ന്യൂഡൽഹി : കുറച്ച് ദിവസങ്ങളായി ക്രിക്കറ്റ് ലോകത്തെ പ്രധാന ചർച്ചാവിഷയമാണ് ഇന്ത്യൻ ടീമിലെ ക്യാപ്‌റ്റൻസി മാറ്റം. വിഷയം കൈകാര്യം ചെയ്‌ത രീതിയിൽ, ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ദിലീപ് വെങ്സർക്കാർ. സെലക്ഷൻ കമ്മിറ്റിക്ക് വേണ്ടി സംസാരിച്ചതിലൂടെ ഗാംഗുലി എരിതീയിൽ എണ്ണയൊഴിക്കുകയാണ് ചെയ്‌തതെന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
'ഈ വിഷയം ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഇത് കുറച്ച് പ്രൊഫഷണലായി കൈകാര്യം ചെയ്യണമായിരുന്നു. ബിസിസിഐ പ്രസിഡന്‍റായ ഗാംഗുലി സെലക്ഷൻ കമ്മിറ്റിക്ക് വേണ്ടി സംസാരിക്കാൻ പാടില്ലായിരുന്നു. ടീം സെലക്ഷനെപ്പറ്റിയും ക്യാപ്‌റ്റൻസിയെപ്പറ്റിയും സംസാരിക്കേണ്ടത് സെലക്‌ഷൻ കമ്മിറ്റി ചെയർമാനാണ്. സെലക്‌ടർമാർക്ക് വേണ്ടി സംസാരിച്ചതോടെ എരിതീയിൽ എണ്ണ ഒഴിക്കുകയാണ് ഗാംഗുലി ചെയ്‌തത്', വെങ്സർക്കാർ പറഞ്ഞു.
'ഇക്കാര്യങ്ങൾ ഗാംഗുലിയുടെ അധികാര പരിധിയിൽ വരുന്നതല്ല. സെലക്ഷൻ കമ്മിറ്റിയും കോലിയും തമ്മിൽ സംസാരിക്കേണ്ട വിഷയമാണിത്. കാരണം ക്യാപ്‌റ്റനെ തെരഞ്ഞെടുക്കുന്നത് സെലക്‌ടർമാരാണ്, ബിസിസിഐ അല്ല. അതിനാൽ തന്നെ ഗാംഗുലി പ്രതികരിച്ചതുകൊണ്ടാണ് കോലിക്ക് തന്‍റെ ഭാഗം വ്യക്തമാക്കേണ്ടി വന്നത്'. വെങ്സർക്കാർ കൂട്ടിച്ചേർത്തു.
ALSO READ: IND vs SA : ഉപാധികളില്ലാതെ നാട്ടിലെത്തിക്കും; ടീം ഇന്ത്യയ്‌ക്ക് സിഎസ്‌എയുടെ ഉറപ്പ്
ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയ്ക്കായി പോകുന്നതിന് മുന്നോടിയായി നടത്തിയ വാർത്താസമ്മേളനത്തിൽ നായക സ്ഥാനത്ത് നിന്ന് തന്നെ മാറ്റുന്ന കാര്യം ബിസിസിഐ നേരത്തെ അറിയിച്ചിരുന്നില്ലെന്ന് കോലി തുറന്നുപറഞ്ഞിരുന്നു. കൂടാതെ ടി20 ക്യാപ്‌റ്റൻ സ്ഥാനം ഒഴിയരുതെന്ന് കോലിയോട് അഭ്യർഥിച്ചുവെന്ന ഗാംഗുലിയുടെ പ്രസ്താവന കോലി നിഷേധിക്കുകയും ചെയ്‌തിരുന്നു.