അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരായ തകർപ്പൻ ജയത്തോടെ ഇന്ത്യ സെമി സാധ്യത സജീവമാക്കി. മഴമൂലം 16 ഓവറായി ചുരുക്കിയ മത്സരത്തിൽ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് 66 റണ്‍സിൽ നിൽക്കെ മഴ പെയ്യുകയും വിജയലക്ഷ്യം 16 ഓവറിൽ 151 റണ്‍സായി ചുരുക്കുകയുമായിരുന്നു. 7.2 ഓവറില്‍ 68-1 എന്ന ശക്തമായ നിലയില്‍ നിന്ന ബംഗ്ലാ കടുവകളെ എറിഞ്ഞൊതുക്കിയാണ് ഇന്ത്യ വിജയത്തിലേക്കെത്തിയത്.
അവസാന പന്ത് വരെ ആവേശം നിറഞ്ഞതായിരുന്നു മത്സരം. ഒരു ഘട്ടത്തിൽ അനായസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ബംഗ്ലാദേശ് മഴയ്‌ക്ക് പിന്നാലെ തണുപ്പൻ കളിയാണ് പുറത്തെടുത്തത്. മഴയ്‌ക്ക് ശേഷം ബംഗ്ലാദേശിന് 54 പന്തിൽ 95 റണ്‍സായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റിട്ട ഇന്ത്യൻ ബോളർമാർ കൈവിട്ട മത്സരം തിരികെ കൊണ്ടുവരികയായിരുന്നു.
അർഷദീപ് സിങ് എറിഞ്ഞ അവസാന ഓവറിൽ 20 റണ്‍സായിരുന്നു ബംഗ്ലാദേശിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഓവറിലെ രണ്ടാം പന്ത് നുറുൾ ഹുസൈൻ സിക്‌സിന് പറത്തി ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ തുടർന്നുള്ള രണ്ട് ബോളുകളിൽ നിന്ന് രണ്ട് റണ്‍സേ അർഷദീപ് വിട്ടുനൽകിയുള്ളു. എന്നാൽ അഞ്ചാം പന്തിൽ നുറുൾ ഫോർ നേടിയതോടെ വിജയലക്ഷ്യം ഒരു പന്തിൽ ആറ് റണ്‍സ്. എന്നാൽ അവസാന പന്തിൽ ഒരു റണ്‍സ് നേടാനെ ബംഗ്ലാദേശിനായുള്ളു.
തുടക്കം ഗംഭീരം: മഴ മുന്നിൽ കണ്ട് വമ്പൻ അടികളുമായാണ് ബംഗ്ലാദേശ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയത്. 21 പന്തിൽ അർധശതകം തികച്ച ലിറ്റണ്‍ ദാസ് ആദ്യ ആറ് ഓവറിൽ തന്നെ ബംഗ്ലാദേശിന്‍റെ സ്‌കോർ 60 കടത്തി. തുടർന്നാണ് മഴയെത്തിയത്. മഴ മാറി മത്സരം പുനരാരംഭിച്ചതോടെ ഇന്ത്യ മത്സരത്തിൽ പിടിമുറുക്കി. എട്ടാം ഓവറിൽ കെഎൽ രാഹുലിന്‍റെ ഡയറക്‌ട് ത്രോയിൽ ലിറ്റണ്‍ ദാസ് പുറത്തായതാണ് മത്സരത്തിൽ വഴിത്തിരിവായത്. പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് പൊഴിഞ്ഞു.
നജ്‌മുൽ ഹുസൈൻ ഷാന്‍റോ (21), അഫിഫ് ഹുസൈൻ(3), ഷാകിബ് അൽ ഹസൻ(13) യാസിർ അലി(1), മൊസാദെക് ഹുസൈൻ(6) എന്നിവർ പെട്ടന്ന് തന്നെ മടങ്ങിയത് ബംഗ്ലാദേശിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ നുറുൽ ഹൊസൈനും, ടസ്‌കിൻ അഹ്‌മദും പൊരുതിയെങ്കിലും ബംഗ്ലാദേശിനെ വിജയത്തിലേക്കെത്തിക്കാനായില്ല. ഇന്ത്യക്കായി അർഷദീപ് സിങ്, ഹാർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുഹമ്മദ് ഷമി ഒരു വിക്കറ്റും നേടി.
തിളങ്ങിയത് കോലിയും രാഹുലും: നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ അർധ സെഞ്ച്വറി നേടിയ വിരാട് കോലി(64), കെഎൽ രാഹുൽ(50) എന്നിവരുടെ ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. 16 പന്തിൽ 30 റണ്‍സുമായി സൂര്യകുമാർ യാദവും മികച്ച പിന്തുണ നൽകി. ഇവരെക്കൂടാതെ രവിചന്ദ്രൻ അശ്വിന്(13) മാത്രമാണ് രണ്ടക്കം കടക്കാനായത്. നായകൻ രോഹിത് ശർമ(2) നിരാശപ്പെടുത്തി.
ALSO READ: T20 WORLD CUP 2022 | രാഹുൽ ഈസ് ബാക്ക്, ഫോം തുടർന്ന് കോലി; ബംഗ്ലാദേശിന് കൂറ്റൻ വിജയ ലക്ഷ്യം
വിജയത്തോടെ ഇന്ത്യ രണ്ടാം ഗ്രൂപ്പിൽ നിന്ന് സെമി സാധ്യതകൾ സജ്ജീവമാക്കി. നിലവിൽ നാല് മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയവും ഒരു തോൽവിയും ഉൾപ്പെടെ ആറ് പോയിന്‍റുമായി രണ്ടാം ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. മത്സരത്തിൽ പരാജയപ്പെട്ട ബംഗ്ലാദേശ് നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് രണ്ടാം സ്ഥാനത്ത്.