ചെപ്പോക്കില്‍ ഓസ്ട്രേലിയക്കെതിരെ 200 റണ്‍സ് വിജയലക്ഷ്യം പിന്തുടരാന് ഇറങ്ങിയപ്പോള്‍ ടീം ഇന്ത്യ അനായാസം തന്നെ ജയത്തിലേക്ക് എത്തുമെന്നായിരുന്നു ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍, ആദ്യ ഓവറില്‍ തന്നെ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്താന്‍ ഓസീസ് സ്റ്റാര്‍ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായിരുന്നു (Mitchell Starc). നാലാം പന്തില്‍ ഇഷാന് കിഷന് (Ishan Kishan) പുറത്ത്.
അടുത്ത ഓവറില്‍ ജോഷ് ഹെയ്സല്‍വുഡിന്റെ ഇരട്ടപ്രഹരം. നായകന് രോഹിത് ശര്‍മയും (Rohit Sharma) ശ്രേയസ് അയ്യരും (Shreyas Iyer) മടങ്ങിയത് അക്കൗണ്ട് തുറക്കാതെ. രണ്ട് ഓവറുകള്‍ അവസാനിച്ചപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍ രണ്ട് റണ്‍സ് മാത്രമായിരുന്നു ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡിലുണ്ടായിരുന്നു.
ഇങ്ങനെ തകര്‍ച്ചയെ നേരിടുന്ന ഘട്ടത്തിലായിരുന്നു വിരാട് കോലിയും (Virat Kohli) കെഎല്‍ രാഹുലും (KL Rahul) ക്രീസിലൊന്നിക്കുന്നത്. കരുതലോടെ ഓസീസ് ബൗളര്‍മാരെ നേരിട്ട ഇവര്‍ പതിയെ കളിയുടെ നിയന്ത്രണം തങ്ങളുടെ വരുതിയിലാക്കുകയായിരുന്നു. നാലാം വിക്കറ്റില്‍ കോലി രാഹുല്‍ സഖ്യം 165 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ഏകദിന ലോകകപ്പില്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യയുടെ ഏറ്റവും മികച്ച കൂട്ടുകെട്ടാണിത് (India's Highest ODI Partnership against Australia in CWC).
38-ാം ഓവറില്‍ വിരാട് കോലി പുറത്താകുമ്പോഴേക്കും ഇന്ത്യ ജയത്തോട് ഏറെ അടുക്കുകയും ചെയ്തിരുന്നു. 116 പന്തില്‍ 85 റണ്‍സടിച്ചായിരുന്നു വിരാട് കോലി ജോഷ് ഹെയ്സല്‍വുഡിന്റെ പന്തില്‍ മാര്‍നസ് ലബുഷെയ്ന് ക്യാച്ച് നല്കി മടങ്ങിയത്. ചേസിങ്ങില്‍ തന്റെ മികവ് എത്രത്തോളമാണെന്ന് കാട്ടുന്ന ഇന്നിങ്സ് കൂടിയായിരുന്നു വിരാട് കോലി ചെപ്പോക്കില്‍ നടത്തിയത്.
ചെപ്പോക്കിലെ ഓസ്ട്രേലിയക്കെതിരായ പ്രകടനത്തോടെ സച്ചിന് ടെണ്ടുല്‍ക്കറിന്റെ മറ്റൊരു റെക്കോഡും തന്റെ പേരിലാക്കാന്‍ വിരാട് കോലിക്ക് സാധിച്ചു. ഐസിസിയുടെ നിശ്ചിത ഓവര്‍ ടൂര്‍ണമെന്റുകളില്‍ (ഏകദിന ലോകകപ്പ്, ടി20 ലോകകപ്പ്, ചാമ്പ്യന്‍സ് ട്രോഫി) ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായിട്ടാണ് കോലി മാറിയത്. 61 മത്സരങ്ങളില്‍ നിന്നും 2719 റണ്‍സായിരുന്നു സച്ചിന് ടെണ്ടുല്‍ക്കറിന്റെ പേരിലുണ്ടായിരുന്നത് (Virat Kohli Breaks Sachin Tendulkar).
64-ാം മത്സരത്തിലാണ് വിരാട് കോലി സച്ചിന് ടെണ്ടുല്‍ക്കറെ മറികടന്നത്. നിലവില്‍ 2785 റണ്‍സാണ് മുന്‍ ഇന്ത്യന്‍ നായകന്റെ അക്കൗണ്ടില്‍. 65.23 ശരാശരിയിലാണ് കോലി സച്ചിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ് മറികടന്നത് (Most Runs In White ball ICC Tournaments).
കോലിക്കൊപ്പം തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് ഓസ്ട്രേലിയക്കെതിരെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെഎല്‍ രാഹുലും കാഴ്ചവച്ചത്. 115 പന്ത് നേരിട്ട താരം 97 റണ്‍സ് നേടി പുറത്താകാതെ നിന്നു.