ദുബായ് : ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമിൽ ഇടം നേടിയ വരുണ്‍ ചക്രവർത്തി പരിക്കിന്‍റെ പിടിയിലെന്ന് റിപ്പോർട്ടുകൾ. ടി20 ക്രിക്കറ്റിലെ നിഗൂഢ സ്‌പിന്നർ എന്നറിയപ്പെടുന്ന താരം കാൽ മുട്ടിലെ പരിക്കുമായാണ് ഐപിഎൽ മത്സരങ്ങൾ കളിക്കുന്നതെന്നാണ് വിവരം. ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനെ ആശങ്കയിലാക്കുന്നതാണ് ഈ റിപ്പോർട്ടുകൾ.
വരുണ്‍ കാൽമുട്ടിലെ പരിക്കുമായാണ് ഇറങ്ങുന്നത്. എല്ലാ മത്സരങ്ങളിലും താരം വേദന സംഹാരികൾ കഴിച്ചുകൊണ്ടാണ് നാല് ഓവർ പൂർത്തിയാക്കുന്നത്. പരിക്കിൽ നിന്ന് പൂർണമായും മുക്‌തനാകണമെങ്കിൽ വിശദമായ ചികിത്സ ആവശ്യമാണ്. ടി20 ലോകകപ്പിന് മുന്‍പ് താരത്തിന്‍റെ വേദന പരിഹരിക്കുകയാണ് ഇപ്പോഴുള്ള പ്രധാന ലക്ഷ്യം, ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഒരു പ്രധാന മാധ്യമം റിപ്പോർട്ട് ചെയ്‌തു.
READ MORE : 'വിരമിക്കൽ മത്സരം ചെന്നൈയിൽ ആരാധകർക്കൊപ്പം'; അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ധോണി
പരിക്ക് കൂടുതൽ ഗുരുതരമായാൽ ലോകകപ്പ് ടീമിലെ സാന്നിധ്യം ആശങ്കയിലാകും. ഈ മാസം 15 വരെ മാറ്റം വരുത്താൻ ടീമുകൾക്ക് അനുമതിയുണ്ട്. അതിനാൽ തന്നെ താരത്തിന് വിശ്രമം അനുവദിക്കുമോ എന്നതാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ഐപിഎല്ലിൽ ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റുകളാണ് വരുണ്‍ ചക്രവർത്തി സ്വന്തമാക്കിയത്.