ബാംഗ്ലൂര്‍: രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടിയ രണ്ടാമത്തെ താരമാണ് ഇന്ത്യന്‍ മുന്‍ നായകന്‍ വിരാട് കോലി. 2008ല്‍ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ വിരാട് കോലി 15 വര്‍ഷം കൊണ്ട് 75 സെഞ്ച്വറികളാണ് അടിച്ചെടുത്തത്. ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം നടത്തിയ വര്‍ഷം തന്നെ കരിയറിലെ ആദ്യ സെഞ്ച്വറിയും കോലി നേടിയിരുന്നു.
തുടര്‍ന്നുള്ള ഓരോ വര്‍ഷങ്ങളിലും സെഞ്ച്വറിയടിച്ച് കളം നിറയാന്‍ വിരാട് കോലിക്കായി. എന്നാല്‍, 2020-2022 കാലഘട്ടത്തില്‍ ഒരു സെഞ്ച്വറിയും വിരാട് കോലിയുടെ ബാറ്റില്‍ നിന്നും പിറന്നില്ല. തന്‍റെ കരിയറിലെ ഏറ്റവും മോശമായ കാലഘട്ടമായിരുന്നു ഇത്.
2019 നവംബറില്‍ ബംഗ്ലാദേശിനെതിരെയാണ് അന്താരാഷ്‌ട്ര ക്രിക്കറ്റിലെ 70-ാം സെഞ്ച്വറി വിരാട് കോലി നേടിയത്. 71-ാം സെഞ്ച്വറിക്കായി മൂന്ന് വര്‍ഷത്തോളം ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ക്ക് കാത്തിരിക്കേണ്ടി വന്നു. 2022ല്‍ നടന്ന ഏഷ്യ കപ്പിലൂടെയായിരുന്നു വിരാട് തന്‍റെ കരിയറിലുണ്ടായ സെഞ്ച്വറി വരള്‍ച്ചയ്‌ക്ക് വിരാമമിട്ടത്.
അടുത്തിടെ, പങ്കെടുത്ത ഒരു അഭിമുഖത്തിലൂടെ മൂന്ന് വര്‍ഷത്തിന് ശേഷം താന്‍ സെഞ്ച്വറി നേടിയ നിമിഷം വിരാട് കോലി ഓര്‍ത്തെടുത്തു. 'ഞാന്‍ സെഞ്ച്വറിയിലേക്ക് എത്തിയ പന്തിന് മുന്‍പ് തന്നെ എനിക്കത് നേടാനാകുമെന്ന് വിശ്വാസമുണ്ടായിരുന്നു. ആ സമയം 94 റണ്‍സായിരുന്നു ഞാന്‍ നേടിയിരുന്നത്.
തൊട്ടടുത്ത പന്ത് സിക്‌സര്‍ പായിച്ച് സെഞ്ച്വറി നേടാന്‍ എനിക്കായി. ആ സമയത്ത് ഞാന്‍ കൂടുതല്‍ ചിരിച്ചിരുന്നു. രണ്ട് വര്‍ഷത്തോളമായി ഇതിനെ കുറിച്ചായിരുന്നോ ഞാന്‍ ചിന്തിച്ചിരുന്നത് എന്ന തോന്നലും അപ്പോഴുണ്ടായി' -വിരാട് പറഞ്ഞു.
Also Read : IPL 2023 | ടി20യില്‍ രോഹിത്തിന്‍റെയും കോലിയുടേയും കാലം കഴിഞ്ഞു : സാബ കരീം
ഇക്കാര്യം തന്‍റെ ഭാര്യ അനുഷ്‌ക ശര്‍മയോട് പറഞ്ഞപ്പോള്‍ കരഞ്ഞിരുന്നോ എന്ന ചോദ്യത്തിനും വിരാട് മറുപടി നല്‍കിയിരുന്നു. 'സെഞ്ച്വറി നേടിയ സമയത്ത് ഞാന്‍ കരഞ്ഞിരുന്നില്ല, എന്നാല്‍ ഇക്കാര്യം അനുഷ്‌കയോടെ സംസാരിച്ചപ്പോള്‍ കരഞ്ഞിരുന്നു' -എന്ന മറുപടിയാണ് വിരാട് കോലി ഈ ചോദ്യത്തിന് നല്‍കിയത്.
71-ാം സെഞ്ച്വറിയടിച്ച ഏഷ്യ കപ്പില്‍ വിരാട് കോലിയായിരുന്നു ഇന്ത്യന്‍ ടീമിന്‍റെ ടോപ് സ്‌കോറര്‍. 276 റണ്‍സായിരുന്നു അന്ന് വിരാട് നേടിയത്. പിന്നാലെ നടന്ന ടി20 ലോകകപ്പിലും ഇന്ത്യക്കായി മിന്നും പ്രകടനം പുറത്തെടുക്കാന്‍ താരത്തിനായി.
ടി20 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയത് വിരാട് കോലിയായിരുന്നു. ആറ് മത്സരങ്ങളില്‍ നിന്നും 296 റണ്‍സാണ് കോലി ലോകകപ്പില്‍ നേടിയത്. ഏഷ്യ കപ്പിലൂടെ സെഞ്ച്വറി വരള്‍ച്ച അവസാനിപ്പിച്ച കോലി അതേ വര്‍ഷം തന്നെ ഏകദിനത്തിലും സെഞ്ച്വറി നേടി. ഈ വര്‍ഷം ഏകദിനത്തില്‍ രണ്ട് സെഞ്ച്വറികളും ടെസ്റ്റില്‍ ഒരു സെഞ്ച്വറിയുമാണ് വിരാട് അടിച്ചെടുത്തത്.
Also Read : പാകിസ്ഥാനോട് തോല്‍ക്കുമെന്ന് ഭയം; ഏഷ്യ കപ്പിനായി ഇന്ത്യ പാക് മണ്ണിലേക്ക് വരാത്തതിന് കാരണമിതെന്ന് നജാം സേത്തി