ജോർജ്ജ്ടൗൺ : അണ്ടര്‍ 19 ലോക കപ്പില്‍ അയര്‍ലന്‍ഡിനെ തകര്‍ത്ത് തരിപ്പണമാക്കി ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍. കൊവിഡിനെ തുടര്‍ന്ന് നായകന്‍ യാഷ് ധുലടക്കം ആറ് താരങ്ങളെ നഷ്ടമായിട്ടും 174 റണ്‍സിന്‍റെ ജയമാണ് ഇന്ത്യ പിടിച്ചത്. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തില്‍ യാഷ് ധുലിന് പകരം നിഷാന്ത് സിന്ധുവാണ് ഇന്ത്യയെ നയിച്ചത്.
നിശ്ചിത 50 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 308 റണ്‍സിന്‍റെ വിജയ ലക്ഷ്യമാണ് ഇന്ത്യ ഉയര്‍ത്തിയത്. മറുപടിക്കിറങ്ങിയ അയര്‍ലന്‍ഡ് 39 ഓവറില്‍ 133 റണ്‍സില്‍ അവസാനിച്ചു.
ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ കാര്യമായൊന്നും ചെയ്യാന്‍ അയര്‍ലന്‍ഡ് താരങ്ങള്‍ക്കായില്ല. 40 പന്തില്‍ നിന്ന് 32 റണ്‍സെടുത്ത സ്‌കോട്ട് മാക്‌ബെത്താണ് അയര്‍ലന്‍ഡിന്‍റെ ടോപ് സ്‌കോറര്‍. ജോഷ്വ കോക്‌സ് (28), ടിം ടെക്‌ടര്‍ (15), നഥാൻ മക്‌ഗുയർ (14) എന്നിവര്‍ മാത്രമാണ് അയര്‍ലന്‍ഡ് നിരയില്‍ രണ്ടക്കം കണ്ട മറ്റ് താരങ്ങള്‍. ആറ് കളിക്കാര്‍ക്ക് രണ്ടക്കം തൊടാനായില്ല.
ഇന്ത്യയ്ക്കായി ഗാര്‍വ് സാങ്‌വാന്‍ 5 ഓവറില്‍ 23 റണ്‍സ് വഴങ്ങിയും, അനീശ്വര്‍ ഗൗതം 4 ഓവറില്‍ 11 റണ്‍സ് വഴങ്ങിയും, കൗശല്‍ താംബെ 2 ഓവറില്‍ 8 റണ്‍സ് വഴങ്ങിയും രണ്ട് വിക്കറ്റുകള്‍ വീതം വീഴ്‌ത്തി. രവി കുമാര്‍, വിക്കി ഒസ്ത്‌വാള്‍, രാജ്‌വര്‍ധന്‍ ഹാംഗര്‍ഗേക്കര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.
also read: ടെന്നിസ് താരം സാനിയ മിർസ വിരമിക്കുന്നു, കോർട്ട് വിടുന്നത് ഈ സീസണിന് ശേഷം
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ ഇന്ത്യ ഓപ്പണര്‍മാരായ ആംഗ്രിഷ് രഘുവംശി (79), ഹര്‍നൂര്‍ സിങ് (88), എന്നിവരുടെ മികവിലാണ് തകര്‍പ്പന്‍ സ്കോര്‍ കണ്ടെത്തിയത്. ടീം ടോട്ടലിലേക്ക് 164 സംഭാവന ചെയ്‌തതിന് പിന്നാലെ 26ാം ഓവറിന്‍റെ മൂന്നാം പന്തിലാണ് ഈ സഖ്യത്തെ പിരിക്കാന്‍ അയര്‍ലന്‍ഡിനായത്. രാജ് ബാവ (42), ക്യാപ്റ്റന്‍ നിഷാന്ത് സിന്ധു (36), രാജ്‌വര്‍ധന്‍ ഹാംഗര്‍ഗേക്കര്‍ (39*) എന്നിവരും മിന്നി.