മുംബൈ: ബിസിസിഐ പ്രസിഡന്‍റായി ചുമതലയേറ്റെടുത്ത റോജര്‍ ബിന്നിയ്‌ക്ക് ആശംസയുമായി മുന്‍ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. പുതിയ ഭാരവാഹികള്‍ക്ക് നല്ല രീതിയില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കും. മികച്ച കരങ്ങളിലാണ് ബിസിസിഐ എത്തിയിരിക്കുന്നതെന്നും ഗാംഗുലി അഭിപ്രായപ്പെട്ടു.
'റോജര്‍ ബിന്നിക്ക് എല്ലാ ആശംസകളും നേരുന്നു. പുതിയ സംഘം ബോര്‍ഡിനെ നല്ലരീതിയില്‍ മുന്നോട്ട് കൊണ്ടുപോകും. ഇന്ത്യൻ ക്രിക്കറ്റ് ശക്തമാണ്, അതുകൊണ്ട് തന്നെ പുതിയ ഭാരവാഹികള്‍ക്ക് എല്ലാ ആശംസകളും നേരുന്നു', ഗാംഗുലി പറഞ്ഞു.
സൗരവ് ഗാംഗുലിക്ക് പകരക്കാരനായാണ് റോജര്‍ ബിന്നിയെ ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുത്തത്. ഒക്‌ടോബര്‍ 11ന് നടന്ന ബിസിസിഐ യോഗത്തിന് പിന്നാലെയായിരുന്നു ഗാംഗുലിയെ മാറ്റിനിര്‍ത്താനുള്ള നടപടി സ്വീകരിച്ചത്. തുടര്‍ന്ന് റോജര്‍ ബിന്നി മാത്രമാണ് അധ്യക്ഷ സ്ഥാനത്തേക്ക് നാമനിര്‍ദേശം സമര്‍പ്പിച്ചത്.
ജയ് ഷാ ബിസിസിഐ സെക്രട്ടറിയായി തുടരുന്ന സാഹചര്യത്തില്‍ സൗരവ് ഗാംഗുലിയെ ഒഴിവാക്കിയ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന ആരോപണം തൃണമൂല്‍ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. ഗാംഗുലിയെ ഐസിസി പാനലിലേക്ക് മത്സരിക്കാന്‍ അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിക്കുമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി കഴിഞ്ഞ ദിവസം വ്യക്തമാക്കി.
അതേസമയം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹിക്കുന്നതായി സൗരവ് നേരത്തെ മനസുതുറന്നിരുന്നു. ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നതിന് മുന്‍പ് അദ്ദേഹം ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റായാണ് പ്രവര്‍ത്തിച്ചിരുന്നത്. ഒക്‌ടോബര്‍ 31നാണ് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ യോഗവും തെരഞ്ഞെടുപ്പും.
ALSO READ: കളമൊഴിഞ്ഞ് ദാദ; റോജർ ബിന്നി ബിസിസിഐയുടെ പുതിയ പ്രസിഡന്‍റ്