ലഖ്‌നൗ : ലോക ക്രിക്കറ്റില്‍ 'ചേസ് മാസ്റ്റര്‍' എന്ന വിളിപ്പേരിന് കൂടി ഉടമയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി (Virat Kohli). വിരാട് കോലിയുടെ ചേസിങ് മികവില്‍ നിരവധി മത്സരങ്ങളില്‍ ടീം ഇന്ത്യയ്‌ക്ക് ജയിക്കാനായിട്ടുണ്ട്. ഈ ലോകകപ്പിലും (Cricket World Cup 2023) റണ്‍സ് പിന്തുടരുന്നതില്‍ കോലിയുടെ മികവ് നാം കണ്ടതാണ്.
ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തില്‍ തുടക്കത്തില്‍ ഇന്ത്യയ്‌ക്ക് മൂന്ന് വിക്കറ്റ് നഷ്‌ടമായ മത്സരത്തില്‍ ഒരുവശത്ത് നിലയുറപ്പിച്ച് ടീമിനെ ജയത്തിന് അരികിലെത്തിക്കാന്‍ കോലിക്കായിരുന്നു. പിന്നീട്, ബംഗ്ലാദേശിനെതിരെ സെഞ്ച്വറിയും ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ കോലി 95 റണ്‍സ് നേടിയതും വിജയലക്ഷ്യം പിന്തുടരുന്നതിനിടെയാണ്. ചേസിങ്ങില്‍ മികച്ച റെക്കോഡുള്ള വിരാട് കോലിയ്‌ക്ക് പ്രശംസയുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ് ന്യൂസിലന്‍ഡിന്‍റെ മുന്‍ താരവും കമന്‍റേറ്ററുമായ സൈമണ്‍ ഡൗള്‍ (Simon Doull Heap Praise On Virat Kohli).
'ഏതൊരു പ്രതിസന്ധി ഘട്ടത്തിലും തന്‍റെ മനസിനെയും ബാറ്റിങ്ങിനെയും നിയന്ത്രിക്കാന്‍ പ്രത്യേക കഴിവുള്ള താരമാണ് വിരാട് കോലി. റണ്‍ ചേസിങ്ങില്‍ 90ന് മുകളിലാണ് വിരാട് കോലിയുടെ ശരാശരി. ക്രിക്കറ്റിലെ തന്നെ ചില മികച്ച താരങ്ങളെ നോക്കിയാല്‍ അവര്‍ക്കെല്ലാം തന്നെ 50, 54, 55 എന്നിങ്ങനെയാണ് ചേസിങ്ങില്‍ ബാറ്റിങ് ശരാശരിവരുന്നത്. സച്ചിന്‍, കാലിസ് എന്നിവരെല്ലാം തന്നെ ഇക്കാര്യത്തില്‍ കോലിയേക്കാള്‍ ഏറെ പിന്നിലാണ്. റണ്‍ ചേസില്‍ 40ന് മുകളില്‍ ബാറ്റിങ് ആവറേജ് നിലനിര്‍ത്തുക എന്നത് തന്നെ വളരെ അസാധാരണമായൊരു കാര്യമാണ്' -സൈമണ്‍ ഡൗള്‍ പറഞ്ഞു.
Also Read : Virat Kohli And Run Chases In ODI: റണ്‍ചേസിലെ 'ഒരേയൊരു രാജാവ്', ദി റിയല്‍ 'ചേസ് മാസ്റ്റര്‍' വിരാട് കോലി
റണ്‍ ചേസിങ്ങില്‍ മികച്ച റെക്കോഡുള്ള താരമാണ് വിരാട് കോലി. കോലി എത്തിയ ശേഷം ഇതേവരെ ഇന്ത്യ റണ്‍ ചേസ് ചെയ്‌ത് വിജയിച്ച 102 ഏകദിന മത്സരങ്ങളില്‍ 90.40 ആണ് താരത്തിന്‍റെ ബാറ്റിങ് ശരാശരി. ഇത്രയും മത്സരങ്ങളില്‍ നിന്നും 5786 റണ്‍സും കോലി അടിച്ചെടുത്തിട്ടുണ്ട്. കോലിയുടെ ഏകദിന കരിയറിലെ 23 സെഞ്ച്വറികളും 25 അര്‍ധസെഞ്ച്വറികളും പിറന്നതും റണ്‍ ചേസിങ്ങിനിടെയാണ് (Virat Kohli Stats In ODI Successful Run Chase).
ഈ ലോകകപ്പില്‍ ഇന്ത്യയ്‌ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവും വിരാട് കോലിയാണ്. ലോകകപ്പില്‍ ഇതുവരെയുള്ള അഞ്ച് മത്സരവും കളിച്ച കോലി 118 ബാറ്റിങ് ശരാശരിയില്‍ 354 റണ്‍സ് നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയുമാണ് കോലി ലോകകപ്പില്‍ ഇതുവരെ സ്വന്തമാക്കിയിട്ടുള്ളത് (Virat Kohli Stats In Cricket World Cup 2023).