കേപ് ടൗണ്‍ : ഇന്ത്യയുടെ ടെസ്റ്റ് ടീം നായകസ്ഥാനം വിരമിച്ച വിരാട് കോലിക്ക് ആശംസകള്‍ നേര്‍ന്ന് ഹൃദയസ്‌പർശിയായ കുറിപ്പുമായി പേസർ മുഹമ്മദ് സിറാജ്. തന്‍റെ ഇൻസ്റ്റഗ്രാമിലൂടെയാണ് കോലിയെക്കുറിച്ച് സിറാജ് വാചാലനായത്. കോലിയാണ് തന്‍റെ എക്കാലത്തെയും നായകനും, സൂപ്പർഹീറോയുമെന്ന് സിറാജ് കുറിച്ചു.
'എന്‍റെ സൂപ്പർ ഹീറോയോട്, നിങ്ങള്‍ തന്ന പിന്തുണയ്‌ക്കും പ്രചോദനത്തിനും എത്ര നന്ദിപറഞ്ഞാലും മതിയാവില്ല. എക്കാലവും എന്‍റെ മൂത്ത സഹോദരനായിരിക്കും നിങ്ങള്‍. ഇക്കാലമത്രയും എന്നില്‍ വിശ്വാസമര്‍പ്പിച്ചതിന് നന്ദിയറിയിക്കുന്നു. എന്‍റെ ഏറ്റവും മോശം കാലത്ത് നല്ലത് കണ്ടതിനും നന്ദി. കിംഗ് കോലി, നിങ്ങളായിരിക്കും എന്നും എന്‍റെ ക്യാപ്റ്റന്‍'- സിറാജ് കുറിച്ചു.
ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്‍റെ താരമായിരുന്ന സിറാജിനെ കോലിയാണ് വളർത്തിക്കൊണ്ടുവന്നത്. കോലിയുടെ കീഴിലാണ് താരം ടെസ്റ്റ്, ഏകദിന, ടി20 ക്രിക്കറ്റുകളിൽ അരങ്ങേറ്റം കുറിച്ചത്. ഒരു കാലത്ത് ചെണ്ട എന്ന വിളിപ്പേരുണ്ടായിരുന്ന താരത്തെ ഇന്നത്തെ സിറാജാക്കി മാറ്റിയതിൽ കോലി വഹിച്ച പങ്ക് വളരെ വലുതാണ്.
ALSO READ: ഐപിഎല്‍: വീശിയത് കോടികള്‍; ലേലത്തിനെ മൂന്ന് താരങ്ങളെ സ്വന്തമാക്കി അഹമ്മദാബാദ്
കഴിഞ്ഞ ദിവസമാണ് ടെസ്റ്റ് ക്രിക്കറ്റിന്‍റെ നായകസ്ഥാനത്ത് നിന്ന് കോലി അവിചാരിതമായി വിരമിക്കൽ പ്രഖ്യാപിച്ചത്. ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര തോൽവിക്ക് പിന്നാലെയായിരുന്നു താരത്തിന്‍റെ രാജി.
ഇന്ത്യ ടെസ്റ്റിൽ ഏറ്റവുമധികം വിജയം നേടിയത് കോലിയുടെ ക്യാപ്‌റ്റൻസിക്ക് കീഴിലാണ്. നയിച്ച 68 ടെസ്റ്റുകളിൽ 40 എണ്ണത്തിൽ വിജയം നേടിത്തരാൻ കോലിക്കായി. 58.82 ആണ് കോലിയുടെ ടെസ്റ്റിലെ വിജയശതമാനം.