ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ക്യാപ്‌റ്റൻസി വിവാദം കെട്ടടങ്ങുംമുന്നേ തന്നെ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തി വിരാട് കോലി. ഇന്ത്യൻ ടീമിന്‍റെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ഏകദിന പരമ്പരയിൽ നിന്ന് കോലി പിൻമാറിയതായാണ് റിപ്പോർട്ടുകൾ. ടെസ്റ്റ് പരമ്പരയിൽ പരിക്കുമുലം രോഹിത് ശർമ്മ കളിക്കില്ല എന്ന് ബിസിസിഐ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോലിയുടെ പിൻമാറ്റം.
മകളുടെ ആദ്യ പിറന്നാളിന് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിനായാണ് മത്സരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നാണ് താരം ബിസിസിഐയെ അറിയിച്ചിരിക്കുന്നത്. എന്നാൽ കോലിയുടെ പിൻമാറ്റം ക്യാപ്‌റ്റൻസി വിവാദങ്ങൾ മൂലമാണെന്നാണ് റിപ്പോർട്ടുകൾ. രോഹിത്തിനെ ഏകദിന ടീമിന്‍റെ നായകനാക്കിയതിൽ കോലി സംതൃപ്‌തനല്ല എന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
ALSO READ: ROHITH SHARMA: രോഹിത്തിന് പരിക്ക്; ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പുറത്ത്
അതേസമയം നെറ്റ്സിൽ പരിശീലനം നടത്തുന്നതിനിടെ വലത് തുടക്കേറ്റ പരിക്കാണ് രോഹിത് ശർമ്മക്ക് തിരിച്ചടിയായത്. പരമ്പരയിൽ രോഹിത്തിന് പകരക്കാരനായി പ്രിയങ്ക് പഞ്ചാലിനെ ബിസിസിഐ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ വൈസ് ക്യാപ്‌റ്റൻ സ്ഥാനത്തേക്ക് ആരെ പരിഗണിക്കും എന്ന് ബിസിസിഐ ഇതുവരെ വ്യക്‌തമാക്കിയിട്ടില്ല.