ലഖ്‌നൗ : ഏകദിന ലോകകപ്പില്‍ തുടര്‍ തോല്‍വികളില്‍ വലയുന്ന ഓസ്ട്രേലിയയ്ക്ക് ആശ്വാസമായി നെറ്റ്സിലേക്കുള്ള ട്രാവിസ് ഹെഡിന്‍റെ മടങ്ങി വരവ്. ലോകകപ്പിന് മുന്‍പ് നടന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്‌ക്കിടെ കൈ ഒടിഞ്ഞതിനെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു താരം. എന്നാല്‍, ഇതില്‍ നിന്നും സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്ന താരം ഓസ്‌ട്രേലിയയുടെ ലോകകപ്പ് ടീമിലേക്ക് തിരിച്ചെത്താനുള്ള ഒരുക്കത്തിലാണ് നിലവില്‍ (Travis Head Set To Return Australian Team).
കൈ ഒടിഞ്ഞതിനെ തുടര്‍ന്നിട്ടിരുന്ന പ്ലാസ്റ്ററുകള്‍ മാറ്റിയതോടെയാണ് താരം ഇപ്പോള്‍ നെറ്റ്‌സില്‍ പരിശീലനത്തിന് ഇറങ്ങിയിരിക്കുന്നത്. ഇടംകയ്യന്‍ ബാറ്ററായ ഹെഡ് ത്രോഡൗണുകളാണ് നിലവില്‍ പരിശീലിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവിലെ സാഹചര്യത്തില്‍ ഒക്ടോബര്‍ 25ന് നെതര്‍ലന്‍ഡ്‌സിനെതിരെ നടക്കുന്ന മത്സരത്തിലൂടെ തനിക്ക് ടീമിലേക്ക് മടങ്ങിയെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ട്രാവിസ് ഹെഡ് വ്യക്തമാക്കി.
'പ്രതീക്ഷിച്ചിരുന്നതിലും വേഗത്തിലാണ് സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്നത്. ശസ്ത്രക്രിയ നടത്തിയിരുന്നെങ്കില്‍ ഏകദേശം 10 ആഴ്ചയോളം വിശ്രമം എടുക്കേണ്ടി വരുമായിരുന്നു. ഹാന്‍ഡ് സ്പ്ലിന്‍റ് ധരിച്ച് കളിക്കണമെങ്കില്‍പ്പോലും ആറ് ആഴ്ച വിശ്രമം വേണ്ടിവരുമെന്നായിരുന്നു വിദഗ്‌ധര്‍ പറഞ്ഞിരുന്നത്.
ആ പദ്ധതിയനുസരിച്ചാണെങ്കില്‍ നെതര്‍ലന്‍ഡ്‌സിനെതിരെ കളിക്കാനാകുമെന്നാണ് കരുതുന്നത്. ലോകകപ്പില്‍ ആ മത്സരത്തിലൂടെ തന്നെ ടീമിലേക്ക് തിരികെയെത്താനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നതും.
വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണ്. അടുത്ത ആഴ്ചയോടെ തന്നെ ടീമിനൊപ്പം ചേരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതും' - ക്രിക്കറ്റ് ഓസ്ട്രേലിയയോട് ട്രാവിസ് ഹെഡ് (Travis Head About His Recovery) പറഞ്ഞു.
ലോകകപ്പിന് മുന്‍പ് ഓസീസ് സംഘം ദക്ഷിണാഫ്രിക്കയില്‍ ഒരു ഏകദിന പരമ്പരയ്‌ക്കായി സന്ദര്‍ശനം നടത്തിയിരുന്നു. സെപ്‌റ്റംബറിലായിരുന്നു ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയ പരമ്പര നടന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ സെഞ്ചൂറിയനില്‍ നടന്ന മത്സരത്തിനിടെയാണ് ട്രാവിസ് ഹെഡിന് പരിക്കേറ്റത്. ദക്ഷിണാഫ്രിക്കന്‍ താരം ജെറാള്‍ഡ് കോയറ്റ്‌സീയുടെ ഏറ് കൊണ്ടാണ് ഹെഡിന്‍റെ കൈക്ക് പരിക്കേറ്റത്.
അതേസമയം, ഹെഡ് തിരിച്ചുവരുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കങ്കാരുപ്പടയ്‌ക്ക് നിലവില്‍ ആശ്വാസമാണ്. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും ദയനീയമായിട്ടായിരുന്നു ഓസ്‌ട്രേലിയ പരാജയപ്പെട്ടത്. ആദ്യ മത്സരത്തില്‍ ഇന്ത്യയോട് ആറ് വിക്കറ്റിനായിരുന്നു ഓസീസിന്‍റെ തോല്‍വി.
രണ്ടാമത്തെ കളിയില്‍ ദക്ഷിണാഫ്രിക്കയാണ് ഓസീസിനെ പരാജയപ്പെടുത്തിയത്. 134 റണ്‍സിനായിരുന്നു ഈ മത്സരം കങ്കാരുപ്പട കൈവിട്ടത്. ട്രാവിസ് ഹെഡ് ടീമിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്ന നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തിന് മുന്‍പ് രണ്ട് പോരാട്ടങ്ങള്‍ക്കാണ് ഓസ്‌ട്രേലിയ കളത്തിലിറങ്ങുന്നത്.
നാളെ ലഖ്‌നൗവില്‍ നടക്കുന്ന മത്സരത്തില്‍ ശ്രീലങ്കയാണ് അവരുടെ എതിരാളികള്‍. തുടര്‍ന്ന് പാകിസ്ഥാനെയും പാറ്റ് കമ്മിന്‍സും സംഘവും നേരിടും. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ 20നാണ് ഈ മത്സരം.