മെല്‍ബണ്‍: ടി20 ലോകകപ്പ് സൂപ്പര്‍ 12ലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ സിംബാബ്‌വെയ്‌ക്ക് 187 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 186 റണ്‍സെടുത്തത്. സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യയെ മികച്ച സ്‌കോറിലെത്തിച്ചത്.
വെടിക്കെട്ട് പ്രകടനം നടത്തി പുറത്താവാതെ നിന്ന സൂര്യയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 25 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 61 റണ്‍സാണ് താരം നേടിയത്. രാഹുല്‍ 35 പന്തില്‍ 51 റണ്‍സെടുത്തു. ഭേദപ്പെട്ട തടക്കമാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്.
പവര്‍പ്ലേ പൂര്‍ത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 46 റണ്‍സായിരുന്നു ടീം ടോട്ടലിലുണ്ടായിരുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ആദ്യം വീണത്. 13 പന്തില്‍ 15 റണ്‍സെടുത്ത രോഹിത്തിനെ മുസരബാനി മസകാഡ്‌സയുടെ കയ്യിലെത്തിച്ചു.
തുടര്‍ന്ന് ഒന്നിച്ച കെഎല്‍ രാഹുല്‍-വിരാട് കോലി സഖ്യം 60 റണ്‍സിന്‍റെ കൂട്ടുകെട്ട് ഉയര്‍ത്തി. കോലിയെ റയാന്‍ ബേളിന്‍റെ കയ്യിലെത്തിച്ച് സീൻ വില്യംസാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 26 പന്തില്‍ 26 റണ്‍സാണ് കോലി നേടിയത്. നാലാമതായെത്തിയ സൂര്യകുമാര്‍ ഒരറ്റത്ത് അടി തുടങ്ങിയപ്പോള്‍ രാഹുലും റിഷഭ് പന്തും തിരിച്ച് കയറി. അഞ്ച് പന്തില്‍ മൂന്ന് റണ്‍സാണ് പന്തിന് നേടാന്‍ കഴിഞ്ഞത്.
തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യയ്‌ക്കൊപ്പം ചേര്‍ന്ന സൂര്യകുമാര്‍ 55 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. 20-ാം ഓവറിന്‍റെ രണ്ടാം പന്തിലാണ് ഹാര്‍ദിക് പുറത്തായത്. 18 പന്തില്‍ 18 റണ്‍സാണ് താരം നേടിയത്. അക്‌സര്‍ പട്ടേലും പുറത്താവാതെ നിന്നു.
സിംബാബ്‌വെയ്‌ക്കായി സീൻ വില്യംസ് രണ്ട് ഓവറില്‍ ഒമ്പത് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. സിക്കന്ദര്‍ റാസ, വെല്ലിങ്‌ടണ്‍ മസകാഡ്‌സ, റിച്ചാർഡ് നഗാരവ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.
കഴിഞ്ഞ മത്സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ സിംബാബ്‌വെയ്‌ക്കെതിരെ കളിക്കാനിറങ്ങിയത്. വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തികിന് പകരം റിഷഭ് പന്ത് പ്ലേയിങ് ഇലവനിലെത്തി. ടൂര്‍ണമെന്‍റില്‍ ഇതേവരെ കളിക്കാത്ത പന്തിന് അവസരം നല്‍കാനാണ് ടീമില്‍ മാറ്റം വരുത്തിയതെന്ന് രോഹിത് ശര്‍മ വ്യക്തമാക്കിയിരുന്നു.
ഇന്ത്യ (പ്ലേയിംഗ് ഇലവൻ): കെ എൽ രാഹുൽ, രോഹിത് ശർമ (സി), വിരാട് കോലി, സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, റിഷഭ് പന്ത് (ഡബ്ല്യു), അക്‌സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി, അർഷ്‌ദീപ് സിങ്.
സിംബാബ്‌വെ (പ്ലേയിംഗ് ഇലവൻ): വെസ്‌ലി മധേവെരെ, ക്രെയ്‌ഗ് എർവിൻ (സി), റെജിസ് ചകബ്‌വ (ഡബ്ല്യു), സീൻ വില്യംസ്, സിക്കന്ദർ റാസ, ടോണി മുൻയോംഗ, റയാൻ ബേള്‍, ടെൻഡായി ചതാര, റിച്ചാർഡ് നഗാരവ, വെല്ലിങ്‌ടണ്‍ മസകാഡ്‌സ, ബ്ലെസിങ് മുസരബാനി.