വിശാഖപട്ടണം: ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ ടി20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകുകയാണ് (India vs Australia T20I Series). പുതിയ നായകന് കീഴില്‍ ടീം ഇന്ത്യയുടെ മറ്റൊരു പരമ്പര. ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററായ സൂര്യകുമാര്‍ യാദവാണ് ഓസീസിനെതിരായ ടി20 പരമ്പരയില്‍ ടീം ഇന്ത്യയെ നയിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ടീം ഇന്ത്യ പരീക്ഷിക്കുന്ന ഒന്‍പതാമത്തെ നായകന്‍.
ഏകദിന ക്രിക്കറ്റ് ലോകകപ്പിന് തൊട്ടുപിന്നാലെ ആരംഭിക്കുന്ന പരമ്പരയായതിനാല്‍ സീനിയര്‍ താരങ്ങള്‍ക്ക് ടീം മാനേജ്‌മെന്‍റ് വിശ്രമം അനുവദിക്കുമെന്നത് നേരത്തെ വ്യക്തമായിരുന്ന കാര്യമാണ്. നേരത്തെ, ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍ ഇന്ത്യത കളിക്കാനിറങ്ങുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍, ലോകകപ്പിനിടെ പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതോടെയാണ് ബിസിസിഐയ്‌ക്ക് ഓസീസിനെതിരായ പരമ്പരയ്‌ക്കായി പുതിയ നായകനെ തെരയേണ്ടി വന്നതും.
ഇതോടെയാണ് സൂര്യകുമാര്‍ യാദവിന് ഇന്ത്യന്‍ സീനിയര്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയേയും ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെയും നയിച്ചുള്ള പരിചയം സൂര്യകുമാര്‍ യാദവിനുണ്ട്. ഇതോടെ, 2021 ജനുവരിക്ക് ശേഷം ഇന്ത്യയെ നയിക്കുന്ന ഒന്‍പതാമത്തെ ക്യാപ്‌റ്റനായിട്ടാണ് സൂര്യകുമാര്‍ മാറുന്നത് (Team India T20I Captains Since 2021 January).
എംഎസ് ധോണിക്ക് ശേഷം ഇന്ത്യയുടെ സ്ഥിരം ക്യാപ്‌റ്റനായി നിയമിക്കപ്പെട്ട വിരാട് കോലി സ്ഥാനമൊഴിഞ്ഞതോടെയാണ് ഇന്ത്യന്‍ ടീമില്‍ നായക പരീക്ഷണം ആരംഭിച്ചത്. കോലിക്ക് ശേഷം രോഹിത് ശര്‍മയാണ് ഈ സ്ഥാനത്തേക്ക് എത്തിയത്. ഇക്കാലയളവില്‍ ഇന്ത്യന്‍ ടീം കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ചതും രോഹിത് ശര്‍മയ്‌ക്ക് കീഴില്‍.
കഴിഞ്ഞ ടി20 ലോകകപ്പില്‍ ഉള്‍പ്പടെ 32 മത്സരങ്ങളാണ് രോഹിത് 2021 ജനുവരി മുതല്‍ ടീം ഇന്ത്യയെ നയിച്ചത്. ലോകകപ്പിന് ശേഷം രോഹിത് ശര്‍മ ഒരു ടി20 മത്സരം പോലും കളിച്ചിട്ടില്ല. ഇതിന് മുന്‍പ് ശിഖര്‍ ധവാന്‍, കെഎല്‍ രാഹുല്‍, റിഷഭ് പന്ത് എന്നിവരും ഇന്ത്യന്‍ ടി20 ടീമിന്‍റെ നായകന്മാരായി.
രോഹിതിന്‍റെ അഭാവത്തില്‍ 2022ലെ ടി20 ലോകകപ്പിന് ശേഷം ഭൂരിഭാഗം മത്സരങ്ങളും ടീം ഇന്ത്യ കളിച്ചത് ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് കീഴില്‍. 16 മത്സരങ്ങളാണ് ഹാര്‍ദിക് ടീമിനെ നയിച്ചത്. ഇന്ത്യയുടെ അവസാന അയര്‍ലന്‍ഡ് പര്യടനത്തില്‍ ജസ്‌പ്രീത് ബുംറയായിരുന്നു ക്യാപ്‌റ്റന്‍.
ഏഷ്യന്‍ ഗെയിംസില്‍ റിതുരാജ് ഗെയ്‌ക്‌വാദും ഇന്ത്യന്‍ ടി20 ടീമിനെ നയിച്ചു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സൂര്യകുമാര്‍ യാദവിനും ഇന്ത്യന്‍ സീനിയര്‍ ടി20 ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചിരിക്കുന്നത്.