രാജ്‌കോട്ട് : വിജയ് ഹസാരെ ട്രോഫിയിൽ കരുത്തരായ മഹാരാഷ്‌ട്രക്കെതിരെ തകര്‍പ്പൻ വിജയം നേടി കേരളം. മഹാരാഷ്‌ട്രയുടെ 291 റണ്‍സ് എന്ന കൂറ്റൻ വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ കേരളം ആറ് വിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. ഒരു ഘട്ടത്തിൽ വൻ തകർച്ചയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന കേരളത്തെ വിഷ്‌ണു വിനോദിന്‍റെ തകർപ്പൻ സെഞ്ച്വറിയാണ് വിജയതീരത്തേക്ക് അടുപ്പിച്ചത്.
മഹാരാഷ്‌ട്രയുടെ 292 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കേരളത്തിന് 35 റണ്‍സെടുക്കുന്നതിനിടെ നാല് മുൻനിര വിക്കറ്റുകളാണ് നഷ്‌ടമായത്. രോഹൻ എസ് കുന്നുമ്മൽ(5), മുഹമ്മദ് അസ്‌ഹറുദീൻ(2), സച്ചിൻ ബേബി(0), വത്സൻ വിനോദ്(18) എന്നിവർ വളരെ പെട്ടന്ന് തന്നെ പുറത്തായി. പിന്നാലെയെത്തിയ ക്യാപ്‌റ്റൻ സഞ്ജു സാംസണും(44), ജലജ് സക്‌സേനയും(44) പതിയെ ടീമിനെ കരകയറ്റി.
എന്നാൽ ടീം സ്കോർ 100 പിന്നിട്ടതിന് പിന്നാലെ സഞ്ജുവും, സക്‌സേനയും മടങ്ങി. ഇതോടെ ടീം സ്കോർ 120ന് ആറ് എന്ന നിലയിലായി. ഇതോടെ കേരളത്തിന്‍റെ വിജയ പ്രതീക്ഷകളും അവസാനിച്ചു. എന്നാൽ ഏഴാം വിക്കറ്റിൽ ഒത്തുചേർന്ന വിഷ്ണു വിനോദ്-സിജോമോൻ ജോസഫ് സഖ്യം കളിയുടെ ഗതി മാറ്റുകയായിരുന്നു.
വിഷ്‌ണു വിനോദ്-സിജോമോൻ ജോസഫ് സഖ്യം ഏഴാം വിക്കറ്റിൽ 174 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. വിഷ്‌ണു 82 പന്തിൽ നിന്ന് എട്ട് ഫോറിന്‍റെയും രണ്ട് സിക്‌സിന്‍റെയും അകമ്പടിയോടെ 100 റണ്‍സ് നേടിയപ്പോൾ സിജോമോൻ 70 പന്തിൽ നിന്ന് രണ്ട് ഫോറും നാല് സിക്‌സും സഹിതം 71 റണ്‍സ് നേടി.
ALSO READ: Ashes 2021 : ക്യാച്ചോട് ക്യാച്ച് ; അരങ്ങേറ്റ ടെസ്‌റ്റില്‍ റിഷഭ് പന്തിനെ പിന്നിലാക്കി അലക്‌സ് കാരി
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മഹാരാഷ്‌ട്ര ക്യാപ്‌റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിന്‍റെ സെഞ്ച്വറി മികവിലാണ് മികച്ച സ്കോർ കണ്ടെത്തിയത്. തുടർച്ചയായ മൂന്നാം മത്സരത്തിലാണ് ഗെയ്‌ക്‌വാദ് സെഞ്ച്വറി നേടുന്നത്. 129 പന്തിൽ നിന്ന് ഒൻപത് ഫോറും മൂന്ന് സിക്‌സും സഹിതമാണ് താരം തന്‍റെ ശതകം പൂർത്തിയാക്കിയത്. 99 റണ്‍സെടുത്ത് പുറത്തായ രാഹുൽ ത്രിപാഠിയും മഹാരാഷ്ട്രക്ക് മികച്ച സംഭാവന നൽകി.
ഓപ്പണർ യാഷ് നാഹർ(2), അങ്കിത് ബവ്‌നെ(9), നൗഷാദ് ഷെയ്‌ഖ്(5), സ്വപ്‌നിൽ(14), സോപിൻ(5), കാസിയോ(20), പൽക്കർ(4), ചൗധരി (1) എന്നിവർ വളരെ പെട്ടന്ന് തന്നെ പുറത്തായി. കേരളത്തിന് വേണ്ടി നിധീഷ് അഞ്ച് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ബേസിൽ തമ്പി രണ്ട് വിക്കറ്റ് നേടി.