ദുബായ്: യുഎഇ ഇന്‍റർനാഷണൽ ടി20 ലീഗിന്‍റെ ഉദ്‌ഘാടന പതിപ്പിന് മുന്നോടിയായി റിലയൻസ് ഇൻഡസ്‌ട്രീസിന്‍റെ ഉടമസ്ഥതയിലുള്ള എംഐ എമിറേറ്റ്‌സ് ആദ്യ ഘട്ട സ്‌ക്വാഡ് പ്രഖ്യാപിച്ചു. 14 താരങ്ങളുടെ പട്ടികയാണ് മുംബൈ ഇന്ത്യന്‍സ് പുറത്ത് വിട്ടത്. വിന്‍ഡീസ് താരങ്ങളായ കീറോൺ പൊള്ളാർഡ്, ഡ്വെയ്‌ന്‍ ബ്രാവോ, നിക്കോളാസ് പുരാൻ, കിവീസ് പേസര്‍ ട്രെന്‍റ് ബോൾട്ട് തുടങ്ങിയവരാണ് ടീമിലെ പ്രമുഖര്‍.
ടി20 ക്രിക്കറ്റില്‍ അടുത്തിടെ കന്നി സെഞ്ച്വറി നേടിയ ഇംഗ്ലണ്ടിന്‍റെ യുവതാരം വിൽ സ്‌മീഡും ടീമിന്‍റെ ഭാഗമാണ്. നിലവില്‍ മുംബൈ ഇന്ത്യന്‍സിലുള്ളവരില്‍ നിന്നും നേരത്തെ ടീമിന്‍റെ ഭാഗമായിരുന്നവരില്‍ നിന്നും കൂടുതല്‍ കളിക്കാരെ ഉള്‍പ്പെടുത്തുമെന്നും മുംബൈ ഇന്ത്യന്‍സ് പ്രസ്‌താവനയില്‍ അറിയിച്ചു.
യുഎഇ ടി20 ലീഗിലെ ആറില്‍ അഞ്ച് ഫ്രാഞ്ചൈസികളും ഇന്ത്യന്‍ ഉടമകളാണ് സ്വന്തമാക്കിയിരിക്കുന്നത്. മുംബൈ ഇന്ത്യൻസിനെ കൂടാതെ ഷാരൂഖ് ഖാന്‍റെ നൈറ്റ് റൈഡേഴ്‌സ് ഗ്രൂപ്പ്, ഡൽഹി കാപിറ്റൽസ് സഹ ഉടമകളായ ജിഎംആർ, അദാനി സ്‌പോർട്‌സ്‌ലൈൻ, കാപ്രി ഗ്ലോബൽ എന്നിവയാണ് ലീഗിന്‍റെ ഭാഗമാവുന്ന ഇന്ത്യന്‍ കമ്പനികള്‍. ഇവയ്‌ക്ക് പുറമെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളായ ഗ്ലേസറിന്‍റെ കമ്പനിയായ ലാൻസർ കാപിറ്റൽസും ലീഗില്‍ ടീമിനെ സ്വന്തമാക്കിയിട്ടുണ്ട്.
എംഐ എമിറേറ്റ്‌സ് ടീം: കീറോൺ പൊള്ളാർഡ് (വെസ്റ്റ് ഇൻഡീസ്), ഡ്വെയ്‌ന്‍ ബ്രാവോ (വെസ്റ്റ് ഇൻഡീസ്), നിക്കോളാസ് പുരാൻ (വെസ്റ്റ് ഇൻഡീസ്), ട്രെന്‍റ് ബോൾട്ട് (ന്യൂസിലാൻഡ്), ആന്ദ്രെ ഫ്ലെച്ചർ (വെസ്റ്റ് ഇൻഡീസ്), ഇമ്രാൻ താഹിർ (ദക്ഷിണാഫ്രിക്ക), സമിത് പട്ടേൽ (ഇംഗ്ലണ്ട്), വിൽ സ്‌മീഡ് (ഇംഗ്ലണ്ട്), ജോർദാൻ തോംസൺ (ഇംഗ്ലണ്ട്), നജിബുള്ള സദ്രാൻ (അഫ്‌ഗാനിസ്ഥാൻ), സഹിർ ഖാൻ (അഫ്‌ഗാനിസ്ഥാൻ), ഫസൽഹഖ് ഫാറൂഖി (അഫ്‌ഗാനിസ്ഥാൻ), ബ്രാഡ്ലി വീൽ (സ്‌കോട്ട്‌ലൻഡ്), ബാസ് ഡി ലീഡ് (നെതർലൻഡ്‌സ്).