മുംബൈ: വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ സര്‍ഫറാസ് ഖാനെ ഉള്‍പ്പെടുത്താതിരുന്നതില്‍ കടുത്ത വിമര്‍ശനമാണ് ബിസിസിഐ നേരിടുന്നത്. ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിന്‍റെ ചരിത്രത്തിൽ തന്നെ അധികം പേര്‍ക്ക് അവകാശപ്പെടാന്‍ കഴിയാത്ത അത്രയും മികച്ച പ്രകടനം കാഴ്‌ചവച്ച താരമാണ് 25-കാരനായ സര്‍ഫറാസ് ഖാന്‍. 37 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 79.65 ശരാശരിയിൽ 13 സെഞ്ചുറികൾ ഉൾപ്പെടെ 3505 റൺസ് സർഫറാസ് നേടിയിട്ടുണ്ട്.
രഞ്‌ജി ട്രോഫിയുടെ 2022-23 സീസണില്‍ ആറ് മത്സരങ്ങളില്‍ നിന്നും 92.66 ശരാശരിയില്‍ 556 റണ്‍സാണ് സര്‍ഫറാസ് ഖാന്‍ നേടിയത്. മൂന്ന് സെഞ്ചുറികള്‍ ഉള്‍പ്പെടെയായിരുന്നു 25-കാരന്‍റെ പ്രകടനം. 2021-22 സീസണിലാവട്ടെ 122.75 ശരാശരയില്‍ 982 റണ്‍സായിരുന്നു താരം അടിച്ച് കൂട്ടിയത്. നാല് സെഞ്ചുറികളായിരുന്നു സീസണില്‍ സര്‍ഫറാസിന്‍റെ ബാറ്റില്‍ നിന്നും പിറന്നത്.
ഇത്രയും മികച്ച പ്രകടനം നടത്തിയിട്ടും സര്‍ഫറാസിനോടുള്ള ബിസിസിഐയുടെ അവഗണന തുടര്‍ക്കഥയാവുകയാണ്. മറുവശത്താവട്ടെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളോടാണ് ബിസിസിഐ താത്‌പര്യം കാണിക്കുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ രൂക്ഷ വിമര്‍ശനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ ഇതിഹാസ ബാറ്റര്‍ സുനില്‍ ഗവാസ്‌കര്‍.
ഇന്ത്യന്‍ ടീമിലേക്ക് എത്താന്‍ സർഫറാസ് മറ്റെന്താണ് ചെയ്യേണ്ടതെന്ന് തനിക്ക് അറിയില്ലെന്നാണ് 73-കാരനായ സുനില്‍ ഗവാസ്‌കർ പറയുന്നത്. ഇങ്ങനെയാണെങ്കില്‍ രഞ്‌ജി കളിക്കുന്നത് അവസാനിപ്പിക്കുന്നതാവും നല്ലതെന്നും ഇതിഹാസ താരം അഭിപ്രായപ്പെട്ടു.
ALSO READ: സര്‍ഫറാസ് വല്ല കുറ്റവും ചെയ്‌തോ, ഉണ്ടെങ്കില്‍ അത് പരസ്യമാക്കൂ..; സെലക്‌ടര്‍മാര്‍ക്കെതിരെ ആകാശ് ചോപ്ര
"ആഭ്യന്തര ക്രിക്കറ്റിന്‍റെ കഴിഞ്ഞ മൂന്ന് സീസണില്‍ 100-ന് മുകളില്‍ ശരാശരിയിലാണ് സര്‍ഫറാസ് ഖാന്‍ റണ്‍സടിച്ച് കൂട്ടിയത്. ഇന്ത്യന്‍ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെടാന്‍ ഇനിയും എന്താണ് അവന്‍ ചെയ്യേണ്ടത്. അവൻ പ്ലേയിങ് ഇലവനിൽ ഇല്ലായിരിക്കാം, പക്ഷേ നിങ്ങൾക്ക് അവനെ ടീമിൽ എടുക്കാമായിരുന്നു.
അതുവഴി അവന്‍റെ പ്രകടനങ്ങൾ അംഗീകരിക്കപ്പെടുന്നുവെന്ന് നിങ്ങള്‍ക്ക് പറയാമായിരുന്നു. അല്ലെങ്കില്‍, രഞ്ജി ട്രോഫി കളിക്കുന്നത് നിർത്തുന്നതാവും നല്ലത്. അതുകൊണ്ട് പ്രയോജനമില്ലെന്നും, ഐപിഎൽ കളിക്കാനും അവിടുത്തെ പ്രകടനം കൊണ്ട് റെഡ് ബോളില്‍ കളിക്കാന്‍ കഴിയുമെന്നും നിങ്ങള്‍ തുറന്ന് പറയുക", ഗവാസ്‌കര്‍ പറഞ്ഞു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് സ്‌ക്വാഡിലേക്ക് സര്‍ഫറാസ് ഖാന് വിളിയെത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടത്. വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയ്‌ക്ക് പകരമാവും മുംബൈ താരമായ സര്‍ഫറാസ് എത്തുകയെന്നായിരുന്നു റിപ്പോര്‍ട്ട്. ടീം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ പുജാര പുറത്തായി. എന്നാല്‍ ഐപിഎല്ലിലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ റിതുരാജ് ഗെയ്‌ക്‌വാദിനെയാണ് സെലക്ടര്‍മാര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്.
ഇന്ത്യയുടെ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, യശസ്വി ജയ്‌സ്വാൾ, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ആർ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, അക്‌സർ പട്ടേൽ, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജയ്ദേവ് ഉനദ്‌ഘട്ട്, നവ്ദീപ് സൈനി.