സെഞ്ചൂറിയന്‍:ദക്ഷിണാഫ്രിക്ക - ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ഇന്ന് ടോസ് വീഴും (South Africa vs India 1st Test). സെഞ്ചൂറിയനിലെ സൂപ്പര്‍ സ്പോര്‍ട് പാര്‍ക്കില്‍ (SuperSport Park Stadium) ഇന്ത്യന്‍ സമയം ഉച്ചയ്‌ക്ക് ഒന്നരയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. പ്രോട്ടീസ് മണ്ണില്‍ ആദ്യ ടെസ്റ്റ് പരമ്പര വിജയം തേടിയാണ് രോഹിത് ശര്‍മയും സംഘവും ഇറങ്ങാനൊരുങ്ങുന്നത്.
1992 മുതല്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. ഒരിക്കല്‍ പോലും ദക്ഷിണാഫ്രിക്കയുടെ മണ്ണില്‍ വിജയക്കൊടി പാറിക്കാന്‍ ടീം ഇന്ത്യയ്‌ക്കായിട്ടില്ല. 2021-22 ല്‍ നടത്തിയ പര്യടനത്തില്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-1നാണ് ഇന്ത്യന്‍ ടീം കൈവിട്ടത്.
എംഎസ് ധോണി (MS Dhoni), വിരാട് കോലി (Virat Kohli) ഉള്‍പ്പടെ വിവിധ ക്യാപ്‌റ്റന്മാരുടെ നേതൃത്വത്തില്‍ 22 മത്സരങ്ങള്‍ ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കളിച്ചിട്ടുണ്ട്. അതില്‍ ആകെ നാല് ജയം മാത്രമാണ് ഇന്ത്യയ്‌ക്ക് നേടാന്‍ സാധിച്ചിട്ടുള്ളത്. രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) കീഴില്‍ ടീം ഇന്ത്യ പുതിയ ചരിത്രം തിരുത്തിക്കുറിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
ഇത്തവണ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിന് ശേഷം രണ്ടാം മത്സരം ജനുവരി മൂന്നിനാണ് തുടങ്ങുക (South Africa vs India 2nd Test). കേപ്‌ടൗണിലെ ന്യൂലാന്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിലാണ് (Newlands Cricket Ground) ഈ മത്സരം.
ലോകകപ്പ് ഫൈനലിലെ തോല്‍വിക്ക് ശേഷം ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, പേസര്‍ ജസ്‌പ്രീത് ബുംറ (Jasprit Bumrah) എന്നിവര്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്ന മത്സരത്തിന് കൂടിയാണ് ഇന്ന് തുടക്കമാകുന്നത്. മൂവര്‍ക്കും നേരത്തെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20, ഏകദിന പരമ്പരകളില്‍ നിന്നും വിശ്രമം അനുവദിച്ചിരുന്നു. ഇവരുടെ മടങ്ങിവരവും പ്രതീക്ഷയോടെയാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ഇന്ത്യ ടെസ്റ്റ് സ്ക്വാഡ് (India Test Squad Against South Africa): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), യശസ്വി ജയ്‌സ്വാള്‍, ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍, കെഎസ് ഭരത്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശര്‍ദുല്‍ താക്കൂര്‍, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, പ്രസിദ് കൃഷ്‌ണ, അഭിമന്യൂ ഈശ്വരന്‍.
Also Read : ചരിത്രം പിറന്നു, ഓസീസിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ആദ്യ ജയം നേടി ഇന്ത്യന്‍ വനിതകള്‍