വിരാട് കോലി ലോക ക്രിക്കറ്റിന്‍റെ ബ്രാന്‍ഡായി മാറിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന് ശേഷം ഇനിയാര് എന്നുള്ള ചോദ്യത്തിന് ബാറ്റ് കൊണ്ടായിരുന്നു വിരാട് കോലിയുടെ മറുപടി. സച്ചിന്‍റെ റെക്കോഡുകള്‍ തകര്‍ക്കാന്‍ ആര്‍ക്കും സാധിക്കില്ലെന്ന് വിധിയെഴുതിയവര്‍ക്ക് മുന്നില്‍ അയാള്‍ തന്‍റെ മികവ് പ്രകടിപ്പിച്ചു. ആ മികവില്‍ സച്ചിന്‍ ഉള്‍പ്പടെയുള്ള പല ഇതിഹാസങ്ങളുടെയും റെക്കോഡുകള്‍ പഴങ്കഥയായി. അങ്ങനെ ഓരോ റെക്കോഡും തകര്‍ത്തുകാണ്ടുള്ള വിരാട് കോലിയുടെ ലോക ക്രിക്കറ്റിലെ യാത്ര ഇപ്പോഴും തുടരുകയാണ്. ഇനി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആസ്വാദകര്‍ കാത്തിരിക്കുന്നത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഏകദിനത്തില്‍ നേടിയ 49 സെഞ്ച്വറികള്‍ വിരാട് കോലി മറികടക്കുന്ന കാഴ്‌ച കാണുന്നതിനായാണ്.
2019-2022 വരെയുളള കാലഘട്ടം... തുടര്‍ച്ചയായി സെഞ്ച്വറികള്‍ പിറന്നുകൊണ്ടിരുന്ന വിരാട് കോലിയുടെ ബാറ്റുകള്‍ നിശബ്‌ദമായ വര്‍ഷങ്ങളായിരുന്നു അത്. ആ കാലയളവില്‍ ഒരിക്കല്‍പ്പോലും വിരാടിന് തന്‍റെ ഹെല്‍മറ്റ് അഴിച്ച് ബാറ്റ് വായുവിലേക്ക് ഉയര്‍ത്തി ഒന്ന് ആഘോഷിക്കാന്‍ കഴിഞ്ഞിരുന്നില്ല.
ഈ കാലഘട്ടത്തില്‍ പലരും വിരാട് കോലിയുടെ കരിയറിന് ചരമഗീതമെഴുതി. എന്നാല്‍, കാലം അയാള്‍ക്കായി കാത്തുവച്ചത് മറ്റൊന്നായിരുന്നു. 1021 ദിവസങ്ങള്‍ക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റില്‍ വിരാട് കോലിയുടെ സെഞ്ച്വറി പിറന്നു. പിന്നീട് വീണ്ടും എണ്ണയിട്ട യന്ത്രം പോലെ അയാളുടെ ബാറ്റ് ഇന്ത്യയ്‌ക്കായി പ്രവര്‍ത്തിച്ചു. അത് ഇപ്പോഴും തുടരുകയാണ്.
ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ പൂനെയില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ വിരാട് കോലി പുറത്താകാതെ നേടിയത് 97 പന്തില്‍ 103 റണ്‍സാണ്. ലോകകപ്പ് ചരിത്രത്തില്‍ ബംഗ്ലാദേശിനെതിരെ വിരാട് കോലിയുടെ രണ്ടാമത്തെയും ലോകകപ്പ് കരിയറിലെ മൂന്നാമത്തെയും സെഞ്ച്വറി. അതും എട്ട് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം പിറന്നത്.
അമ്പയര്‍ പോലും അയാളുടെ സെഞ്ച്വറിക്കായി ആഗ്രഹിച്ചിരുന്നോ…? ഇങ്ങനെയൊരു ചോദ്യം ആരാധകരുടെ മനസിലേക്ക് ഉയര്‍ന്നുകേട്ട മത്സരം കൂടിയായിരുന്നു അത്. ആ മത്സരം നിയന്ത്രിച്ചിരുന്ന റിച്ചാര്‍ഡ് കെറ്റില്‍ബറോ എന്ന അമ്പയറും കോലിയുടെ സെഞ്ച്വറിയാണ് ആഗ്രഹിച്ചിരുന്നെങ്കില്‍ അതിനേക്കാള്‍ വലിയൊരു അംഗീകാരം ഇനി അയാള്‍ക്ക് ലഭിക്കാനുണ്ടാകില്ല.
2008ല്‍ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം നടത്തിയ വിരാട് കോലി തന്‍റെ കരിയറിലെ ആദ്യ സെഞ്ച്വറി നേടുന്നത് 2009ലാണ്. ശ്രീലങ്കയ്‌ക്കെതിരെ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് കോലിയുടെ ആദ്യ സെഞ്ച്വറി പിറന്നത്. ഏകദിന ക്രിക്കറ്റില്‍ അവിടെ തുടങ്ങിയ സെഞ്ച്വറി വേട്ട ഇന്ന് എത്തിനില്‍ക്കുന്നത് ഒരു ചരിത്ര നേട്ടത്തിന് തൊട്ടരികിലാണ്...