2012-ലെ കോമണ്‍വെല്‍ത്ത് ബാങ്ക് ട്രൈ സീരിസ്, ഓസ്‌ട്രേലിയ ആതിഥേയത്വം വഹിച്ച ത്രിരാഷ്‌ട്ര പരമ്പരയില്‍ ഇന്ത്യക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ്യ നാല് മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ ധോണിയും സംഘവും വിജയിച്ചു. ആതിഥേയരായ ഓസ്‌ട്രേലിയയോട് ഒരു മത്സരം തോറ്റപ്പോള്‍ ശ്രീലങ്കയോട് ഒരു കളി സമനില വഴങ്ങി.
പിന്നീട് തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ വഴങ്ങിയതോടെ പരമ്പരയില്‍ ഇന്ത്യയുടെ ഭാവിയും തുലാസിലായി. തിരിച്ചടികള്‍ക്കൊടുവില്‍ ത്രിരാഷ്‌ട്ര പരമ്പരയുടെ ഫൈനലിലേക്ക് എത്താന്‍ ഇന്ത്യക്ക് രണ്ട് കടമ്പകള്‍ കടക്കണം. അതില്‍ ആദ്യത്തേത്, ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ലങ്കയ്‌ക്കെതിരെ ബോണസ് പോയിന്‍റ് നേടി ജയം സ്വന്തമാക്കുക. രണ്ട്, അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയ്‌ക്കെതിരെ ജയം നേടുന്നത് കാണാന്‍ കാത്തിരിക്കുക.
28 ഫെബ്രുവരി 2012, ത്രിരാഷ്‌ട്ര പരമ്പരയില്‍ ഇന്ത്യയുടെ ഭാവി നിര്‍ണയിക്കപ്പെടുന്ന ദിവസം വന്നെത്തി. ഫൈനലില്‍ എത്താന്‍ ലങ്കയ്‌ക്കെതിരെ ബോണസ് പോയിന്‍റ് നേടി വിജയിക്കുക എന്നത് മാത്രമാണ് ഇന്ത്യയുടെ ലക്ഷ്യം. അതിനായി ചെയ്യേണ്ടത് ലങ്ക ഉയര്‍ത്തുന്ന ഏത് സ്കോറും 40 ഓവറിനുള്ളില്‍ തന്നെ മറികടക്കണം.
ഇത് മനസില്‍ വച്ചുകൊണ്ട് തന്നെ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി ശ്രീലങ്കയെ ആദ്യം ബാറ്റിങ്ങിനയച്ചു. പ്രതീക്ഷിച്ച പോലെ തന്നെയൊരു തുടക്കം മത്സരത്തില്‍ ഇന്ത്യയ്‌ക്ക് ലഭിച്ചു. 12-ാം ഓവറില്‍ മഹേല ജയവര്‍ധനെ മടങ്ങിയപ്പോള്‍ ലങ്കയെ ചെറിയ സ്കോറില്‍ എറിഞ്ഞൊതുക്കാന്‍ ഇന്ത്യയ്‌ക്ക് സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്.
എന്നാല്‍, പിന്നീട് ക്രീസിലൊന്നിച്ച തിലകരത്നെ ദില്‍ഷനും കുമാര്‍ സംഗക്കാരയും ഇന്ത്യന്‍ ബോളര്‍മാരെ വെള്ളം കുടിപ്പിച്ചു. 87 പന്തില്‍ 105 റണ്‍സെടിച്ച് സംഗക്കാര മടങ്ങി. ദില്‍ഷന്‍ 160 റണ്‍സുമായി പുറത്താകാതെ നിന്നതോടെ ശ്രീലങ്ക 50 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 320 റണ്‍സിലെത്തി.
40 ഓവറില്‍ വിജയലക്ഷ്യം 321 റണ്‍സ്...! നേരിടാനുള്ളത് ലസിത് മലിംഗ, നുവാന്‍ കുലശേഖര ഉള്‍പ്പടെയുള്ള ലോകോത്തര ബോളര്‍മാരെയും. ഇന്ത്യന്‍ ആരാധകരുടെ നെഞ്ചിടിപ്പ് ഉയര്‍ന്നുകൊണ്ടേയിരുന്നു.
നയം വ്യക്തമാക്കി തന്നെയാണ് ഇന്ത്യ തുടങ്ങിയത്. ഓപ്പണറായി ക്രീസിലെത്തിയ വിരേന്ദര്‍ സെവാഗ് തകര്‍ത്ത് അടിച്ചു. എന്നാല്‍ 16 പന്തില്‍ 30 റണ്‍സ് മാത്രമായിരുന്നു സെവാഗിന്‍റെ ആയുസ്. സച്ചിന്‍ ടെണ്ടുല്‍ക്കറും, ഗൗതം ഗംഭീറും താളം തെറ്റാതെ റണ്‍സ് ഉയര്‍ത്തി. 39 റണ്‍സുമായി സച്ചിന്‍ പത്താം ഓവറില്‍ മടങ്ങി. ഇതോടെ ഇന്ത്യ 9.2 ഓവറില്‍ 86-2 എന്ന നിലയിലായി. അവസാന 30 ഓവറിനുള്ളില്‍ 234 റണ്‍സ് നേടിയാല്‍ മാത്രം ഇന്ത്യക്ക് ഫൈനല്‍ യോഗ്യത.
ഇന്ത്യന്‍ ആരാധകരും വിചാരിച്ചിട്ടുണ്ടാകും ഈ 30 ഓവറുകളില്‍ കാര്യമത്ര എളുപ്പം ആയിരിക്കില്ലെന്ന്. എന്നാല്‍, നാലാം നമ്പറില്‍ ക്രീസിലെത്തിയ വിരാട് കോലിക്ക് വ്യത്യസ്‌തമായ പ്ലാനുകളാണ് ഉണ്ടായിരുന്നത്. ക്രീസിലെത്തിയ പാടെ ഗംഭീറിനെ കൂട്ടുപിടിച്ച് വിരാട് കോലിക്ക് അനായാസം റണ്‍സ് കണ്ടെത്താനായി.
ഇന്ത്യയുടെ മൂന്നാം വിക്കറ്റില്‍ ഇരുവരും 48 പന്തില്‍ നിന്ന് 50 റണ്‍സ് കൂട്ടുകെട്ട് പൂര്‍ത്തിയാക്കി. മത്സരത്തിന്‍റെ 19-ാം ഓവറില്‍ ഇന്ത്യന്‍ സ്‌കോര്‍ 150 പിന്നിട്ടു. നേരിട്ട 47-ാം പന്തില്‍ ഗംഭീര്‍ അര്‍ധസെഞ്ച്വറിയിലേക്ക്. 44 പന്തില്‍ വിരാട് കോലിയും ഹാഫ് സെഞ്ച്വറി പൂര്‍ത്തിയാക്കി. ഇരുവരും ചേര്‍ന്ന് 89 പന്തിലാണ് 100 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കുന്നത്.
28-ാം ഓവറില്‍ ഗൗതം ഗംഭീര്‍ റണ്‍ഔട്ടായി. ഇതോടെ 22 ഓവറില്‍ 113 റണ്‍സ് അകലെ മാത്രമായിരുന്നു ഇന്ത്യയുടെ ജയം. എന്നാല്‍ ത്രിരാഷ്‌ട്ര പരമ്പരയുടെ ഫൈനല്‍ സാധ്യത നിലനിര്‍ത്തണമെങ്കില്‍ 72 പന്തില്‍ ഇത് മറികടക്കണം.
ഇന്ത്യന്‍ പ്രതീക്ഷകളുമായി ഒരു 23-കാരന്‍ ഹൊബാര്‍ട്ടില്‍ ബാറ്റിങ് തുടര്‍ന്നു. ക്രിക്കറ്റ് ലോകം പിന്നീട് സാക്ഷിയായത് വിരാട് കോലി എന്ന പയ്യന്‍ ലോക ക്രിക്കറ്റിലെ ചേസ് മാസ്റ്ററായി പരിണമിക്കുന്ന കാഴ്‌ചയ്‌ക്കാണ്. 31-ാം ഓവര്‍ എറിയാന്‍ എത്തിയ നുവാന്‍ കുലശേഖരയെ മൂന്ന് പ്രാവശ്യമാണ് കോലി അതിര്‍ത്തി കടത്തിയത്.
മത്സരത്തിലെ 35-ാം ഓവര്‍ എറിയാനെത്തിയത് യോര്‍ക്കര്‍ കിങും, ഡെത്ത് ഓവര്‍ സ്‌പെഷലിസ്റ്റുമായ ലസിത് മലിംഗ. ഓവറിലെ ആദ്യ പന്തില്‍ രണ്ട് റണ്‍സ് ഓടിയെടുത്ത് വിരാട് കോലി 76-ാം പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കി. ഏകദിന കരിയറില്‍ കോലിയുടെ 9-ാം സെഞ്ച്വറി ആയിരുന്നു അത്.
അടുത്ത പന്ത്, ലെഗ് സൈഡില്‍ ബൗണ്ടറി ലൈനിന് മുകളിലൂടെ പറന്നു. അടുത്ത നാല് പന്തുകള്‍ അതിര്‍ത്തിവര തൊട്ടു. പ്രൈം ഫോമിലുണ്ടായിരുന്ന ലസിത് മലിംഗയുടെ ആ ഓവറില്‍ കോലി അടിച്ചെടുത്തത് 24 റണ്‍സ്. പല വമ്പന്മാരെയും വിറപ്പിച്ചിരുന്ന ലസിത് മലിംഗയെ തല്ലിച്ചതച്ച് വിരാട് കോലി വരാനിരിക്കുന്ന കാലത്തിന്‍റെ സൂചന നല്‍കി. 37-ാമത്തെ ഓവറില്‍ ഇന്ത്യ വിജയലക്ഷ്യം പിന്നിട്ടു. വിരാട് കോലി ആ മത്സരത്തില്‍ 86 പന്തില്‍ 133 റണ്‍സുമായി പുറത്താകാതെ നിന്നു.