കാൻബെറ: കേപ്‌ടൗണിലെ പന്ത് ചുരണ്ടല്‍ വിവാദത്തിന് പിന്നാലെ ജോഹനാസ്‌ബെര്‍ഗില്‍ നടന്ന നാലാം ടെസ്‌റ്റില്‍ ദക്ഷിണാഫ്രിക്ക പന്തില്‍ കൃത്രിമം കാണിച്ചെന്ന വാദവുമായി മുന്‍ ഓസ്‌ട്രേലിയന്‍ ടെസ്‌റ്റ് ക്യാപ്‌റ്റന്‍ ടിം പെയ്‌ന്‍. തന്‍റെ ആത്മകഥയായ ദി പെയ്‌ഡ് പ്രൈസിലാണ് (The Paid Price) താരത്തിന്‍റെ ആരോപണം. എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന മത്സരത്തിന്‍റെ സംപ്രേക്ഷകര്‍ ഇതിന്‍റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടില്ലെന്നും പെയ്‌ന്‍ ആരോപിച്ചു.
2018ലെ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലെ ജൊഹനാസ്ബര്‍ഗില്‍ നടന്ന നാലാം മത്സരത്തെക്കുറിച്ചാണ് പെയ്‌ന്‍ ആത്മകഥയില്‍ വിവരിച്ചിരിക്കുന്നത്. ആ മത്സരത്തില്‍ 492 റണ്‍സിന്‍റെ കൂറ്റന്‍ ജയമാണ് ദക്ഷിണാഫ്രിക്ക നേടിയത്.
'ആ പരമ്പരയിലെ നാലാം ടെസ്റ്റിൽ അത് സംഭവിക്കുന്നത് ഞാൻ കണ്ടു. ബോളേര്‍സ് എന്‍ഡില്‍ ഞാന്‍ നില്‍ക്കുകയായിരുന്നു. മിഡ് ഓഫില്‍ നിന്നിരുന്ന ഒരു ദക്ഷിണാഫ്രിക്കന്‍ കളിക്കാരന്‍ പന്തില്‍ വലിയ വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നത് സ്ക്രീനില്‍ ദൃശ്യമായി.
എന്നാല്‍ കേപ്‌ടൗണിലെ പന്ത് ചുരണ്ടല്‍ പിടികൂടിയ ടെലിവിഷൻ സംവിധായകൻ ഉടന്‍ തന്നെ ജൊഹനാസ്‌ബെര്‍ഗിലെ ആ ദൃശ്യം പിന്‍വലിച്ചു. തുടര്‍ന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി ഞങ്ങളുടെ താരങ്ങള്‍ അമ്പയറുമാരുമായി സംവദിച്ചു. പിന്നാലെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ ശ്രമിച്ചങ്കിലും അവ നഷ്‌ടപ്പെട്ടു എന്ന മറുപടിയാണ് ലഭിച്ചത്', എന്നാണ് ടിം പെയ്‌ന്‍ തന്‍റെ ആത്മകഥയിലൂടെ വെളിപ്പെടുത്തിയത്.
അതേസമയം ക്രിക്കറ്റ് മത്സരങ്ങള്‍ക്കിടെ പന്തില്‍ കൃത്രിമം കാണിക്കുന്നത് സാധാരണമാണെന്ന് അവകാശപ്പെട്ട ടിം പെയ്‌ന്‍ ഇതിനായി സാൻഡ്പേപ്പർ പോലുള്ളവ ഉപയോഗിക്കുന്നത് ലജ്ജാകരമാണെന്നും കൂട്ടിച്ചേര്‍ത്തു. 2017/18 ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്‌ക്കിടെയാണ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ പ്രതികൂട്ടിലാക്കിയ പന്ത് ചുരണ്ടല്‍ വിവാദം അരങ്ങേറിയത്. ഈ സംഭവത്തെ തുടര്‍ന്ന് സ്‌റ്റീവ് സ്‌മിത്ത്, ഡേവിഡ് വാര്‍ണര്‍, ബാന്‍ക്രോഫ്‌റ്റ് എന്നീ മൂന്ന് താരങ്ങള്‍ വിലക്കുള്‍പ്പടെയുള്ള നടപടികളും നേരിടേണ്ടി വന്നിരുന്നു.