ന്യൂഡൽഹി : ടി20 ലോകകപ്പിൽ ന്യൂസിലാൻഡിനെതിരെ മത്സരത്തിനിറങ്ങുന്ന ഇന്ത്യൻ ടീമിന് പിന്തുണയുമായി മുൻ താരം സുനിൽ ഗവാസ്‌കര്‍. മത്സരത്തിൽ ഇന്ത്യക്ക് വിജയിക്കാനാകുമെന്നും കഴിഞ്ഞ വർഷം ന്യൂസിലാൻഡിനെതിരായ ടി20 പരമ്പര തൂത്തുവാരിയത് മറക്കരുതെന്നും ഗവാസ്‌കര്‍ പറഞ്ഞു.
ന്യൂസിലാൻഡ് വളരെ സന്തുലിതമായ ടീമാണ്. കീഴടങ്ങാൻ മനസില്ലാത്ത പോരാട്ട വീര്യമുള്ള ടീമാണ് അവരുടേത്. അതിനാൽ തന്നെ മത്സരം ഇന്ത്യക്ക് എളുപ്പമാകില്ല. എന്നാൽ ഇന്ത്യൻ ടീമും വളരെ ശക്തരാണ്. ന്യൂസിലാൻഡിൽ നടന്ന ടി20 പരമ്പര 5-0 നാണ് ഇന്ത്യ തൂത്തുവാരിയത്. അതിനാൽ തന്നെ ഇന്നത്തെ മത്സരവും ഇന്ത്യ വിജയിക്കും, ഗവാസ്കർ പറഞ്ഞു.
പാകിസ്ഥാനായ തോൽവിയുടെ പേരിൽ മാത്രം ഇന്ത്യയെ തള്ളിക്കളയാനാകില്ല. വളരെ മികച്ച ടീമാണ് ഇന്ത്യയുടേത്. അതിനാൽ ഒരു കളിയിലെ തോൽവി കൊണ്ടുമാത്രം ഇന്ത്യയെ വിലയിരുത്താനാകില്ല. ലോക കിരീടം സ്വന്തമാക്കാനുള്ള കഴിവ് ഇന്ത്യൻ സംഘത്തിനുണ്ട്. അതിനാൽ തന്നെ ഇന്ത്യ ഫൈനലിലേക്ക് യോഗ്യതനേടും എന്ന് തന്നെയാണ് വിശ്വാസം, ഗവാസ്‌കർ പറഞ്ഞു.
ALSO READ : ടി20 ലോകകപ്പ്: ഇന്ത്യയ്‌ക്ക് കിവീസിനെതിരെ ഇന്ന് ജീവന്‍ മരണപ്പോരാട്ടം; തോറ്റാല്‍ സാധ്യതകള്‍ മങ്ങും
കൂടാതെ മത്സരത്തിൽ വിജയിക്കുന്നതിനായി ഇന്ത്യൻ ടീമിൽ കുറച്ച് അഴിച്ചുപണികൾ നടത്തണമെന്നും ഗവാസ്‌കര്‍ നിര്‍ദേശിച്ചു. ഹാർദിക് പാണ്ഡ്യക്ക് പന്തെറിയാൻ സാധിച്ചില്ലെങ്കിർ പകരം ആ സ്ഥാനത്ത് ഇഷാൻ കിഷനെ പരിഗണിക്കാവുന്നതാണ്. കിഷൻ മികച്ച ഫോമിലാണ് കളിക്കുന്നത്. ഭുവനേശ്വർ കുമാറിന് പകരം ശാർദുൽ താക്കൂറിനെയും ഉൾപ്പെടുത്താവുന്നതാണ്, ഗവാസ്കർ കൂട്ടിച്ചേർത്തു.