അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പ് സെമിയില്‍ പ്രവേശിച്ച് പാകിസ്ഥാന്‍. സൂപ്പര്‍ 12ലെ നിര്‍ണായക പോരാട്ടത്തില്‍ ബംഗ്ലാദേശിനെ അഞ്ച് വിക്കറ്റിന് വീഴ്‌ത്തിയാണ് പാകിസ്ഥാന്‍റെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 127 റണ്‍സാണ് നേടിയത്.
മറുപടിക്കിറങ്ങിയ പാകിസ്ഥാന്‍ 18.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 128 റണ്‍സെടുത്തു. 32 പന്തില്‍ 32 റണ്‍സെടുത്ത മുഹമ്മദ് റിസ്‌വാനാണ് പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍. ബാബര്‍ അസം (25), മുഹമ്മദ് ഹാരിസ് (31), മുഹമ്മദ് നവാസ് (4), ഇഫ്‌തിഖര്‍ അഹമ്മദ് (1) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. 14 പന്തില്‍ 24 റണ്‍സടിച്ച ഷാന്‍ മസൂദിനൊപ്പം ഷദാബ് ഖാന്‍ പുറത്താവാതെ നിന്നു.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശിനെ നാല് വിക്കറ്റ് വീഴ്‌ത്തിയ ഷഹീൻ ഷാ അഫ്രീദിയാണ് എറിഞ്ഞൊതുക്കിയത്. അർധസെഞ്ചുറി നേടിയ നജ്‌മുൽ ഹൊസൈൻ ഷാന്‍റോയാണ് ബംഗ്ലാദേശിന്റെ ടോപ് സ്കോറർ. 48 പന്തിൽ 54 റണ്‍സാണ് താരം നേടിയത്.
സൗമ്യ സർക്കാർ (17 പന്തിൽ 20), അഫീഫ് ഹുസൈൻ (20 പന്തിൽ 24), ലിറ്റന്‍ ദാസ് (8 പന്തില്‍ 10) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. പാകിസ്ഥാനായി നാല് ഓവറില്‍ 22 റണ്‍സ് മാത്രം വഴങ്ങിയാണ് ഷഹീൻ ഷാ അഫ്രീദിയുടെ പ്രകടനം. ഷബാദ് ഖാൻ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സ് ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചതോടെ ഇന്ത്യയും സെമിയുറപ്പിച്ചിരുന്നു. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ സിംബാബ്‌വെയെ തോല്‍പ്പിച്ചാല്‍ ഇന്ത്യയ്‌ക്ക് ഗ്രൂപ്പ് ചാമ്പ്യന്മാരാവാം.
also read: T20 World Cup: അട്ടിമറി വീരൻമാരായി നെതർലൻഡ്‌സ്; ദക്ഷിണാഫ്രിക്ക പുറത്ത്, ഇന്ത്യ സെമിയില്‍