അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പ് സെമിഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ നേരിടാന്‍ ഇന്ത്യ ഇന്നിറങ്ങുകയാണ്. ഇന്ത്യന്‍ ടീമില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും കാര്യമായ മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്കോ റിഷഭ് പന്തോ എന്നറിയാന്‍ ടോസ് വരെ കാത്തിരിക്കണം.
ഇതിനിടെ നിര്‍ണായക മത്സരത്തില്‍ അക്‌സര്‍ പട്ടേലിന് പകരം മറ്റൊരു താരത്തെ ഇന്ത്യ കളിപ്പിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. കളിച്ച മത്സരങ്ങളില്‍ കാര്യമായ സംഭാവന ചെയ്യാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് താരത്തെ മാറ്റണമെന്ന ആവശ്യം ഗവാസ്‌കര്‍ ഉന്നയിച്ചത്. അക്‌സറിന് പകരക്കാരനായി ഒരു അധിക ബാറ്ററേയൊ ബോളറായി ഹര്‍ഷല്‍ പട്ടേലിനെയോ കളിപ്പിക്കണമെന്നാണ് മുന്‍ താരത്തിന്‍റെ ആവശ്യം.
ഇന്ത്യന്‍ ടീം അവരുടെ ബോളിങ്ങിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. രണ്ട് സ്‌പിന്നര്‍മാര്‍ക്ക് പകരം ഒരു ബാറ്ററെ കളിപ്പിച്ച് ടീമിന്‍റെ ബാറ്റിങ് കരുത്ത് വര്‍ധിപ്പിക്കാന്‍ ശ്രമിക്കണം. ഹാര്‍ദിക് പാണ്ഡ്യ മികച്ച രീതിയില്‍ ഇപ്പോള്‍ പന്തെറിയുന്നുണ്ട്.
അതുകൊണ്ട് തന്നെ അഞ്ചാം ബോളറായി ഹാര്‍ദികിനെ പരിഗണിക്കാം. ബൗണ്ടറിയിലേയ്ക്കുള്ള നീളം കുറവായതിനാല്‍ രണ്ട് സ്‌പിന്നര്‍മാര്‍ക്ക് പകരം ഒരാളെ കളിപ്പിക്കുന്നതാകും ഉചിതം. ബാറ്റര്‍ക്ക് പകരം ബോളറെ തന്നെ കളിപ്പിക്കാനാണ് തീരുമാനമെങ്കില്‍ ഹര്‍ഷല്‍ പട്ടേലിന് അവസരം നല്‍കണമെന്നും സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.
ഇതുവരെ കളിച്ച മത്സരങ്ങളില്‍ 1-2 ഓവറുകള്‍ മാത്രമാണ് അക്‌സര്‍ പട്ടേല്‍ എറിഞ്ഞത്. മുഴുവന്‍ ഓവറുകളും എറിയിക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് അക്‌സറിനെ ടീമിലെടുക്കുന്നത്. 7-ാം നമ്പറില്‍ റണ്‍സ് കണ്ടെത്താനും അവന് സാധിക്കുന്നില്ല.
അദ്ദേഹം മികച്ച ഒരു താരമാണ്. വെസ്റ്റ് ഇന്‍ഡീസില്‍ ഉള്‍പ്പെടെ അക്‌സര്‍ പുറത്തെടുത്ത പ്രകടനം നമ്മള്‍ കണ്ടിരുന്നു. അദ്ദേഹത്തെ പോലൊരു താരത്തെ വിശ്വസിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ മറ്റൊരാളെ തെരഞ്ഞെടുക്കുന്നതാകും നല്ലതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ടി20 ലോകകപ്പ്: പാകിസ്ഥാന്‍റെ എതിരാളികളെ ഇന്നറിയാം, ഇന്ത്യ - ഇംഗ്ലണ്ട് സെമി പോരാട്ടം ഉച്ചയ്‌ക്ക്