ദുബായ് : ഇന്ത്യയുടെ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാരായ സൂര്യകുമാര്‍ യാദവിനും വെങ്കടേഷ് അയ്യര്‍ക്കും ഐസിസി ടി20 റാങ്കിങ്ങില്‍ വമ്പന്‍ കുതിപ്പ്. വെസ്‌റ്റ്‌ഇന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ പ്രകടനമാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് തുണയായത്.
ബാറ്റർമാരുടെ റാങ്കിങ്ങില്‍ സൂര്യകുമാർ 35 സ്ഥാനങ്ങൾ ഉയർന്ന് 21ാം സ്ഥാനത്തെത്തി. 203 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ അയ്യര്‍ 115ാം സ്ഥാനത്തേക്കുയര്‍ന്നു. വിന്‍ഡീസ് നിരയില്‍ മിന്നിയ നിക്കോളാസ് പുരാന്‍ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 13ാം സ്ഥാനത്തേക്ക് കയറി.
വിന്‍ഡീസിനെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പര ഇന്ത്യ ഏകപക്ഷീയമായാണ് സ്വന്തമാക്കിയിരുന്നത്. പരമ്പരയിൽ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയത് സൂര്യകുമാറായിരുന്നു. പട്ടികയില്‍ രണ്ടാം സ്ഥാനത്ത് എത്താന്‍ അയ്യര്‍ക്കായി.
അടുത്തിടെ സമാപിച്ച ഓസ്‌ട്രേലിയ-ശ്രീലങ്ക ടി20 പരമ്പരയിലെ താരങ്ങളുടെ പ്രകടനവും റാങ്കിങ് പട്ടികയില്‍ മാറ്റങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഓസ്‌ട്രേലിയയുടെ ആഷ്ടൺ അഗർ ബൗളർമാരുടെ ആദ്യ 10ല്‍ ഇടം നേടി, നിലവിൽ 9-ാം സ്ഥാനത്താണ് താരമുള്ളത്. ശ്രീലങ്കയുടെ മഹീഷ് തീക്ഷണ 12 സ്ഥാനങ്ങൾ കയറി 17-ാം സ്ഥാനത്തെത്തി.
ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ഒമാൻ ക്യാപ്റ്റൻ സീഷാൻ മഖ്‌സൂദാണ് കാര്യമായ മുന്നേറ്റം നടത്തിയത്. നാലുസ്ഥാനങ്ങള്‍ ഉയര്‍ന്ന താരം ആറാം സ്ഥാനത്തെത്തി. ലോകകപ്പ് യോഗ്യതാമത്സരത്തിലെ പ്രകടനമാണ് സീഷാന് തുണയായത്.
also read: സഞ്ജു പ്രതിഭയുള്ള താരം, വിജയിക്കാനുള്ള കഴിവുണ്ട് : രോഹിത് ശര്‍മ
ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ന്യൂസിലാന്‍ഡ് പേസര്‍മാരായ കെയ്ൽ ജാമിസണും ടിം സൗത്തിയും നേട്ടമുണ്ടാക്കി. ഓരോ സ്ഥാനം മെച്ചപ്പെടുത്തിയ ഇരുവരും യഥാക്രമം 3, 5 സ്ഥാനങ്ങളിൽ എത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലെ പ്രകടനമാണ് ഇരുവര്‍ക്കും തുണയായത്.
ഓള്‍ റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ കിവീസ് താരം നീൽ വാഗ്‌നര്‍ നേട്ടമുണ്ടാക്കി. റാങ്കിങ്ങില്‍ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ താരം 13ാം സ്ഥാനത്തെത്തി.