അബുദബി: ടി20 ലോകകപ്പിലെ ആദ്യ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. അബുദബിയില്‍ വൈകീട്ട് 3.30നാണ് മത്സരം നടക്കുക. ടൂര്‍ണമെന്‍റില്‍ കന്നി കിരീടം ലക്ഷ്യം വെച്ചാണ് ഇരു സംഘവും പോരാട്ടത്തിനിറങ്ങുന്നത്. സന്നാഹ മത്സരങ്ങളിലെയക്കം പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ആശങ്കയിലാണ് ഓസ്‌ട്രേലി. എന്നാല്‍ ദക്ഷിണാഫ്രിക്കയാവട്ടെ തികഞ്ഞ ആത്മവിശ്വാസത്തിലും.
തോല്‍വിയില്‍ വലഞ്ഞ് ഓസീസ്
അടുത്തിടെ കളിച്ച പത്ത് ടി20 മത്സരങ്ങളില്‍ എട്ടിലും തോറ്റാണ് ആരോണ്‍ ഫിഞ്ചിന്‍റെ ഓസ്‌ട്രേലിയ ലോകകപ്പിനെത്തുന്നത്. വെസ്റ്റ്ഇന്‍ഡീസിനും ബംഗ്ലാദേശിനും എതിരായ പരമ്പരകളില്‍ തോല്‍വി വഴങ്ങിയ സംഘം സന്നാഹമത്സരത്തില്‍ ഇന്ത്യയോടും തോറ്റിരുന്നു.
ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ ഫോം ടീമിന് ആശങ്കയാണ്. കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്നും മോചിതനായ ഫിഞ്ചും ഐപിഎല്ലിന്‍റെ ആദ്യ പാദത്തിന് ശേഷം പേസര്‍ പാറ്റ് കമ്മിന്‍സും അടുത്തിടെ കൂടുതല്‍ ടി20 മത്സരങ്ങള്‍ കളിച്ചിട്ടില്ല. ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ ബാറ്റിങ് വെടിക്കെട്ടിലാണ് ടീം പ്രതീക്ഷ വെയ്‌ക്കുന്നത്.
ആത്മവിശ്വാസത്തില്‍ ദക്ഷിണാഫ്രിക്ക
നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, അയർലൻഡ്, ശ്രീലങ്ക എന്നിവര്‍ക്കെതിരെ തുടര്‍ച്ചായായ മൂന്ന് പരമ്പര നേട്ടത്തോടെയാണ് ദക്ഷിണാഫ്രിക്ക യുഎയിലെത്തിയത്. സന്നാഹ മത്സരത്തില്‍ അഫ്ഗാനിസ്ഥാനെയും പാകിസ്ഥാനെയും തകര്‍ക്കാന്‍ തെംബ ബാവുമയുടെ സംഘത്തിനായി.
ഓപ്പണര്‍ ക്വിന്‍റണ്‍ ഡി കോക്കിന്‍റെ മോശം ഫോം ടീമിന് ആശങ്കയാണ്. രണ്ട് സന്നാഹമത്സരത്തിലും രണ്ടക്കം കാണാതെയാണ് താരം തിരിച്ച് കയറിയത്. സ്‌പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്ന പിച്ചില്‍ ടി20യിലെ ഒന്നാം നമ്പര്‍ ബൗളറായ തബ്രൈസ് ഷംസിയില്‍ ടീമിന് പ്രതീക്ഷ ഏറെയാണ്.
ചരിത്രം
ഓസീസും ദക്ഷിണാഫ്രിക്കയും നേരത്തെ പരസ്പരം 21 കളികളില്‍ ഏറ്റുമുട്ടിയപ്പോള്‍ 13 മത്സരങ്ങളില്‍ വിജയം പിടിക്കാന്‍ ഓസീസിനായിട്ടുണ്ട്. എട്ട് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്ക ജയിച്ചത്. അതേസമയം ലോകകപ്പില്‍ ഒരേയൊരു തവണ ഏറ്റുമുട്ടിയപ്പോഴും ജയം ഓസീസിനൊപ്പം നിന്നു.
വേഗം കുറഞ്ഞ അബുദാബിയിലെ പിച്ചില്‍ 142 ആണ് ശരാശരി ആദ്യ ഇന്നിങ്‌സ് സ്‌കോര്‍. പിന്തുടരുന്ന ടീമിന് ജയസാധ്യത കൂടുതലെന്ന് കണക്കുകള്‍.