മൊഹാലി: ടി 20 ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാക് താരങ്ങള്‍ക്ക് മാര്‍ഗം ഉപദേശിച്ച് മുന്‍ താരം ഷോയിബ് അക്തർ. വിജയിക്കണമെങ്കില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് മത്സരത്തിന് മുമ്പ് ഉറക്കഗുളിക നല്‍കണമെന്നാണ് അക്തര്‍ ഒരു സ്പോര്‍ട്‌സ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തമാശ രൂപേണ പറഞ്ഞത്.
മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്ങും ഈ അഭിമുഖത്തിന്‍റെ ഭാഗമായിരുന്നു. അവതാരകയുടെ ചോദ്യത്തിനുള്ള ഉത്തരമായാണ് മുന്‍ പേസര്‍ ചിരിപൊട്ടിച്ചത്. ഇതിന് ശേഷം ബാബര്‍ അസമിനും സംഘത്തിനും ശരിയായ ഉപദേശവും അക്തര്‍ നല്‍കി.
ബാറ്റ് ചെയ്യുമ്പോള്‍ മികച്ച തുടക്കം നല്‍കാന്‍ ഓപ്പണര്‍മാര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആദ്യ ഓവറുകളില്‍ കഴിയുന്നതും ഡോട്ട് ബോളുകള്‍ ഇല്ലാതാക്കാന്‍ ശ്രമം നടത്തണം. പതിയെ തുടങ്ങി അഞ്ചോ ആറോ ഓവറുകള്‍ക്ക് ശേഷം റണ്‍ റേറ്റ് ഉയര്‍ത്തുകയാണ് വേണ്ടത്. മികച്ച ടോട്ടലുണ്ടെങ്കില്‍ ബൗളിങ്ങില്‍ ആക്രമണോത്സുകത പുലര്‍ത്തി വിക്കറ്റുകള്‍ വീഴ്‌ത്തണമെന്നും അക്തര്‍ വ്യക്തമാക്കി.
also read: 'അവന്‍ മിന്നിയാല്‍ പാകിസ്ഥാനെതിരായ മത്സരം ഏകപക്ഷീയമാകും'; ഇന്ത്യന്‍ താരത്തെ ചൂണ്ടി സെവാഗ്
അതേസമയം ലോകകപ്പ് പോരാട്ടങ്ങളുടെ ചരിത്രത്തില്‍ ഇതേവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനായിട്ടില്ല. ഏകദിന ലോകകപ്പിൽ ഏഴ് തവണയും ടി20 ലോകകപ്പിൽ അഞ്ച് തവണയുമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. അതിൽ എല്ലാ മത്സരത്തിലും സമ്പൂർണ ആധിപത്യം ഇന്ത്യക്കായിരുന്നു. ഇതോടെ ചരിത്രം തുടരാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ പുതുചരിത്രമാവും പാകിസ്ഥാന്‍ ലക്ഷ്യമിടുന്നത്.