സിഡ്‌നി: ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ സെമിയുറപ്പിച്ച് ഇംഗ്ലണ്ട്. സൂപ്പര്‍ 12ലെ നിര്‍ണായക മത്സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിച്ചാണ് ഇംഗ്ലണ്ടിന്‍റെ മുന്നേറ്റം. ശ്രീലങ്ക ഉയര്‍ത്തിയ 142 റണ്‍സ് ലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് നാല് വിക്കറ്റുകള്‍ക്കാണ് ജയം പിടിച്ചത്. സ്‌കോര്‍: ശ്രീലങ്ക- 141/8, ഇംഗ്ലണ്ട്- 144/6 (19.4).
30 പന്തില്‍ 47 റണ്‍സെടുത്ത അലക്‌സ് ഹെയില്‍സാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്‌കോറര്‍. 36 പന്തില്‍ 44 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സിന്‍റെ പ്രകടനവും നിര്‍ണായകമായി. ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (23 പന്തില്‍ 28), ഹാരി ബ്രൂക്‌സ് (4 പന്തില്‍ 5), ലിയാം ലിവിങ്‌സ്റ്റണ്‍ (6 പന്തില്‍ 4), മൊയിന്‍ അലി (5 പന്തില്‍ 1), സാം കറന്‍ (11 പന്തില്‍ 6) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
ക്രിസ് വോക്‌സ് (3 പന്തില്‍ 5) പുറത്താവാതെ നിന്നു. ലങ്കയ്‌ക്കായി ലഹിരു കുമാര, ധനഞ്ജയ ഡിസില്‍വ, ഹസരങ്ക എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ ടോസ് ബാറ്റുചെയ്യാനിറങ്ങിയ ലങ്കയ്‌ക്ക് ഓപ്പണര്‍ പാതും നിസങ്കയുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് തുണയായത്. 45 പന്തില്‍ 67 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്. കുശാല്‍ മെന്‍ഡിസ് (14 പന്തില്‍ 18), ഭാനുക രജപക്സെ (22 പന്തില്‍ 22) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ് മൂന്ന് വിക്കറ്റെടുത്തു. ബെന്‍ സ്റ്റോക്‌സ്, ക്രിസ് വോക്‌സ്, ആദില്‍ റഷീദ്, മാര്‍ക്ക് വുഡ് എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്.
ഗ്രൂപ്പില്‍ നിന്നും ന്യൂസിലന്‍ഡിന് പിന്നാലെ ഇംഗ്ലണ്ടും സെമിയുറപ്പിച്ചതോടെ നിലവിലെ ചാമ്പ്യന്‍മാരും ആതിഥേയരുമായ ഓസ്ട്രേലിയ പുറത്തായി. ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും ഓസ്ട്രേലിയക്കും ഏഴ് പോയിന്‍റാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റാണ് ന്യൂസിലന്‍ഡിനും ഇംഗ്ലണ്ടിനും തുണയായത്. മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ന്യൂസിലന്‍ഡാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്.