സരങ്ങളിലെല്ലാം ആ പരസ്‌പര ബഹുമാനം കാണാന്‍ സാധിക്കും'- വിരാട് കോലി കൂട്ടിച്ചേര്‍ത്തു.
നാളെയാണ് (07-06-23) ഇന്ത്യ-ഓസ്‌ട്രേലിയ ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കലാശപ്പോരാട്ടം ആരംഭിക്കുന്നത്. ഇംഗ്ലണ്ടിലെ ഓവല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്ന് മണിയ്‌ക്ക് കളി തുടങ്ങും. കഴിഞ്ഞ തവണ കൈവിട്ടുപോയ കിരീടം തിരികെ പിടിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം.