രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫിയില്‍ കേരളം ക്വാര്‍ട്ടറില്‍. അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഉത്തരാഖണ്ഡിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് കേരളം ക്വാര്‍ട്ടറുറപ്പിച്ചത്. മത്സരത്തില്‍ അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയമാണ് കേരളം പിടിച്ചത്.
ടോസ് നേടി ബാറ്റുചെയ്യാനിറങ്ങിയ ഉത്തരാഖണ്ഡ് നിശ്ചിത 50 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് നേടിയത്. മറുപടിക്കിറങ്ങിയ കേരളം 35.4 ഓവറില്‍ ലക്ഷ്യം കണ്ടു. പുറത്താവാതെ നേടിയ 83 റണ്‍സ് നേടിയ സച്ചിന്‍ ബേബിയുടെ പ്രകടനമാണ് കേരളത്തിന്‍റെ വിജയത്തില്‍ ചുക്കാന്‍ പിടിച്ചത്.
71 പന്തിൽ ഏഴു ഫോറും രണ്ടു സിക്‌സും ഉള്‍പ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (33), വിഷ്‌ണു വിനോദ് (34), വിനൂപ് ഷീല മനോഹരന്‍ (28) എന്നിവരും നിര്‍ണായകമായി.
also read: ഒമിക്രോൺ പേടി, പ്രീമിയര്‍ ലീഗ് മാറ്റിവെച്ചേക്കും: ക്ലബുകള്‍ക്കും ആരാധകർക്കും ആശങ്ക
ക്വാര്‍ട്ടറില്‍ സര്‍വീസസാണ് കേരളത്തിന്‍റെ എതിരാളി. ഈ മാസം 22നാണ് മത്സരം നടക്കുക. അതേസമയം ഗ്രൂപ്പ് ഡിയില്‍ കേരളത്തോടൊപ്പം മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നീ ടീമുകളും അഞ്ചില്‍ നാല് മത്സരങ്ങളും ജയിച്ചിരുന്നു. 16 പോയിന്‍റാണ് മൂന്ന് സംഘങ്ങള്‍ക്കുമുള്ളത്. ഇതോടെ നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിലാണ് കേരളം തലപ്പത്തെത്തിയത്.