അഡ്‌ലെയ്‌ഡ് : ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് 169 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറിൽ 6 വിക്കറ്റ് നഷ്‌ടത്തിൽ 168 റണ്‍സ് നേടി. അർധ സെഞ്ച്വറിയുമായി തിളങ്ങിയ വിരാട് കോലിയുടെയും(40 പന്തിൽ 50), ഹാർദിക് പാണ്ഡ്യയുടേയും(33 പന്തിൽ 63) മികവിലാണ് ഇന്ത്യ മികച്ച സ്‌കോറിലേക്ക് എത്തിയത്.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഓപ്പണർ കെഎൽ രാഹുലിനെ(5) രണ്ടാം ഓവറിൽ തന്നെ നഷ്‌ടമായി. തുടർന്ന് ഒന്നിച്ച കോലിയും രോഹിത് ശർമയും ചേർന്ന് തകർച്ചയിൽ നിന്ന് ഇന്ത്യയെ പതിയെ കരകയറ്റി. ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി. എന്നാൽ മികച്ച ഫോമിൽ കളിക്കുകയായിരുന്ന രോഹിത്തിനെ (27) എട്ടാം ഓവറിൽ ഇന്ത്യക്ക് നഷ്‌ടമായി.
പിന്നാലെ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന സൂര്യകുമാർ യാദവ് കളത്തിലെത്തിയെങ്കിലും താരത്തിന് അധികസമയം തുടരാനായില്ല. ഒന്നുവീതം ഫോറും സിക്‌സും പായിച്ച് തകർപ്പൻ ഫോമിന്‍റെ സൂചനകൾ നൽകിയെങ്കിലും ആദിൽ റഷീദിന്‍റെ പന്തിൽ ക്യാച്ച് നൽകി സൂര്യകുമാർ പുറത്താവുകയായിരുന്നു. 14 റണ്‍സ് മാത്രമായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ഇതോടെ ഇന്ത്യ 11.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 75 എന്ന നിലയിലായി.
എന്നാൽ സൂര്യക്ക് പിന്നാലെ ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ കോലിക്കൊപ്പം സ്‌കോർ ഉയർത്തി. പാണ്ഡ്യ എത്തിയതോടെ, ഇഴഞ്ഞ് നീങ്ങുകയായിരുന്ന ഇന്ത്യൻ സ്‌കോർ വേഗത്തിലായി. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. എന്നാൽ ടീം സ്‌കോർ 136ൽ നിൽക്കെ അർധ സെഞ്ച്വറി പൂർത്തിയാക്കിയ തൊട്ടടുത്ത പന്തിൽ തന്നെ കോലി പുറത്തായി. കോലിയും ഹാർദിക്കും ചേർന്ന് 61 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യക്കായി പടുത്തുയർത്തിയത്.
പിന്നാലെയെത്തിയ റിഷഭ് പന്തിനെ കൂട്ടുപിടിച്ച് ഹാർദിക് വമ്പൻ അടികളുമായി സ്‌കോർ ഉയർത്തിക്കൊണ്ടിരുന്നു. ഇരുവരും ചേർന്ന് ടീം സ്‌കോർ 150 കടത്തി. ഇതിനിടെ ഹാർദിക് തന്‍റെ അർധ സെഞ്ച്വറിയും പൂർത്തിയാക്കി. എന്നാൽ അവസാന ഓവറിൽ റിഷഭ് പന്ത്(6) റണ്‍ഔട്ട് ആയി. പിന്നാലെ ഓവറിലെ നാലും അഞ്ചും പന്തുകളിൽ ബൗണ്ടറിയടിച്ച് ഹാർദിക് പാണ്ഡ്യ തകർത്തെങ്കിലും അവസാന പന്തിൽ ഹിറ്റ് ഔട്ടായി താരം മടങ്ങുകയായിരുന്നു.
33 പന്തിൽ നിന്ന് അഞ്ച് സിക്‌സിന്‍റെയും നാല് ഫോറിന്‍റെയും അകമ്പടിയോടെ 63 റണ്‍സ് നേടിയാണ് പാണ്ഡ്യ പുറത്തായത്. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ക്രിസ് വോക്‌സ്, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.