ദുബായ് : ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ബാറ്ററായി സൂര്യകുമാര്‍ യാദവ് തുടരുന്നു. ഏറ്റവും പുതിയ ഐസിസി ടി20 റാങ്കിങ്ങിലും സൂര്യകുമാര്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അടുത്തിടെ സമാപിച്ച ടി20 പരമ്പരയില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ബാറ്ററാണ് സൂര്യ.
838 റേറ്റിങ് പോയിന്‍റുമായാണ് 32കാരനായ താരം രണ്ടാമത് തുടരുന്നത്. പട്ടികയില്‍ ആദ്യ 10ല്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരവും സൂര്യകുമാറാണ്. 853 റേറ്റിങ് പോയിന്‍റുമായി പാക് ഓപ്പണര്‍ മുഹമ്മദ് റിസ്‌വാനാണ് പട്ടികയില്‍ തലപ്പത്ത് തുടരുന്നത്. കെഎൽ രാഹുലും വെറ്ററൻ താരം വിരാട് കോലിയും 13, 14 സ്ഥാനങ്ങളിൽ എത്തിയപ്പോൾ ക്യാപ്റ്റൻ രോഹിത് ശർമ 16-ാം സ്ഥാനത്താണ്.
കിവീസ് താരം ഡെവോൺ കോൺവേ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ആദ്യ അഞ്ചിലേക്ക് തിരിച്ചെത്തി. 760 റേറ്റിങ് പോയിന്‍റാണ് കോണ്‍വേയ്‌ക്കുള്ളത്. ന്യൂസിലൻഡിൽ നടന്നുകൊണ്ടിരിക്കുന്ന ത്രിരാഷ്ട്ര ടി20 പരമ്പരയിലെ പ്രകടനമാണ് താരത്തിന് തുണയായത്. ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലാന്‍, ഓസീസിന്‍റെ ആരോണ്‍ ഫിഞ്ച് എന്നിവരെ പിന്തള്ളിയാണ് കോണ്‍വേയുടെ മുന്നേറ്റം.
നാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ എയ്‌ഡന്‍ മാര്‍ക്രത്തിന് 77 റേറ്റിങ് പോയിന്‍റാണുള്ളത്. പാക് നായകന്‍ ബാബര്‍ അസമാണ് മൂന്നാം സ്ഥാനത്ത്.
ഏകദിന റാങ്കിങ്ങില്‍ ധവാന് വന്‍ വീഴ്‌ച: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര 2-1ന് ഇന്ത്യ നേടിയെങ്കിലും ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ക്യാപ്റ്റന്‍ ശിഖർ ധവാൻ ആറ് സ്ഥാനങ്ങൾ താഴ്ന്നു. നിലവിലെ പട്ടികയില്‍ 17-ാം റാങ്കിലാണ് ധവാന്‍. ഓരോ സ്ഥാനങ്ങള്‍ വീതമാണ് കോലിയും രോഹിത്തും ഇറങ്ങിയത്.
നിലവില്‍ കോലി ഏഴാമതും രോഹിത്ത് എട്ടാമതുമാണ്. ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പറന്ന ഇരുവരും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ കളിച്ചിരുന്നില്ല. ശ്രേയസ് അയ്യർ (33), ശുഭ്‌മാന്‍ ഗില്‍ (37) സഞ്ജു സാംസൺ (93) എന്നിവര്‍ നേട്ടമുണ്ടാക്കി.
ബൗളര്‍മാരുടെ പട്ടികയില്‍ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ കുൽദീപ് യാദവ് ആദ്യ 25-ൽ എത്തി. പ്രോട്ടീസിനെതിരായ മൂന്നാം ഏകദിനത്തിൽ നാല് വിക്കറ്റ് വീഴ്ത്താന്‍ കുല്‍ദീപിന് കഴിഞ്ഞിരുന്നു. പത്താം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയാണ് ഇന്ത്യയുടെ ഏറ്റവും ഉയര്‍ന്ന റാങ്കുള്ള ബൗളര്‍. സ്‌പിന്നർ യൂസ്‌വേന്ദ്ര ചഹൽ 20-ാം റാങ്കില്‍ തുടരുന്നു.