ന്യൂഡല്‍ഹി: ന്യൂഡൽഹിയിൽ നടന്നുകൊണ്ടിരിക്കുന്ന ഗുസ്‌തിക്കാരുടെ പ്രതിഷേധത്തെക്കുറിച്ച് പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. സാഹചര്യം പരിഹരിക്കപ്പെടണമെന്നാണ് ഗാംഗുലി പറഞ്ഞിരിക്കുന്നത്. വിഷയത്തെക്കുറിച്ച് കൂടുതല്‍ ധാരണയില്ലെന്നും എന്നാല്‍ താരങ്ങളുടെ പ്രതിഷേധം തുടരട്ടെയെന്നുമാണ് ഗാംഗുലി പറഞ്ഞിരിക്കുന്നത്.
ഒരു പരിപാടിയില്‍ ഗാംഗുലി പറഞ്ഞ വാക്കുകള്‍ വീഡിയോ സഹിതം വാര്‍ത്ത ഏജന്‍സിയായ പിടിഐ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. "അവരുടെ പോരാട്ടം തുടരട്ടെ... അവിടെ എന്താണ് സംഭവിക്കുന്നതെന്ന് എനിക്കറിയില്ല, പത്രങ്ങളിൽ വായിച്ച അറിവേ എനിക്കുള്ളു. കായിക ലോകത്ത്, നിങ്ങൾക്ക് പൂർണമായ അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് സംസാരിക്കരുതെന്ന് ഞാന്‍ മനസിലാക്കിയ കാര്യമാണ്.
അത് പരിഹരിക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിരവധി മെഡലുകൾ നേടി രാജ്യത്തിന് അംഗീകാരങ്ങൾ നേടിക്കൊടുത്തവരാണവര്‍. അത് പരിഹരിക്കപ്പെടുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്", സൗരവ് ഗാംഗുലി ഒരു പരിപാടിയിൽ പറഞ്ഞു.
-
VIDEO | "Let them fight their battle. I don't know what's happening there, I just read in the newspapers. In the sports world, I realised one thing that you don't talk about things you don't have complete knowledge of," says @SGanguly99 on wrestlers' protest. pic.twitter.com/NjsaipIkyr
— Press Trust of India (@PTI_News) May 5, 2023 " class="align-text-top noRightClick twitterSection" data="
">VIDEO | "Let them fight their battle. I don't know what's happening there, I just read in the newspapers. In the sports world, I realised one thing that you don't talk about things you don't have complete knowledge of," says @SGanguly99 on wrestlers' protest. pic.twitter.com/NjsaipIkyr
— Press Trust of India (@PTI_News) May 5, 2023VIDEO | "Let them fight their battle. I don't know what's happening there, I just read in the newspapers. In the sports world, I realised one thing that you don't talk about things you don't have complete knowledge of," says @SGanguly99 on wrestlers' protest. pic.twitter.com/NjsaipIkyr
— Press Trust of India (@PTI_News) May 5, 2023
റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) പ്രസിഡന്‍റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാതിക്രമം ഉള്‍പ്പെടെയുള്ള കുറ്റത്തിന് നപടി ആവശ്യപ്പെട്ട് ഏപ്രില്‍ 23 മുതലാണ് ജന്തര്‍മന്തറില്‍ ഗുസ്‌തി താരങ്ങള്‍ വീണ്ടും സമരം ആരംഭിച്ചത്. ബിജെപി എംപി കൂടിയായ ബ്രിജ് ഭൂഷണെതിരെ സാമ്പത്തിക ക്രമക്കേടുകള്‍ക്കും താരങ്ങള്‍ ആരോപിക്കുന്നുണ്ട്.
ബ്രിജ് ഭൂഷണെതിരെ ഈ വര്‍ഷം ജനുവരിയില്‍ തുടങ്ങിയ ഗുസ്‌തി താരങ്ങളുടെ സമരം ഒരു ഇടവേളയ്‌ക്ക് ശേഷമാണ് വീണ്ടും ആരംഭിച്ചിരിക്കുന്നത്. നേരത്തെ പരാതി അന്വേഷിക്കുമെന്നും നടപടിയുണ്ടാവുമെന്ന ഉറപ്പ് ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം താരങ്ങള്‍ സമരം അവസാനിപ്പിച്ചത്. എന്നാല്‍ അധികൃതര്‍ നല്‍കിയ വാക്കുപാലിക്കപ്പെടാതിരുന്നതോടെയാണ് മൂന്ന് മാസത്തിന് ശേഷം വീണ്ടും താരങ്ങള്‍ സമരം പുനരാരംഭിച്ചിരിക്കുന്നത്.
സമ്മര്‍ദം ശക്തമായതോടെ ബ്രിജ്ഭൂഷണെതിരെ പോക്‌സോ വകുപ്പുകളടക്കം ചുമത്തി കേസെടുത്തിരുന്നുവെങ്കിലും അറസ്റ്റുള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടായിട്ടില്ല. ഇതോടെ നീതി ലഭിക്കാതെ പിന്നോട്ടില്ലെന്നാണ് ഗുസ്‌തി താരങ്ങളുടെ നിലപാട്. കായിക താരങ്ങള്‍ ആദ്യം സമരത്തിനിറങ്ങിയപ്പോള്‍ നീതി ഉറപ്പാക്കാന്‍ ശരിയായ അന്വേഷണമുണ്ടാവുമെന്ന് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്‍ (ഐഒഎ) അധ്യക്ഷ പിടി ഉഷ പറഞ്ഞിരുന്നു.
ആരോപണങ്ങള്‍ ഉത്കണ്ഠാജനകവും അസ്വസ്ഥതപ്പെടുത്തുന്നതുമാണ്. രാജ്യത്തെ വനിത കായികതാരങ്ങളുടെ താത്‌പര്യം സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നായിരുന്നു അവര്‍ പ്രസ്‌താവനയില്‍ പ്രതികരിച്ചത്. എന്നാല്‍ വീണ്ടും സമരത്തിനിറങ്ങിയ താരങ്ങളെ പിന്നീട് തള്ളിപ്പറഞ്ഞ ഉഷ കടുത്ത വിമര്‍ശനങ്ങള്‍ നേരിടുകയാണ്.
ഗുസ്‌തി താരങ്ങള്‍ കുറച്ച് അച്ചടക്കം കാണിക്കണമായിരുന്നുവെന്നായിരുന്നു ഉഷ പറഞ്ഞത്. ഗുസ്‌തി താരങ്ങളുടെ തെരുവിലെ പ്രതിഷേധം രാജ്യത്തിന്‍റെ പ്രതിഛായക്ക് മങ്ങലേൽപ്പിച്ചു. ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരെ ലൈംഗികാരോപണവുമായി തെരുവിലിറങ്ങുന്നതിന് പകരം അധികൃതരെ നേരത്തെ സമീപിക്കേണ്ടതായിരുന്നു.
ലൈംഗിക പീഡന പരാതികൾ കൈകാര്യം ചെയ്യാൻ ഐഒഎ ഒരു കമ്മിറ്റിയുണ്ട്. തെരുവിലിറങ്ങുന്നതിന് പകരം ഞങ്ങളെ സമീപിക്കാമായിരുന്നു. കായിക മേഖലയ്ക്ക് ഈ രീതി നല്ലതല്ലെന്നുമായിരുന്ന ഉഷ പറഞ്ഞത്. വാക്കുകള്‍ വിവാദമായതിന് പിന്നാലെ സമരം ചെയ്യുന്ന താരങ്ങളെക്കാണാന്‍ ഉഷ ജന്തര്‍മന്തറില്‍ എത്തിയിരുന്നു. ഇവിടെ വച്ച് ചില പ്രതിഷേധങ്ങളും അവര്‍ക്ക് നേരിടേണ്ടി വന്നു.