കറാച്ചി: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയാണ് വിരാട് കോലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. പുറത്താകാതെ 52 പന്തിൽ 83 റൺസെടുത്ത പ്രകടനം താരത്തിന്‍റെ കരിയറിലെ മികച്ച ടി20 ഇന്നിങ്‌സുകളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്‌ക്ക് അവസാന എട്ട് പന്തില്‍ 28 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
പാകിസ്ഥാനായി 19-ാം ഓവര്‍ എറിഞ്ഞ ഹാരീസ് റൗഫിന്‍റെ അവസാന പന്തുകളില്‍ കോലി പറത്തിയ സിക്‌സുകള്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. റൗഫിന്‍റെ അഞ്ചാം പന്ത് ഒരു ബാക്ക് ഫൂട്ട് പഞ്ചിലൂടെ ലോങ് ഓണിലേക്കാണ് കോലി പറത്തിയത്. തുടര്‍ന്ന് അവസാന പന്ത് ബിഹൈന്‍റ് സ്‌ക്വയര്‍ ലഗിലേക്ക് ഫ്ലിക് ചെയ്യുകയും ചെയ്‌തു.
മറ്റൊരു താരത്തിനും കഴിയാത്ത ഷോട്ടുകള്‍: ഇപ്പോഴിതാ കോലിയുടെ ഈ പ്രകടനത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചിരിക്കുകയാണ് ഹാരിസ് റൗഫ്. ലോകത്ത് മറ്റൊരു താരത്തിനും അത്തരം ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നാണ് ഹാരിസ് റൗഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
"കോലിയുടെ ക്ലാസ് അതാണ്. അദ്ദേഹം കളിക്കുന്ന ഷോട്ടുകൾ, അദ്ദേഹം അടിച്ച ആ രണ്ട് സിക്‌സുകള്‍, ലോകത്ത് മറ്റൊരു കളിക്കാരനും അത്തരം ഷോട്ടുകൾ അടിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ദിനേശ് കാർത്തിക്കോ ഹാർദിക് പാണ്ഡ്യയോ എന്നെ അങ്ങനെ അടിച്ചിരുന്നെങ്കിൽ എനിക്ക് വേദനിക്കാമായിരുന്നു. പക്ഷെ അത് കോലിയായിരുന്നു. അദ്ദേഹത്തിന്‍റെ ക്ലാസ് വേറെയാണ്", ഹാരിസ് റൗഫ് പറഞ്ഞു.
- " class="align-text-top noRightClick twitterSection" data="
">
കോലി നേടിയ ആദ്യത്തെ സിക്‌സ് ഒരു മാസത്തിനു ശേഷവും തനിക്ക് ഉൾക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ലെന്നും റൗഫ് പറഞ്ഞു. "ആ ലെങ്ത്തിലുള്ള പന്ത് അത്ര ദൂരത്തേക്ക് അടിക്കാന്‍ കോലിക്ക് കഴിയുമെന്ന് എനിക്കറിയില്ലായിരുന്നു. ആ ഷോട്ട് എനിക്കെതിരെ കളിച്ചതാണ് അദ്ദേഹത്തിന്‍റെ ക്ലാസ്. എന്‍റെ പ്ലാനും എക്‌സിക്യൂഷനും മികച്ചതായിരുന്നു. പക്ഷേ ആ ഷോട്ട് .. സൂപ്പര്‍ ക്ലാസായിരുന്നു", ഹാരിസ് റൗഫ് പറഞ്ഞു.
ഇടങ്കയ്യന്‍ സ്‌പിന്നര്‍ മുഹമ്മദ് നവാസ് അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ 20 റൺസെങ്കിലും ഇന്ത്യയ്‌ക്ക് വിജയലക്ഷ്യം നല്‍കാനായിരുന്നു പദ്ധതിയെന്നും എന്നാല്‍ കോലിയുടെ മിടുക്ക് ഇത് തകിടം മറിച്ചുവെന്നും ഹാരിസ് റൗഫ് കൂട്ടിച്ചേര്‍ത്തു.
"അവസാന 12 പന്തില്‍ ഇന്ത്യയ്‌ക്ക് 31 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്‍റെ ആദ്യ നാല് പന്തില്‍ ഞാന്‍ വെറും മൂന്ന് റണ്‍സ് മാത്രമായിരുന്നു വിട്ട് നല്‍കിയത്. നവാസാണ് അവസാന ഓവർ എറിയുകയെന്ന് എനിക്ക് അറിയാമായിരുന്നു.
അവൻ ഒരു സ്‌പിന്നറാണ്, കുറഞ്ഞത് നാല് ബൗണ്ടറികളെങ്കിലും വഴങ്ങിയാലും ഇന്ത്യയ്‌ക്ക് വിജയം നേടാന്‍ കഴിയാത്ത ഒരു ലക്ഷ്യം ബാക്കി വയ്‌ക്കാനാണ് ഞാന്‍ ശ്രമിച്ചത്. എന്നാല്‍ കോലി എന്‍റെ എല്ലാ പദ്ധതികളും തകര്‍ത്തു. മെല്‍ബണിലെ ബൗണ്ടറികള്‍ ഏറെ വലുതാണ്. പക്ഷെ അത്ര ദൂരത്തേക്ക് പന്തടിച്ചത് കോലിയുടെ ക്ലാസാണ്", ഹാരിസ് റൗഫ് വ്യക്തമാക്കി.
Also read: video: സൂപ്പർമാർക്കറ്റിൽ വാക്കുതർക്കവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം: പരാതി കിട്ടിയില്ലെന്ന് പൊലീസ്